Tuesday 23 June 2015

111.Sleepless Night

Sleepless Night "Nuit blanche" (original title) (2011) : A Relentless French Action Thriller.  



Language: French
Genre: Action - Crime - Thriller
Director: Frédéric Jardin
Writers: Frédéric Jardin, Nicolas Saada 
Stars: Tomer Sisley, Serge Riaboukine, Julien Boisselier |

മികച്ച ഫ്രഞ്ച് ചിത്രങ്ങള്‍ അന്വേഷിക്കുന്നതിനിടയിലാണ്  കമലഹാസന്‍റെ ഏറ്റവും പുതുതായി അന്നൌന്‍സ് ചെയ്ത തൂങ്കാവനം എന്ന ചിത്രം ഫ്രഞ്ച് ചിത്രമായ Sleepless Night ന്‍റെ റിമേക്ക് ആണെന്ന്‍ അറിയുന്നത്. മാത്രമല്ല Jamie Fox നായകനായി ഇതിന്‍റെ ഹോളിവുഡ് ചിത്രവും വരുന്നുണ്ട് എന്നറിയാന്‍ കഴിഞ്ഞു...
  
ഫ്രഞ്ച് പോലിസ് ഉദ്യോഗസ്ഥനായ വിന്‍സന്റും സഹപ്രവര്‍ത്തകന്‍ മാനുവലും ചേര്‍ന്ന്‍ മുഖമുടി ധരിച്ച് മയക്കുമരുന്ന് കൊള്ളയടിക്കുന്നിടത്ത് നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്... അവര്‍ മോഷ്ട്ടിച്ച മയക്കുമരുന്ന് നൈറ്റ്‌ ക്ലബ്ബിന്റെ മറവില്‍ മയക്കുമരുന്നിന്റെ വലിയൊരു വില്പന തന്നെ നടത്തിയിരുന്ന മാര്‍സിയാനോയുടെതായിരുന്നു... ഏറെ വൈകാതെ തന്നെ മാര്‍സിയാനോ വിന്സന്റിന്റെ മകനെ തട്ടികൊണ്ട് പോകുന്നു... വിന്സന്റിനു മുന്നില്‍ രാത്രിവരെ സമയമുള്ളു, മയക്കുമരുന്ന് അടങ്ങിയ ബാഗ് ജോസിനെ ഏല്‍പ്പിച്ചു തന്‍റെ മകനെ രക്ഷിക്കാന്‍... എന്നാല്‍ മയക്കുമരുന്ന് അടങ്ങിയ ബാഗ് അപ്രത്യക്ഷമാവുന്നതോടെ കാര്യങ്ങള്‍ വിന്‍സന്റിന്റെ കൈവിട്ടു പോകുന്നു...

മയക്കുമരുന്ന് അടങ്ങിയ ബാഗ് എങ്ങോട്ടാണ് അപ്രത്യക്ഷമായത് ? ഇനി എന്താണ് വിന്സന്റിനും മകനും സംഭവിക്കുക ഇതൊക്കെയാണ് ചിത്രത്തിന്‍റെ ബാക്കി  ഭാഗം പറയുന്നത്...

തുടക്കം മുതല്‍ അവസാനം വരെ അത്യധികം ഉത്തേകജനകമായ ഒരു ആക്ഷന്‍ ത്രില്ലെറാണ് Sleepless Night... Die Hard പോലെയുള്ള ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിട്ടുള്ളത്... ചിത്രത്തിന്‍റെ 90 ശതമാനം രംഗങ്ങളും ഒരു നൈറ്റ്‌ ക്ലബിനകത്താണ് ചിത്രീകരിചിട്ടുള്ളത്  എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ  ഹൈലൈറ്റ്...

വളരെ മികച്ച രീതിയില്‍ തന്നെയാണ് തിരകഥാകൃത്തും  സംവിധായകനുമായ Frederic Jardin ചിത്രം അണിയിചൊരുക്കിയിട്ടുള്ളത്... കേട്ട് പരിചയിച്ച ഒരു കഥയെ വളരെ മികച്ച രീതിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പശ്ചാത്തലത്തില്‍ വളരെ ഭംഗിയായി അണിയിചൊരുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു... വിന്‍സന്റായി തിളങ്ങിയ  Tomer Sisley തന്നെയാണ് അദ്ദേഹത്തിന്റെ ആക്ഷന്‍ രംഗങ്ങളും കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്...

എടുത്ത് പറയേണ്ട മറ്റ് പ്രകടനങ്ങള്‍ Serge Riaboukine, Lizzie Brocheré, Samy Seghir എന്നിവരുടെതാണ്...

Toronto International Film Festival,   Tribeca Film Festival എന്നിവടങ്ങളില്‍ നിന്നെല്ലാം തന്നെ മികച്ച നിരൂപക പ്രശംസയും ഈ ചിത്രം നേടിയെടുക്കുകയുണ്ടായി...

ചുരുക്കത്തില്‍ ഒന്നരമണിക്കൂര്‍ നന്നായി ആസ്വദിക്കാന്‍ കഴിയുന്ന ഒരു ആക്ഷന്‍ ത്രില്ലറാണ് Sleepless Night...  ആക്ഷന്‍ ചിത്രങ്ങളുടെ പ്രേമികള്‍ക്ക് ഒരു വിരുന്ന്‍ തന്നെയായിരിക്കും ഈ ചിത്രം എന്നതില്‍ തെല്ലും സംശയമില്ല...

Sunday 21 June 2015

110.Leader

Leader (2010) : A Must Watch Telugu Political Thriller.



Language: Telugu
Genre: Political Thriller
Director: Sekhar Kammula
Writer: Sekhar Kammula
Stars: Rana Daggubati, Richa Gangopadhyay, Priya Anand 


മസാല ചിത്രങ്ങള്‍ക്ക് പേര് കേട്ട തെലുഗു സിനിമയില്‍ നിന്നും  അത്തരം ചേരുവകളൊന്നുമില്ലാതെ വന്ന ഒരു മികച്ച പൊളിറ്റിക്കല്‍ ത്രില്ലറാണ് 2010ല്‍  Sekhar Kammula യുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ Leader... 

മുഖ്യമന്ത്രി സന്ജീവൈയ്യ ബോംബ്‌ ആക്രമണത്തെ തുടര്‍ന്ന്‍ അതീവഗുരുതരമായ പരുക്കുകളോടെ  ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നിടത്തു നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്... ഒരു തിരിച്ചുവരവ്‌ അദ്ദേഹത്തിന് അസാധ്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നതോടെ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള ചരടുവലികളും മറ്റും തുടങ്ങുന്നു... അദ്ദേഹത്തിന്റെ ബന്ധുവും ഗുണ്ടയുമായ ധനന്ജയ് ആയിരിക്കും അടുത്ത മുഖ്യമന്ത്രി എന്നത് ഏറെ കുറെ ഉറപ്പായി കഴിഞ്ഞിരുന്നു എന്നാല്‍ മരിക്കുന്നതിനു തൊട്ട് മുന്‍പ് ബോധം വീണ്ടെടുത്ത സന്ജീവൈയ്യ അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ മകന്‍ അര്‍ജുനോട് അടുത്ത മുഖ്യമന്ത്രിയാവാന്‍ ആവശ്യപെടുന്നു... 

മികച്ച ഭരണം കാഴ്ചവെക്കണം എന്നാഗ്രഹത്തോടെ രാഷ്ട്രിയത്തിലേക്ക് എത്തിയ അച്ഛന്‍ പിന്നീടു അഴിമതിക്ക് അടിമയായി പോവുകയായിരുന്നു എന്ന്‍ അമ്മയില്‍ നിന്നും തിരിച്ചറിയുന്ന അര്‍ജുന്‍ അച്ഛന്‍ ഉണ്ടാക്കി വെച്ച കളങ്കം മാറ്റുന്നതിനും നല്ലൊരു ഭരണം കാഴ്ച വെക്കണം എന്നാഗ്രഹത്തോടെയും മന്ത്രിപദം ഏറ്റെടുക്കാന്‍ തീരുമാനിക്കുന്നു... 

തുടര്‍ന്ന്‍ അരങ്ങേറുന്ന സംഭവ ബഹുലമായ സന്ദര്‍ഭങ്ങളിലൂടെയാണ് ചിത്രം കടന്ന്‍ പോകുന്നത്...

ജാതിയുടെയും മതത്തിന്‍റെയും പേരില്‍ ജനങ്ങളോട് ഭരണവര്‍ഗം കാണിക്കുന്ന അവഗണനയും , അധികാരത്തിനും പണത്തിനും വേണ്ടി  രാഷ്ട്രിയക്കാര്‍ ചെയ്തു കൂട്ടുന്ന നെറികേടുകളും എല്ലാം വളരെ ശക്തമായി തന്നെ പ്രദിപാതിചിരിക്കുന്ന ഒരു മികച്ച പൊളിറ്റിക്കല്‍ ത്രില്ലെറാണ് ഈ ചിത്രം...

ഈ ചിത്രം കണ്ടപ്പോള്‍ ഓര്‍മ്മയിലേക്ക് ആദ്യമെത്തിയത് ശങ്കര്‍ 1999ല്‍ അര്‍ജുനെ നായകനാക്കി അണിയിച്ചൊരുക്കിയ മുതല്‍വന്‍ എന്ന ചിത്രമാണ്, എന്നാല്‍ അതിനേക്കാള്‍ വളരെ ശക്തമായൊരു തിരകഥയാണ് ലിഡറിന്റെത്... ശക്തമായ സംഭാഷണങ്ങള്‍, മനസ്സിനെ വല്ലാതെ സ്പര്‍ശിക്കുന്ന രംഗങ്ങള്‍, മാറി മാറി വരുന്ന രാഷ്ട്രിയക്കാരെ കൊണ്ട് മടുത്ത സാധാരണക്കാരുടെ അവസ്ഥയെ തുറന്ന്‍ കാണിക്കുന്ന രംഗങ്ങള്‍ എല്ലാം ഈ ചിത്രത്തെ മുതല്‍വനേക്കാള്‍ ഒരുപടി മുന്നിലെത്തിക്കുന്നു... സംവിധായകനായ  Sekhar Kammula തന്നെയായിരുന്നു ചിത്രത്തിന്‍റെ തിരകഥയും രചിച്ചത്...  മസാല ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞു നില്‍ക്കുന്ന തെലുഗു സിനിമകള്‍ക്ക് ഒരപവാദമാണ് ഈ ചിത്രം...

Rana Daggubati, Richa Gangopadhyay എന്നിവരുടെ ആദ്യ ചിത്രമായിരുന്നു ലീഡര്‍ എന്നാല്‍ പോലും വളരെ മികച്ച രീതിയില്‍ തന്നെ ഇരുവരും തങ്ങളുടെ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്... എടുത്ത് പറയേണ്ട മറ്റൊരു പ്രകടനം സുഹാസിനിയുടെതാണ്. രാജേശ്വരി ദേവിയായുള്ള അവരുടെ പ്രകടനം അവരുടെ തന്നെ പഴയകാല ചിത്രമായ സമുഹത്തിലെ രാജലക്ഷ്മിയെ ഓര്‍മിപ്പിച്ചു...

ചുരുക്കത്തില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു മികച്ച തെലുഗു പൊളിറ്റിക്കല്‍ ത്രില്ലെറാണ് ലീഡര്‍...

Saturday 20 June 2015

109.Nine Queens

Nine Queens "Nueve reinas" (original title) (2000) : An Engaging Crime Drama.


Language: Spanish
Genre: Crime - Drama
Director: Fabián Bielinsky
Writer: Fabián Bielinsky
Stars: Ricardo Darín, Gastón Pauls, Leticia Brédice

കണ്‍വിനിയന്‍സ് സ്റ്റോറിലെ ക്യാഷിയറെ അതിവിധക്തമായി കബിളിപ്പിച്ചു പണം തട്ടി എടുക്കുന്ന Juan ഷിഫ്റ്റ്‌ മാറിയതറിഞ്ഞു ഒരിക്കല്‍ കൂടെ അവിടെ നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പിടിക്കപ്പെടുന്നു. ഇതെല്ലാം മാറിനിന്നു നിരീക്ഷിക്കുകയായിരുന്ന Marcos ഉടനെ തന്നെ താനൊരു പോലിസ് ഉദ്യോഗസ്ഥനാണെന്ന്‍ പറഞ്ഞു കൊണ്ട് ജുവാനെ അവിടെ നിന്നും രക്ഷപെടുത്തുന്നു... സ്റ്റോറില്‍ നിന്നും വളരെയധികം അകലെ എത്തിയതിനു ശേഷം താനും നിന്നെ പോലെയൊരു കള്ളന്‍ ആണെന്ന് മാര്‍ക്കോസ് ജുവാനോട് പറയുന്നു, അതോടൊപ്പം തന്നോടൊപ്പം ചേരാനും മാര്‍ക്കോസ് ജുവാനെ ക്ഷണിക്കുന്നു... ആദ്യം താല്‍പര്യം കാണിക്കാത്ത ജുവാന്‍ പിന്നീടു ഒരു ദിവസത്തേക്ക് മാത്രം എന്ന വെവസ്ഥയില്‍ മാര്‍ക്കൊസിനോടൊപ്പം ചേരുന്നു... ഏറെ വൈകാതെ തന്നെ വളരെ വലിയൊരു അവസരം അവരെ തേടി എത്തുന്നു... മാര്‍ക്കോസിന്റെ പഴയകാല സുഹ്രത്തായ സാന്ഡ്ലര്‍ വളരെയധികം വിലപിടിപ്പുള്ള  അപൂര്‍വമായി മാത്രം ലഭിക്കുന്ന The Nine Queens എന്ന സ്ടാമ്പിന്റെ താന്‍ കൃതിമമായി ഉണ്ടാക്കിയ രൂപം വില്‍ക്കാന്‍ അവരെ ഏല്‍പ്പിക്കുന്നു... സ്റ്റാമ്പ്‌ വില്‍ക്കാനുള്ള ഇവരുടെ ശ്രമങ്ങളും അതിനിടയില്‍ അപ്രതീക്ഷിതമായി ഉണ്ടാവുന്ന സംഭവങ്ങളുമായി കഥ മുന്‍പോട്ടു പോകുമ്പോള്‍ സംശയത്തിന്‍റെ നിഴലില്‍ നില്‍ക്കുന്ന പല കഥാപാത്രങ്ങളും ചിത്രത്തിലേക്ക് കടന്ന്‍ വരുന്നു... കള്ളന്‍മാരും പോക്കറ്റടികാരും എന്ന്‍ വേണ്ട മാര്‍ക്കോസിന്റെ സഹോദരി വലേറിയ അവരുടെ ഇളയ സഹോദരന്‍ ഫെടറിക്കോ എന്നിവരും ഇതില്‍ ഉള്‍പെടുന്നു... ചതിയും വഞ്ചനയുമെല്ലാം ഒരു പര്‍വതം പോലെ കുന്ന്‍ കൂടുമ്പോള്‍ ആര് ആരെയാണ് കബളിപ്പിക്കുന്നത് എന്ന്‍ മനസിലാക്കാന്‍ സാധിക്കാതെ വരുന്നു...

ഒരു മികച്ച  സ്പാനിഷ്‌ ക്രൈം ഡ്രാമ അതാണ്‌  Fabián Bielinsky തിരകഥ എഴുതി  സംവിധാനം ചെയ്ത Nine Queens...  ഇതിന്‍റെ റിമേക്ക് ആയിരുന്നു 2009ല്‍ കുഞ്ചാക്കോ ബോബന്‍, ജയസുര്യ എന്നിവര്‍ നായകന്മാരായി എത്തിയ Gulumaal: The Escape. കഥയില്‍ വളരെ ചെറിയ മാറ്റങ്ങള്‍ വരുത്തി, ആവശ്യമില്ലാത്ത രംഗങ്ങളും ചേര്‍ത്ത്  വി. കെ. പ്രകാശ്‌ ഗുലുമാല്‍ ഒരുക്കിയപ്പോള്‍ ഒരു മികച്ച ചിത്രത്തിന്‍റെ ശരാശരിയിലും താഴേ നില്‍ക്കുന്ന റിമേക്ക്  ആയി അത് മാറി... അത്തരം മാറ്റങ്ങളൊന്നും തന്നെയില്ലാതെ അന്ന്‍ ഈ ചിത്രം ഒരുക്കിയിരുന്നതെങ്കില്‍ ഒരുപക്ഷെ മലയാളത്തിലെ ഏറ്റവും മികച്ച ക്രൈം ഡ്രാമ ചിത്രങ്ങളില്‍ ഒന്നായി ഗുലുമാല്‍ മാറിയേനെ...

Ricardo Darín, Gastón Pauls, Leticia Brédice എന്നിവരുടെ മികച്ച പ്രകടനങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഈ സ്പാനിഷ്‌ ചിത്രം മികച്ച ക്രൈം ചിത്രങ്ങള്‍ ഇഷ്ടപെടുന്നവര്‍ക്ക് ഒരു വിരുന്നായിരിക്കും എന്നത് തീര്‍ച്ച...

Tuesday 16 June 2015

108.Han Gong-Ju

Han Gong-Ju (2013) : This One Will Break Your Heart.



Language: Korean
Genre: Drama
Director: Su-jin Lee
Writer: Su-jin Lee
Stars: Chun Woo-hee, In-seon Jeong, So-Young Kim 


ചില ചിത്രങ്ങള്‍ കണ്ടു കഴിഞ്ഞതിനു ശേഷവും നമ്മെ വല്ലാതെ വേട്ടയാടാറുണ്ട്. അതിനു കാരണങ്ങള്‍ പലതുമാവാം. ചിലപ്പോള്‍ അത് പങ്കുവെക്കുന്ന ആശയമോ, നമുക്ക് നല്‍കുന്ന സന്ദേശമോ,  അതും അല്ലെങ്കില്‍ അതിലെ ഏതെങ്കിലും ഒരു കഥാപാത്രവുമാവാം  നമ്മെ വേട്ടയാടുന്നത്... ഇത്തരം ചിത്രങ്ങളുടെ ശ്രേണിയിലേക്ക് ചേര്‍ക്കാവുന്ന ചിത്രമാണ് നവാഗത സംവിധായകനായ Lee Su-jin  അണിയിച്ചൊരുക്കി 2013ല്‍ പുറത്തിറക്കിയ Han Gong-ju...

2004ല്‍ സൗത്ത് കൊറിയയെ മുഴുവന്‍ ഞെട്ടിച്ച ഒരു യഥാര്‍ത്ഥ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് Lee Su-jin ഈ ചിത്രം ഒരുക്കിയിട്ടുള്ളത്...

ഹൈസ്ക്കൂള്‍ വിദ്യാര്‍ഥിയായ Han Gong Ju വിനെ സ്കൂളില്‍ ഉണ്ടായ ചില ഗുരുതര പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍  പെട്ടന്ന്‍ തന്നെ പുതിയൊരു ജില്ലയിലേക്ക് മാറ്റി താമസിപ്പിക്കുകയാണ്‌... അവളുടെ അദ്ധ്യാപകന്‍  അയാളുടെ അമ്മയുടെ വീട്ടില്‍ അവളെ താമസിപ്പിക്കുകയും അവിടുത്തെ നല്ലൊരു സ്കൂളില്‍ അവള്‍ക്ക് അഡ്മിഷന്‍ ശരിയാക്കി കൊടുക്കുകയും ചെയ്യുന്നു... എന്തിനാണ് ഇവളെ തന്‍റെയടുത്ത് നിര്‍ത്തുന്നത് എന്ന്‍ അദ്ധ്യാപകനോട്‌ അയാളുടെ അമ്മ ചോദിക്കുമ്പോള്‍ ഒരാഴ്ച മാത്രമേ അവള്‍ അവിടെ കാണുകയുള്ളൂ എന്ന്‍ അയാള്‍ മറുപടി പറയുന്നു...

കഴിഞ്ഞ സംഭവങ്ങളെയെല്ലാം മറന്ന്‍ പുതിയൊരു ജീവിതം പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്ന Han Gong Ju വിനെ അവളുടെ ഭൂതകാലം വിടാതെ പിന്തുടരുന്നു മാത്രവുമല്ല എല്ലാവരോടും ഒരു അകല്‍ച്ച പാലിക്കുന്ന അവളുടെ സ്വഭാവം അവളുടെ സഹപാഠികളില്‍ പലരിലും കൗതുകവും  അതുപോലെ ആശ്ച്ചര്യവും ഉണര്‍ത്തുന്നു... അവളോട്‌ കൂടുതല്‍ അടുക്കാന്‍ അവര്‍ ശ്രമിക്കുമ്പോഴെല്ലാം Han Gong Ju അവരില്‍ നിന്നും കൂടുതല്‍ അകലാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്...

എന്താണ് Han Gong Ju വിനു സംഭവിച്ചത് ? ഇത്രമാത്രം  അവളെ വെട്ടയാടുവാന്‍ മാത്രം അവളുടെ സ്കൂള്‍ ജീവിതത്തില്‍ എന്താണ് സംഭവിച്ചത് ? ഇതെല്ലാമാണ് ചിത്രത്തിന്‍റെ ബാക്കി ഭാഗം പറയുന്നത്...

Han Gong Ju ഭൂതകാലത്തിലുടെയും  വര്‍ത്തമാനകാലത്തിലുടെയും ഒരുപോലെ വളരെയധികം മനോഹരമായ രീതിയില്‍ ചിത്രം സഞ്ചരിക്കുന്നു... പ്രേക്ഷകനെ ചിത്രത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുനതും കഥപറയുന്നതില്‍ പുലര്‍ത്തിയിരിക്കുന്ന ഈ വെത്യസ്തതയാണ്...

നേരത്തെ പറഞ്ഞപോലെ  2004ല്‍ സൗത്ത് കൊറിയയെ മുഴുവന്‍ ഞെട്ടിച്ച ഒരു യഥാര്‍ത്ഥ സംഭവമാണ് ഈ ചിത്രത്തിന്‍റെ പശ്ചാത്തലം എന്ന തിരിച്ചറിവ് നമ്മെ വല്ലാതെ വേട്ടയാടും. Han Gong Ju എന്ന പെണ്‍കുട്ടിയുടെ ജീവിതത്തില്‍ സംഭവിച്ച ധാരുണ കൃത്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ നടന്നതാണ്എന്ന തിരിച്ചറിവ് അത്ര പെട്ടന്നൊന്നും നമ്മുടെ മനസ്സില്‍ നിന്നും വിട്ടു പോവില്ല...

Lee Su-jin ഭാവിയില്‍ ഇദ്ദേഹത്തില്‍ നിന്നും മികച്ച പല ചിത്രങ്ങളും നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്‌ അത്രയധികം മികവോടെയാണ് തന്‍റെ ആദ്യ ചിത്രം Lee Su-jin അണിയിച്ചൊരുക്കിയിട്ടുള്ളത്... മികച്ച ചിത്രത്തിനുള്ള ഒട്ടേറെ പുരസ്കാരങ്ങള്‍ ചിത്രത്തിനു ലഭിക്കുകയും ചെയ്തു...

പ്രകടനങ്ങളുടെ കാര്യത്തില്‍ എടുത്ത് പറയേണ്ടത്  Han Gong Ju വിനെ അവതരിപ്പിച്ച Chun Woo-hee വിന്‍റെ പ്രകടനമാണ്. തനിക്ക് സംഭവിച്ച ദുരന്തത്തെ തുടര്‍ന്ന്‍ മാനസികമായി തളര്‍ന്ന്‍ പോയ ഹൈസ്കൂള്‍ വിദ്യാര്‍ഥി  ആയി വളരെ മികവുറ്റ അഭിനയമാണ് അവര്‍ കാഴ്ചവെച്ചിട്ടുള്ളത്‌... മികച്ച നടിക്കുള്ള ആ വര്‍ഷത്തെ നിരവധി പുരസ്കാരങ്ങള്‍ അവരെ തേടിയെത്തുകയും ചെയ്തു...

പ്രദര്‍ശിപ്പിച്ച അന്തര്‍ദേശിയ ഫിലിം ഫെസ്റ്റിവെല്ലുകളില്‍ എല്ലാം തന്നെ പുരസ്കാരങ്ങളും നിരൂപക പ്രശംസയും ഏറെ ഏറ്റുവാങ്ങിയിരുന്നു Han Gong Ju.  ബുസാന്‍ ഇന്റര്‍നാഷണല്‍  ഫിലിം ഫെസ്റ്റിവലില്‍ നിന്നും CGV Movie Collage Award, Citizen Reviewers' Award,  Marrakech ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നും  ഗോള്‍ഡന്‍ സ്റ്റാര്‍ അവാര്‍ഡ്‌ എന്നിവ ഇതില്‍ ഉള്‍പെടുന്നു...

ചുരുക്കത്തില്‍ മികച്ചൊരു സിനിമ അനുഭവം ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും ഈ ചിത്രം കണ്ടിരിക്കുക...

Monday 15 June 2015

107.The Unknown Woman

The Unknown Woman "La sconosciuta" (original title) (2006) A Beautifully Crafted Psychological Thriller - Mystery Movie From The Director Of Cinema Paradiso & Malena.



Language: Italian
Genre:  Psychological Thriller - Mystery - Drama 
Director: Giuseppe Tornatore
Writers: Giuseppe Tornatore, Massimo De Rita 
Stars: Kseniya Rappoport, Michele Placido, Claudia Gerini, Clara Dossena 

ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ഭൂതകാലത്തിന്‍റെ ഓര്‍മകള്‍ വേട്ടയാടുന്ന മനസ്സുമായി ഉക്രൈനില്‍ നിന്നും ഇറ്റലിയിലേക്ക് ഇറിന എത്തിയത് ചില ഉദ്ദേശലക്ഷ്യങ്ങളോടെ ആയിരുന്നു... ഇറ്റലിയിലെ ധനികരായ Adacher ദമ്പതികളുടെ കുടുംബത്തിലേക്ക് നുഴഞ്ഞു കയറാനുള്ള ശ്രമംങ്ങള്‍ ഇറിന ആരംഭിക്കുന്നു... അവരുടെ കുടുംബത്തെ യഥാസമയത്തും വീക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ അവള്‍ തന്‍റെ താമസ സ്ഥലം കണ്ടെത്തുകയും തുടര്‍ന്ന്‍ അവരുടെ വീട്ടു വേലകാരിയായ ജിനയുമായി സൗഹൃദം നടിക്കുകയും അവരെ തന്ത്രപൂര്‍വ്വം അകപെടുത്തുകയും ചെയ്യുന്നു.. പിന്നീടു  ജിനയ്ക്ക് പകരക്കാരിയായി ഇറിന ആ കുടുംബത്തിലേക്ക് കടന്ന്‍ ചെല്ലുന്നു... ഏറെ വൈകാതെ തന്നെ Adacher ദമ്പതികളുടെ വിശ്വാസതയും അവരുടെ കൊച്ചുമകള്‍ തിയയുടെ പ്രീതിയും സ്നേഹവും അവള്‍ പിടിച്ചുപറ്റുന്നു... പല കഷണങ്ങളായി ചിതറി കിടക്കുന്ന  ഒരു കടുങ്കഥയുടെ ഉത്തരം കണ്ടെത്തുന്നത് പോലെ Adacher ദമ്പതികളുടെ ജീവിതത്തിലെ പല രഹസ്യങ്ങളും കണ്ടെത്താനുള്ള ശ്രമങ്ങളില്‍ ഏര്‍പെടുന്ന ഇറിയെയാണ് പിന്നീടു കാണുന്നത്... ഒരു കടങ്കഥ പോലെ നിഗൂഡതകള്‍ നിറഞ്ഞു കിടക്കുന്ന ഇറിനയുടെ ഭൂതകാലവും പതുക്കെ പതുക്കെ മറനീക്കി പുറത്ത് വരാന്‍ തുടങ്ങുന്നു...

Adacher ദമ്പതികളും ഇറിനയും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ ? എന്തിനാണവള്‍ അവര്‍ക്കിടയിലേക്ക് കടന്ന്‍ വന്നത്... അവളെ വേട്ടയാടുന്ന ഭൂതകാല ഓര്‍മകളുടെ അര്‍ത്ഥമെന്താണ് ?ഇതിനെല്ലാമുള്ള ഉത്തരമാണ് ചിത്രത്തിന്‍റെ ബാക്കി ഭാഗം പ്രേക്ഷകനു നല്‍കുന്നത്...

ഇറിന എന്ന നിഗൂഡതകള്‍ നിറഞ്ഞ സ്ത്രിയുടെ ഭൂതകാലത്തിലേക്ക് വെളിച്ചം വീശുകയും അതുവഴി അവര്‍ ഇറ്റലിയില്‍ വന്നെത്തിയതിന്റെ ഉദ്ദേശലക്ഷ്യങ്ങളുടെ സത്യാവസ്ഥയിലേക്കും പ്രേക്ഷകരെ കൊണ്ട് പോവുകയാണ്
The Unknown Woman...  അവസാന നിമിഷം വരെ ചുരുളഴിയാത്ത ഒരു രഹസ്യമായി ഇറിന എന്ന സ്ത്രി ചിത്രത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്നു...

സിനിമ പാരടൈസൊ, മെലിന തുടങ്ങിയ  മികച്ച ചിത്രങ്ങള്‍ ഒരുക്കിയ ഇറ്റാലിയന്‍ സംവിധായകനായ Giuseppe Tornatore യുടെ മറ്റൊരു മികച്ച ചിത്രമാണ് The Unknown Woman. ഒരു മികച്ച സൈക്കോളജിക്കല്‍ ത്രില്ലര്‍ മിസ്റ്ററി ചിത്രമാണ് Giuseppe Tornatore ഒരുക്കിയിരിക്കുന്നത്...  അവസാന ഭാഗം വരെയും ഇറിന എന്ന സ്ത്രിയെ ചിത്രത്തിന്‍റെ പേര് പോലെ ഒരു അജ്ഞാത സ്ത്രിയായി നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു... ചിത്രത്തിന്‍റെ വിജയവും അത് തന്നെയാണ്... തന്‍റെ മറ്റ് ചിത്രങ്ങളെ പോലെ തന്നെ ഈ ചിത്രത്തിന്റെയും കഥയും Giuseppeയുടേത് തന്നെയാണ്... Massimo De Rita യാണ് തിരകഥ ഒരുക്കിയിട്ടുള്ളത്...

റഷ്യന്‍ അഭിനയത്രി Kseniya Rappoport ഇറിനയെ അവിസ്മരണീയമാക്കി എന്ന്‍ തന്നെ പറയാം അത്രയധികം മികവുറ്റതായിരുന്നു അവരുടെ അഭിനയം. 2006ലെ മികച്ച നടിക്കുള്ള ഇറ്റാലിയന്‍ അക്കാദമി  പുരസ്കാരവും അവര്‍ നേടിയെടുക്കുക ഉണ്ടായി. എടുത്ത് പറയേണ്ട മറ്റൊരു പ്രകടനം തിയ എന്ന കൊച്ചു കുട്ടിയെ അവതരിപ്പിച്ച Clara Dossenaയുടെതാണ്, ഭാവിയില്‍ ചിലപ്പോള്‍ വളരെ മികച്ചൊരു അഭിനയത്രിയായി ഈ കുട്ടി മാറിയേല്‍ക്കാം...

ചുരുക്കത്തില്‍ മികച്ച സൈക്കോളജിക്കല്‍ ത്രില്ലര്‍ - മിസ്റ്ററി ചിത്രങ്ങള്‍ ഇഷ്ടപെടുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഈ ചിത്രം കാണുക...