Wednesday 30 December 2015

133.Marley & Me

Marley & Me (2008) : Life and Love with the World's Worst Dog.



Language: English
Genre: Comedy Drama
Director: David Frankel
Writers: Scott Frank (screenplay), Don Roos (screenplay) John Grogan (book)
Stars: Owen Wilson, Jennifer Aniston, Eric Dane


പ്രശസ്ഥ അമേരിക്കന്‍ പത്രലേഖകനും, എഴുത്തു കാരനുമായ  John Grogan തന്‍റെ പ്രിയപ്പെട്ട നായ മാര്‍ലിയോടും കുടുംബത്തോടും ഒത്ത് ചിലവിട്ട 13 വര്‍ഷത്തെകുറിച്ചെഴുതിയ Marley & Me: Life and Love with the World's Worst Dog എന്ന പേരില്‍ 2005ല്‍ പുറത്തിറങ്ങിയ ആത്മകഥയുടെ ചലച്ചിത്രാവിഷ്കാരമാണ്  Scott Frank, Don Roos എന്നിവരുടെ തിരകഥയില്‍ David Frankel അണിയിച്ചൊരുക്കി 2008ല്‍ പുറത്തിറങ്ങിയ Marley & Me.

തങ്ങളുടെ വിവാഹ ശേഷം പത്രപ്രവര്‍ത്തകരായ ജോണും, ജെന്നിഫറും ഫ്ലോറിഡയിലേക്ക് താമസം മാറുന്നു. തന്‍റെ ജീവിതത്തിലെ ഓരോ ഘട്ടവും, ജീവിതത്തില്‍ തനിക്ക് വേണ്ട കാര്യങ്ങളും എല്ലാം മുന്‍കൂട്ടി തൈയ്യറാക്കി അതുനുസരിച്ച് ജീവിതത്തെ മുന്പോട്ട് കൊണ്ട് പോകുന്ന ജെനിയുടെ സ്വഭാവം അവസാനിപ്പിക്കാന്‍ ജോണ്‍ അവള്‍ക്ക് തീര്‍ത്തും ഒരു നായകുട്ടിയെ സമ്മാനമായി നല്‍കുന്നു. അവര്‍ അവന് മാര്‍ലി എന്ന്‍ പേരിടുന്നു. അങ്ങേയറ്റം കുസൃതി നിറഞ്ഞവനും, ഒട്ടും അനുസരണയുമില്ലാത്ത ഒരു നായയായി മാര്‍ലി വളരുന്നു. മാര്‍ലിയുടെ കൊമാളിതരങ്ങളും, വിചിത്രമായ സ്വഭാവരീതിയുമെല്ലാം ജോണിന് തന്‍റെ പത്രപംക്തിയില്‍ സ്ഥിരമായി എഴുതാനുള്ള സംഭവങ്ങളായി തീരുന്നു.  കുട്ടികളുമറ്റുമായി മുന്‍പത്തേക്കാള്‍ പക്വതയാര്‍ന്ന ജോണും ജെന്നിഫറും ജീവിതത്തില്‍ മുന്‍പോട്ടു പോകുമ്പോള്‍ ലോകത്തെ ഏറ്റവും തോന്നിവാസിയായ നായയായി മാര്‍ലി അവരുടെയെല്ലാം ക്ഷമ പരീക്ഷിച്ചു കൊണ്ടേയിരുന്നു...


ഒരു കോമഡി ഡ്രാമ എന്നതിനെക്കാള്‍ കമിംഗ് ഓഫ് ഏജ് ജോണാറില്‍ ഉള്‍പ്പെടുത്താവുന്ന മികച്ചൊരു  ചിത്രമാണ്  Marley & Me. ഇവിടെ വിവാഹത്തിലൂടെ ജീവിതത്തിന്‍റെ പുതിയ ഘട്ടത്തിലേക്കുള്ള യാത്ര ആരംഭിച്ച ജോണിന്‍റെയും, ജെന്നിഫറുടെയും കൊച്ചു കുടുംബത്തിലേക്ക് ആദ്യമായി കടന്ന്‍ വന്ന അംഗമാണ് മാര്‍ലി അവിടുന്നങ്ങോട്ട് അവരുടെ ജീവിതത്തിലെ ഓരോ സുപ്രധാന ഘട്ടങ്ങളിലും അവന്‍ അവരോടുത്ത് ഉണ്ട്. ഒരല്‍പം പോലും അനുസരണയില്ലാത്ത ഈ നായയോടൊത്ത് ജോണും ജെനിയും വളരുകയാണ്... കല്യാണം കഴിഞ്ഞ ഏതൊരു ദമ്പതിമാരും കടന്ന്‍ പോകുന്ന ഉയര്‍ച്ച താഴ്ചകളിലൂടെ ഇവരും കടന്ന്‍ പോകുന്നുണ്ട് ഓരോ ഘട്ടത്തിലും പഠിക്കേണ്ട പാഠങ്ങളും മനസിലാക്കി അവര്‍ മുന്പോട്ട് പോകുമ്പോഴൊക്കെ അവരുടെ ക്ഷമയെ പരീക്ഷിക്കാനായി മാര്‍ലി അവന്‍റെ കുസൃതികളുമായി അവരോടൊപ്പമുണ്ടായിരുന്നു...


സാധാരണ ഇത്തരം ചിത്രങ്ങള്‍ ഒന്നുകില്‍ നായയെ കുറിച്ച് മാത്രമോ അല്ലെങ്കില്‍ നായയും അവന്‍റെ യജമാനനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മാത്രമോ പ്രതിപാദിച്ചു കടന്ന്‍ പോകുമ്പോള്‍, വിവാഹ ശേഷമുള്ള ഗ്രോഗന്‍ ദമ്പതികളുടെ ജീവിതത്തിലെ സുപ്രധാനമായ ഇരുപത് വര്‍ഷങ്ങളിലൂടെ കടന്ന്‍ പോവുകയും അവരുടെ ജീവിതത്തില്‍ മാര്‍ലി എന്ന നായക്ക് ഉണ്ടായ സ്ഥാനത്തെ കുറിച്ചും വളരെ ഭംഗിയായി അവതരിപ്പിച്ച് കൊണ്ട് ഈ ജോണറില്‍ വരുന്ന മറ്റ് ചിത്രങ്ങളില്‍ നിന്നും ഏറെ വെത്യസ്ഥമാവുന്നു Marley & Me. 

Owen Wilson, Jennifer Aniston  എന്നിവരാണ് ജോണും, ജെന്നിഫറുംമായി പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക്‌ എത്തിയിരിക്കുന്നത് ഇരുവരും തങ്ങളുടെ കഥാപാത്രങ്ങളെ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. തന്‍റെ സ്വപ്നങ്ങളെ മാറ്റിവെച്ചു നല്ലൊരു ഭര്‍ത്താവും, അച്ചനുമെല്ലാം ആയി ജീവിക്കാന്‍ തീരുമാനിച്ച ജോണ്‍ Owen Wilsonന്‍റെ കൈകളില്‍ ഭദ്രമായിരുന്നു. തന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് ജോണിന്‍റെ പ്രിയ ഭാര്യ ജെനിയായി Jennifer Aniston  കാഴ്ചവെച്ചിരിക്കുന്നത്.


ചുരുക്കത്തില്‍ ഇത്തരം ചിത്രങ്ങളുടെ ആരാധകര്‍ക്കും, മൃഗ സ്നേഹികള്‍ക്കും ഒക്കെ വളരെ നന്നായി ആസ്വദിക്കാവുന്ന ചിത്രമാണ്  Marley & Me.

"A dog has no use for fancy cars or big homes or designer clothes. Status symbol means nothing to him. A waterlogged stick will do just fine. A dog judges others not by their color or creed or class but by who they are inside. A dog doesn't care if you are rich or poor, educated or illiterate, clever or dull. Give him your heart and he will give you his. It was really quite simple, and yet we humans, so much wiser and more sophisticated, have always had trouble figuring out what really counts and what does not." 

Monday 28 December 2015

132.United 93


United 93 (2006) : Really Hard To Go Throguh It, But It's A Must Watch.




Language: English
Genre: Drama
Director: Paul Greengrass
Writer: Paul Greengrass
Stars: David Alan Basche, Olivia Thirlby, Liza Colón-Zayas


സെപ്റ്റംബര്‍ 11, 2001 ലോകജനതയ്ക്ക് പ്രത്യേകിച്ചും അമേരിക്കന്‍ ജനതയ്ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ദിനമാണ്. അമേരിക്കയുടെ അഭിമാനമായി നില കൊണ്ടിരുന്ന വേള്‍ഡ് ട്രേഡ് സെന്‍റിന്റെ ഇരു ഗോപുരങ്ങളിലേക്കും,അമേരിക്കന്‍ പ്രതിരോധ കേന്ദ്രാസ്ത്താനമായ പെന്റഗണിലേക്കും അല്‍ഖൈയ്ദ നടത്തിയ ഭീകരാക്രമണം, 2996 മനുഷ്യ ജീവനുകളാണ് അപഹരിച്ചത്.  അമേരിക്കയുടെ കിഴക്ക് തീരത്ത് നിന്നും കാലിഫോര്‍ണിയയിലേക്ക് പറന്നുയര്‍ന്ന നാല് വിമാനങ്ങള്‍ ഹൈജാക്ക് ചെയ്തായിരുന്നു അല്‍ഖൈയ്ദ ആക്രമണം അഴിച്ചുവിട്ടത്. അപഹരിച്ച മൂന്ന് വിമാനങ്ങളും ലക്‌ഷ്യം കണ്ടപ്പോള്‍ യാത്രക്കാരുടെ ശക്തമായ ചെറുത്ത് നില്‍പ്പിനെ തുടര്‍ന്ന്‍ ലക്‌ഷ്യം കാണാതെ പോയ വിമാനമായിരുന്നു United Airlines Flight 93. അന്നേ ദിവസം യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ അരങ്ങേറിയ സംഭവങ്ങളുടെ ദ്രിശ്യാവിഷ്കാരമാണ്  2006ല്‍ Paul Greengrass ന്‍റെ സംവിധാനത്തില്‍ പുറത്ത് വന്ന United 93 എന്ന ചിത്രം.

സെപ്റ്റംബര്‍ 11, 2001ല്‍ രണ്ടു അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനങ്ങളും, സ്വകാര്യ യുണൈറ്റഡ് എയര്‍ലൈന്‍സിന്‍റെ രണ്ടു വിമാനങ്ങളും തീവ്രവാദികള്‍ ഹൈജാക്ക് ചെയ്യുന്നു, രണ്ടു വിമാനങ്ങള്‍ വേള്‍ഡ് ട്രേഡ് സെന്‍റിന്റെ ഇരു ഗോപുരങ്ങളിലേക്കും, മറ്റൊന്ന്‍ പെന്റഗണിലേക്കും ഇടിച്ചു കയറിയതിനെ തുടര്‍ന്ന്‍ യുണൈറ്റഡ് ഫ്ലൈറ്റ് 93 ലെ യാത്രകാരും, എയര്‍ഹോസ്റ്റസ്സുകള്‍ അടക്കമുള്ള മറ്റ് ജോലിക്കാരും ചേര്‍ന്ന്‍ തീവ്രവാദികളില്‍ നിന്നും വിമാനത്തിന്‍റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു... തീവ്രവാദികളില്‍ നിന്നും നിയന്ത്രണം പിടിച്ചെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുമോ ? എന്താണ് അതിനുള്ള അവരുടെ പദ്ധതി ? ഇതെല്ലാമാണ് ചിത്രത്തിന്‍റെ ബാക്കി ഭാഗം നമ്മോട് പറയുന്നത്...

SPOILER ALERT - അടുത്ത ഖണ്‌ഡിക സെപ്റ്റംബര്‍ 11, 2001 ആക്രമണത്തെക്കുറിച്ച് വിശദമായി അറിയാവുന്നവര്‍ മാത്രം വായിക്കുക.

ഒരു മികച്ച കലാസൃഷ്ട്ടി എന്നല്ലാതെ ഈ ചിത്രത്തെ വിശേഷിപ്പികാനവില്ല, അത്ര മികവോടെയാണ് സംവിധായകന്‍ Paul Greengrass ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്... യാത്രക്കാര് ആരും തന്നെ ജീവനോടെ ഇല്ലാത്ത സാഹചര്യത്തില്‍ അന്ന്‍ ആ വിമാനത്തില്‍ അരങ്ങേറിയ സംഭവങ്ങള്‍ ദ്രിശ്യവല്‍ക്കരിക്കുക എന്നത് വളരെയേറെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്, യാത്രക്കാരുടെ ബന്ധുമിത്രാധികളില്‍ നിന്നും ലഭിച്ച വിവരണങ്ങള്‍ മാത്രമാണ് ചിത്രമൊരുക്കുന്നതില്‍ പ്രധാനമായും അവര്‍ക്ക് സഹായമായി ഉണ്ടായിരുന്നത്. ഈ വിവരങ്ങളിലൂടെ ഓരോ യാത്രക്കാരന്‍റെ മാനസികാവസ്ഥയും, വിമാനത്തില്‍ അരങ്ങേറിയ സംഭവങ്ങളെയും കഴിയുന്നത്രയും യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്ന്‍ നില്‍ക്കുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിരിക്കുകയാണ്   സംവിധായകന്‍ പോള്‍... 



തുടക്കം മുതല്‍ അവസാനം വരെ വിമാനത്തിലെ ഓരോ യാത്രക്കാരനും അനുഭവിച്ച മാനസിക പിരിമുറുക്കങ്ങളിലൂടെ പ്രേക്ഷകനെയും കൊണ്ടുപോകുവാന്‍ ചിത്രത്തിന് സാധിച്ചിരിക്കുന്നു. അവരിലെ ഭയവും, ആശങ്കയും, ചിന്തകളുംമെല്ലാം പ്രേക്ഷകനും അനുഭവിക്കാന്‍ സാധിക്കുന്നു...

അഭിനയപ്രകടനങ്ങളെ കുറിച്ച് പറയുകയാണെങ്കില്‍ ചിത്രത്തിലെ ഓരോ അഭിനയതാവും ജീവിക്കുകയായിരുന്നു എന്ന്‍ തന്നെ പറയാം, അത്രമാനോഹരമായിരുന്നു ഓരോരൂത്തരുടേയും പ്രകടനം. ആരുടേയും പേരുകള്‍ എടുത്ത് പറയാന്‍ ഞാന്‍ നില്‍ക്കുന്നില്ല...

രണ്ടു അക്കാദമി അവാര്‍ഡ്‌ നാമനിര്‍ദേശമുള്‍പ്പടെ ഒട്ടേറെ നിരൂപ പ്രശംസയും അവാര്‍ഡുകളും ഈ ചിത്രം വാരികൂട്ടിയിരുന്നു,,,

കൂടുതല്‍ വലിച്ചു നീട്ടുന്നില്ല മികച്ചൊരു സിനിമ അനുഭവം നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ ചിത്രം കാണാതെ പോകരുത്...

Sunday 27 December 2015

131.Stardust

Stardust (2007) : Great Fantasy Entertainment



Language: English
Genre: Romantic Fantasy Adventure
Director: Matthew Vaughn
Writers: Jane Goldman (screenplay), Matthew Vaughn (screenplay), Neil Gaiman (novel)
Stars: Charlie Cox, Claire Danes, Sienna Miller

മുത്തശ്ശികഥകളില്‍ മാത്രം പറഞ്ഞ് കേടിട്ടുള്ള ദുര്‍മന്ത്രവാദികളും, യുണികോണ്‍ എന്നറിയപെടുന്ന ഒറ്റ കൊമ്പുള്ള കുതിരയും, പറക്കുന്ന കപ്പലുകളുമോക്കെയുള്ള ഭാവനയുടെ ഒരു മായ ലോകം പ്രേക്ഷകന് സമ്മാനിക്കുന്ന ഫാന്റസി ജോണറിലുള്ള ചിത്രങ്ങള്‍ എന്നും എനിക്ക് പ്രിയപ്പെട്ടതാണ്.  ഭാവനയുടെയും ദ്രിശ്യവിസ്മയത്തിന്റെയും പുതിയൊരു ലോകം തുറന്ന്‍ തരുന്ന അത്തരത്തിലുള്ളൊരു മികച്ച ചിത്രമാണ്  Neil Gaiman ന്‍റെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കി 2007ല്‍  Matthew Vaughn അണിയിച്ചൊരുക്കിയ Stardust...


സ്റ്റോംഹോള്‍ഡ്‌ എന്ന മായാ പ്രദേശത്തെക്ക് ചെന്നെതാനുള്ള ഏക വഴിയാണ് ഇംഗ്ലണ്ടിലെ ഗ്രാമത്തിന്‍റെ അതിര്‍മതിലിലുള്ള വിടവ്... 1800 ഉകളില്‍ തന്‍റെ പ്രണയിനിക്ക് കൊടുത്ത വാക്ക് പാലിക്കുന്നതിനായി ട്രിസ്റ്റന്‍ ആകാശത്തില്‍ നിന്നും വീണ നക്ഷത്രത്തെ തേടി ആ വിടവിലൂടെ സ്റ്റോംഹോള്‍ഡിലേക്ക് പോകുന്നു... Yvaine എന്ന കന്യകയും അതിസുന്ദരിയുമായ പെണ്‍കുട്ടിയായിരുന്നു ആകാശത്തില്‍ നിന്നും വീണ ആ നക്ഷത്രം... ട്രിസ്റ്റന്‍ മാത്രമായിരുന്നില്ല ആ നക്ഷത്രത്തെ തേടി നടന്നിരുന്നത്,  തങ്ങളുടെ യൗവനം വീണ്ടെടുക്കുന്നതിനായി ദുര്‍മന്ത്രവാധിനികളായ ലാമിയയും രണ്ടു സഹോദരികളും,  തങ്ങള്‍ക്ക് രാജ്യാധികാരം ലഭ്യമാക്കുന്ന Yvaine ന്‍റെ കൈവശമുള്ള മാണിക്യകല്ല് തേടി മരണപ്പെട്ട സ്റ്റോംഹോള്‍ഡ്‌ രാജാവിന്‍റെ ആണ്മക്കളും അവളുടെ പിറകെ ഉണ്ടായിരുന്നു... ഇവരെയെല്ലാം മറികടന്ന്‍ തന്‍റെ പ്രണയിനിക്ക് കൊടുത്ത വാക്ക് പാലിക്കുവാന്‍ ട്രിസ്റ്റന് സാധിക്കുമോ ?? ചിത്രം കണ്ട് തന്നെ അറിയുക...

നേരത്തെ പറഞ്ഞത് പോലെ തന്നെ ഭാവനയുടെയും ദ്രിശ്യവിസ്മയത്തിന്റെയും പുതിയൊരു ലോകം തുറന്ന്‍ തരുന്ന മികച്ചൊരു ഫാന്റസി ചിത്രമാണ് Stardust. Neil Gaiman ന്‍റെ അതിമനോഹരമായ കഥയെ   തിരകഥയാക്കി മാറ്റിയത് Jane Goldman ആയിരുന്നു, ഒരു ഫാന്റസി ചിത്രത്തെ സംബന്ധിചിടത്തോളം ആ ജോലി വളരെ ഭംഗിയായി തന്നെ അദ്ദേഹം നിര്‍വഹിച്ചിരിക്കുന്നു. മികച്ച ആക്ഷന്‍ രംഗങ്ങളും, അതുപോലെ തന്നെ മികവുറ്റ നര്‍മ്മ മുഹൂര്‍ത്തങ്ങളും കൊണ്ട്  സമ്പന്നമാണ് Stardust... 

ഇത്തരൊരു ചിത്രത്തില്‍ വലിയ അഭിനയമുഹൂര്‍ത്തങ്ങള്‍ക്ക് സ്ഥാനമില്ലെങ്കിലും, ദുര്‍മന്ത്രവാദിനി ലാമിയ ആയുള്ള Michelle Pfeiffer ന്‍റെയും, ക്യാപ്റ്റന്‍ ഷേയ്ക്ക്സ്പിയര്‍ ആയുള്ള Robert De Niro യുടെയും പ്രകടനം ഏറെ പ്രശംസ അര്‍ഹിക്കുന്നു. Charlie Cox , Claire Danes എന്നിവരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയായി തന്നെ ചെയ്തിരിക്കുന്നു... 

ചുരുക്കത്തില്‍ ഫാന്റസി ജോണറിലുള്ള ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് Stardust.

Wednesday 23 December 2015

130.Creed

Creed (2015) : The legend lives on...


Language: English
Genre: Sports Drama
Director: Ryan Coogler
Writers: Ryan Coogler (screenplay), Aaron Covington (screenplay), 2 more credits »
Stars: Michael B. Jordan, Sylvester Stallone, Tessa Thompson


സില്‍വസ്റ്റര്‍ സ്റ്റാലണ്‍ എന്ന നടന്‍റെ എക്കാലത്തെയും മികച്ച കഥാപാത്രമാണ് 'റോക്കി' സിനിമ പരമ്പരയിലെ  Rocky Balboa. 1976 മുതല്‍ 2006 കാലഘട്ടത്തിനിടയിലായി പുറത്തിറങ്ങിയ 6 ചിത്രങ്ങള്‍ Rocky Balboa എന്ന ബോക്സറുടെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളിലൂടെ കടന്ന്‍ പോകുന്നു. എക്കാലത്തെയും ഏറ്റവും മികച്ച സ്പോര്‍ട്സ് ചിത്രമായാണ് റോക്കി ചിത്രങ്ങളെ കണക്കാക്കുന്നത്.  ഇപ്പോള്‍ 9 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ Ryan Coogler 'Creed' എന്ന തന്‍റെ പുതിയ ചിത്രത്തിലൂടെ റോക്കി പരമ്പരയിലെ ഏഴാമത്തെ ചിത്രം പ്രേക്ഷകര്‍ക്ക് മുന്‍പിലേക്കെത്തിചിരിക്കുകയാണ്. 

Ryan Coogler, Aaron Covington എന്നിവര്‍ ചേര്‍ന്ന്‍ തിരകഥ ഒരുക്കിയ ചിത്രം റോക്കിയുടെ ഉറ്റ സുഹ്രത്തും അദ്ധേഹത്തിന്റെ  എതിരാളിയുമായിരുന്ന Apollo Creed ന്‍റെ മകന്‍ Adonis Johnson ന്‍റെയും അവന്‍റെ ട്രെയിനര്‍ ആയ റോക്കിയുടെയും  കഥയാണ് പറയുന്നത്... 

പ്രശസ്ഥ ബോക്സിംഗ് ചാമ്പ്യന്‍ ആയിരുന്ന അപ്പോളോ ക്രീഡിന്റെ മകനാണ് Adonis Johnson. അച്ഛന്റെ അതേ പാത പിന്തുടര്‍ന്ന്‍ ബോക്സിംഗ് ലേക്കെത്തുന്ന അഡോണിസ്  തന്നെ പരിശീലിപ്പിക്കുണം എന്ന ആവശ്യവുമായി തന്‍റെ അച്ഛന്റെ ഉറ്റ സുഹ്രത്തും, മുന്‍ ലോക ഹെവിവെയിറ്റ് ചാമ്പ്യനുമായിരുന്ന Rocky Balboa യെ സമീപിക്കുന്നു.  ബോക്സിംന്ഗില്‍ നിന്നും വിരമിച് സ്വസ്ഥ ജീവിതം നയിക്കുന്ന റോക്കി അഡോണിസിന്റെ നിരന്ധരമായ നിര്‍ബന്ധത്തെ തുടര്‍ന്ന്‍ അവനെ പരിശീലിപ്പിക്കാം എന്ന്‍ സമ്മതിക്കുന്നു. റോക്കിയുടെ കീഴില്‍ വൈകാതെ തന്നെ അഡോണിസ് പരിശീലനം ആരംഭിക്കുന്നു. വൈകാതെ തന്നെ തന്‍റെ അച്ഛന്‍ നേരിട്ടതിലും മാരകമായ എതിരാളികള്‍ അവനെ തേടി എത്തുന്നു.  എന്നാല്‍ Apollo Creed ന്‍റെ മകന്‍, Rocky Balboa യുടെ ശിഷ്യന്‍ എന്നതിലുപരി യഥാര്‍ത്ഥത്തില്‍ ജോണ്‍സന്‍ ഒരു പോരാളി ആണോ എന്നത് ഇനിയും കണ്ടറിയണം...

9 വര്‍ഷങ്ങള്‍ക്ക് ശേഷം റോക്കി പരമ്പരയിലെ പുതിയ ചിത്രമായി വന്ന Creed, പരമ്പരയിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു. സില്‍വസ്റ്റര്‍ സ്റ്റാലണ്‍ തിരകഥ രചിക്കാത്ത റോക്കി പരമ്പരയിലെ ആദ്യ ചിത്രം കൂടിയാണ് Creed. 1976ല്‍ പുറത്തിറങ്ങിയ ആദ്യ റോക്കി ചിത്രത്തിന്‍റെ കഥയുമായി ചെറിയ സാമ്യതകള്‍ ഈ ചിത്രത്തിനുണ്ട് ചില രംഗങ്ങള്‍ പ്രേക്ഷകനെ ആദ്യ റോക്കി ചിത്രത്തിന്‍റെ ഓര്‍മകളിലേക്കും കൂട്ടികൊണ്ട് പോകുന്നുണ്ട്...

പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും ഒരുപോലെ ഏറ്റുവാങ്ങിയ ആദ്യ ചിത്രം Fruitvale Station ന് ശേഷം Ryan Coogler സംവിധായകന്‍റെ കുപ്പായമണിഞ്ഞ രണ്ടാമത്തെ ചിത്രമാണ്‌ Creed. ചിത്രത്തിന്‍റെ കഥയും,  Aaron Covington നോടൊത്ത് തിരകഥ ഒരുക്കിയതും റയാന്‍ തന്നെയാണ്. റോക്കി പോലെ വളരെ വലിയൊരു ആരാധക വൃന്ദമുള്ള പരമ്പരയിലെ പുതിയ ചിത്രം ഒരുക്കുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞൊരു ദൗത്യമാണ്, എല്ലാവരുടെയും പ്രതീക്ഷകള്‍ക്ക് മുകളില്‍ നില്‍ക്കുന്നൊരു ചിത്രമൊരുക്കി റയാന്‍ ആ ദൗത്യം വളരെ മനോഹരമായി പൂര്‍ത്തികരിചിരിക്കുന്നു.

അഡോണിസ് ജോണ്‍സനായി Michael B. Jordan വളരെ മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. തന്‍റെ അച്ഛന്റെ നിഴലില്‍ നിന്നും പുറത്ത് കടന്ന്‍ തന്‍റെതായൊരു നാമം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന അഡോണിസിനെ വളരെ മനോഹരമായി അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. തന്‍റെ എക്കാലത്തെയും മികച്ച കഥാപാത്രമായി വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ സ്റ്റാലണ്‍ അത്യുജ്വലമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. അദ്ദേഹത്തിലെ നടനെ ഒരിക്കല്‍ കൂടി പ്രേക്ഷകര്‍ക്ക് ഈ ചിത്രത്തില്‍ കാണാം. ആദ്യ റോക്കി ചിത്രത്തിന് ശേഷം കൃത്യമായി പറഞ്ഞാല്‍ നീണ്ട 39വര്‍ഷങ്ങള്‍ക്ക് ശേഷം Golden Globe അവാര്‍ഡ്സില്‍ മികച്ച സഹനടനുള്ള പുരസ്കാരത്തിന് അദ്ദേഹത്തിന്‍റെ പേരും നിര്‍ദേശിക്ക പെട്ടിരിക്കുന്നു, National Board of Review ന്‍റെ മികച്ച സഹനടനുള്ള പുരസ്ക്കാരം ഇതിനോടകം തന്നെ അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു. അക്കാദമി അവാര്‍ഡ്‌സിലും മികച്ച സഹനടനുള്ള പുരസ്കാര പട്ടികയില്‍ അദ്ദേഹം നിര്‍ദേശിക്കപ്പെടും എന്ന്‍ തന്നെ കരുതാം.

ചുരുക്കത്തില്‍ റോക്കി പരമ്പരയിലെ മറ്റൊരു മികച്ച ചിത്രവും, വളരെ നല്ലൊരു സ്പോര്‍ട്സ് ഡ്രാമയുമാണ്‌  Creed. കാണാത്തവര്‍ എത്രയും വേഗം കാണാന്‍ ശ്രമിക്കുക...

Tuesday 1 December 2015

129.Coach Carter

Coach Carter (2005) : A wonderful portrayal of a true story.



Language: English
Genre: Sports Drama
Director: Thomas Carter
Writers: Mark Schwahn, John Gatins
Stars: Samuel L. Jackson, Rob Brown, Channing Tatum

പഠനത്തില്‍ പിന്നോക്കം പോയതിന്‍റെ പേരില്‍ അപരാചിതരായ തന്‍റെ ബാസ്ക്റ്റ്ബോള്‍ ടീമിനെ മത്സരങ്ങളില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന്‍  1999ലെ അമേരിക്കന്‍ പത്രമാധ്യമങ്ങളില്‍ നിറഞ്ഞ് നിന്ന പേരായിരുന്നു റിച്മണ്ട് ഹൈസ്കൂളിലെ  ബാസ്ക്റ്റ്ബോള്‍ കോച്ച് കെന്‍ കാര്‍ട്ടറുടെത്. ഈ സംഭവത്തെ ആസ്പദമാക്കി 2005ല്‍ John Gatins, Mark Schwahn എന്നിവരുടെ തിരകഥയില്‍ തോമസ്‌  കാര്‍ട്ടര്‍ അണിയിച്ചൊരുക്കിയ അമേരിക്കന്‍ ബയോഗ്രാഫിക്കല്‍ സ്പോര്‍ട്സ് ഡ്രാമയാണ് Coach Carter.


1999ല്‍ സ്പോര്‍ട്സ് സ്റ്റോര്‍ ഉടമയായിരുന്ന കെന്‍ കാര്‍ട്ടര്‍ താന്‍പഠിച്ചിരുന്ന റിച്മണ്ട് ഹൈസ്കൂളിലെ  ബാസ്ക്റ്റ്ബോള്‍ കോച്ച്  ആയി എത്തുന്നു. തന്‍റെ പഠനകാലത്ത് ഒട്ടനവധി റെക്കോര്‍ഡുകള്‍ സ്വന്തം പേരില്‍ കുറിച്ച മികച്ചൊരു കായികാഭ്യാസിയായിരുന്നു അദ്ദേഹം. ടീമിന്‍റെ മോശം പ്രകടനവും, കളിക്കാരുടെ മരിയാതയില്ലാത്ത പെരുമാറ്റത്തിലും നിരാശനാവുന്ന കാര്‍ട്ടര്‍ ഇതിനൊരവസാനം വരുത്താന്‍ തീരുമാനിക്കുന്നു. അതിനായി അദ്ദേഹം അധികര്‍ശനമായ ഒരു കരാര്‍ കളിക്കാരുമായി ഉണ്ടാക്കുന്നു. കരാറിലെ പ്രധാന വെവസ്ഥകള്‍ ഇവയായിരുന്നു; കളിക്കാര്‍ എല്ലാവരും തന്നെ തങ്ങളുടെ പരീക്ഷകളില്‍ മികച്ച മാര്‍ക്ക് നേടിയിരിക്കണം, മത്സരങ്ങളില്‍ പങ്കെടുക്കാന്‍ എത്തുമ്പോള്‍ നിര്‍ബന്ധമായും കോട്ടും ടൈയും ധരിച്ചിരിക്കണം, മാത്രമല്ല എല്ലായിപ്പോഴും മാന്യമായ പെരുമാറ്റം എല്ലാവരില്‍ നിന്നും ഉണ്ടായിരികണം. ആദ്യമൊക്കെ കാര്‍ട്ടറെ കുട്ടികള്‍ ശക്തമായി എതിര്‍ത്തുവെങ്കിലും അദ്ധേഹത്തിന്റെ കീഴില്‍ ടീം മികച്ച വിജയങ്ങള്‍ നേടി അപരാചിതരായതോടെ അവരിലെ എതിര്‍പ്പുകളും അപ്രത്യക്ഷമായി... എന്നാല്‍ തുടര്‍വിജയങ്ങള്‍ അവരില്‍ അമിതമായ ആത്മവിശ്വാസം വളര്‍ത്തുകയും അവരുടെ പെരുമാറ്റത്തിലെ മാന്യത നഷ്ട്ടപ്പ്പെടുവാനും അത് കാരണമാവുന്നു, ഒപ്പം പല കുട്ടികളും പഠനത്തില്‍ ഒട്ടും തന്നെ ശ്രദ്ധിക്കുന്നില്ല എന്ന്‍ കൂടി കാര്‍ട്ടര്‍ മനസിലാക്കുന്നതോടെ ഉടനെ തന്നെ ടീമിന്‍റെയും, സ്കൂളിന്റെയും, ആ സമൂഹത്തിന്റെയും വരെ എതിര്‍പ്പുകളെ വകവെക്കാതെ ടീമിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും അദ്ദേഹം റദ്ദുചെയ്യുന്നു. പഠനത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുനത് വരെയും മത്സരങ്ങളില്‍ നിന്നും പരിശീലനങ്ങളില്‍ നിന്നുമെല്ലാം അദ്ദേഹം ടീമിനെ മാറ്റി നിര്‍ത്തുന്നു...കാര്‍ട്ടറുടെ ഈ പ്രവര്‍ത്തി ദേശിയ ശ്രദ്ധ തന്നെ പിടിച്ചു പറ്റുന്നു...ഇനി എന്താണ് അദ്ദേഹത്തിനും, ടീമിനും സംഭവിക്കുക ?

ഒരു ബയോഗ്രഫിക്കല്‍ സ്പോര്‍ട്സ് ഡ്രാമ എന്നതിലുപരി മികച്ചൊരു ഇന്സ്പിരെഷണല്‍ ചിത്രം കൂടിയാണ് Coach Carter. ചെയ്യുന്ന തൊഴിലിലെ ധാര്‍മികമായ ഉത്തരവാദിത്തങ്ങളെ കുറിച്ചും, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമെല്ലാം വളരെ ശക്തമായി തന്നെ ഈ ചിത്രം ചര്‍ച്ചചെയ്യുന്നു. Samuel L. Jackson, Rob Brown, Channing Tatum, Debbi Morgan എന്നിവരുള്‍പ്പടെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. കെന്‍ കാര്‍ട്ടറായി വളരെമികച്ചൊരു പ്രകടനമാണ് Samuel L. Jackson കാഴ്ചവെച്ചിരിക്കുന്നത്. John Gatins, Mark Schwahn എന്നിവരുടെ ശക്തമായ തിരകഥയും,  തോമസ്‌  കാര്‍ട്ടറുടെ മികവുറ്റ സംവിധാനവും, ജാക്ക്സണ്‍ന്‍റെ  ഉജ്ജ്വല പ്രകടനവും ഒത്തുചേര്‍ന്നപ്പോള്‍ യഥാര്‍ത്ഥ സംഭവത്തിന്റെ മികച്ചൊരു ദ്രിശ്യാവിഷ്കാരമായി മാറി Coach Carter.

ചുരുക്കത്തില്‍ മികച്ചൊരു സ്പോര്‍ട്സ് ഡ്രാമയാണ് Coach Carter.