Friday, 25 July 2014

40.Metro Manila

Metro Manila (2013) : മികച്ചൊരു ഫിലിപ്പൈയിന്‍സ് ചിത്രം.

Language: Tagalog
Genre: Drama
Director:Sean Ellis
Writers: Sean Ellis, Frank E. Flowers
Stars: Jake Macapagal, John Arcilla, Althea Vega

കഷ്ടപാടുകള്‍ നിറഞ്ഞ  ജീവിതത്തില്‍ നിന്നും ഒരു മോചനം മോചനം കൊതിച്ചു അന്യനാടുകളില്‍ ചെന്ന് കഷ്ട്പെട്ടു കൂലിവേല എടുക്കുന്ന മനുഷ്യരെ നമ്മുടെ സമൂഹത്തില്‍ എന്നും കാണാം. സമൂഹത്തിന്‍റെ താഴെക്കിടയില്‍ ജീവിക്കുന്ന സാധാരണക്കാരില്‍ സാധാരണകാരാണിവര്‍. പലപ്പോഴും സമൂഹത്തിലെ ഉയര്‍ന്നതട്ടില്‍ ജീവിക്കുന്നവരുടെ കയ്യിലെ കളിപ്പാവകള്‍ മാത്രമായി പോവാറുണ്ട് ഇവരില്‍ പലരും. പുതിയൊരു ജീവിതം സ്വപ്നം കണ്ടു നഗരത്തിലേക്ക് ചേക്കേറുകയും, അവിടെ ഓരോ ദിവസവും കഴിച്ചുക്കൂട്ടാന്‍ പെടാപ്പാട് പെടുന്ന ഓസ്കാറിന്റെയും കുടുംബത്തിന്റെയും കഥയാണിത്. ജീവിക്കാനായി വേശ്യാവൃത്തിക്കു തുല്യമായ ബാറിലെ നര്‍ത്തകിയുടെ ജോലിക്ക് തന്‍റെ ഭാര്യക്കും പോകേണ്ടി വരുമ്പോള്‍ പോവരുത് എന്നു പറയാന്‍ പോലുമാവാതെ നിസഹായനായി നില്‍ക്കാനെ ഈ മനുഷ്യന് സാധിച്ചുള്ളൂ.

കഷ്ടപാടുകള്‍ നിറഞ്ഞ തങ്ങളുടെ ജീവിതത്തില്‍ നിന്നും രക്ഷനേടുവനായി കര്‍ഷകനായ Oscar Ramirez ഉം കുടുംബവും തങ്ങള്‍ക്കുള്ളതെല്ലാം വിറ്റുപെറുക്കി ഫിലിപ്പൈയിന്‍സിന്‍റെ തലസ്ഥാന നഗരിയായ മാനിലയിലേക്ക് ചേക്കേറുന്നു. പുത്തന്‍ സ്വപ്നങ്ങളുമായി വന്നെത്തിയ അവരെ വരവേറ്റത് മെട്രോ നഗരത്തിന്‍റെ താഴെക്കിടയിലുള്ളവരുടെ ചതി കുഴികളായിരുന്നു. എന്നാല്‍ ഒരു സെക്ക്യുരിറ്റി കമ്പനിയില്‍ ജോലി ലഭിക്കുന്നതോടെ ഓസ്കാറിന്റെ ജീവിതം പച്ചപിടിക്കാന്‍ തുടങ്ങുന്നു.  മേലുധ്യോഗസ്ഥനായ Ong അയാള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നു എന്നാല്‍ തന്‍റെ ജോലിയില്‍ പ്രവര്‍ത്തികുന്നവരുടെ മരണസാധ്യതയും, ongന്‍റെ യഥാര്‍ത്ഥ ലക്ഷ്യങ്ങളും പുറത്തു വരുന്നതോടെ തന്‍റെ ജോലിയിലും ജീവിതത്തിലും കടന്നു വരാന്‍ പോകുന്ന വിപത്തിനെ അയാള്‍ അഭിമുഖികരിച്ചെ മതിയാവു.

വന്‍കിട കെട്ടിട സമുച്ചയങ്ങളും മറ്റും നിലനില്‍ക്കുന്ന ഫിലിപ്പൈയിന്‍സ് നഗരത്തിന്‍റെ തലസ്ഥാനമായ മാനില എന്ന മനോഹര നഗരത്തെയല്ല മറിച്ചു മനുഷ്യന്‍ മനുഷ്യനെ തന്നെ കാര്‍ന്നുതിന്നുന്ന മാനിലയുടെ യഥാര്‍ത്ഥ അവസ്ഥയെയാണ് നാം കാണുന്നത്. മാനിലയുടെ ഏറ്റവും വൈക്രിതമായ അവസ്ഥയെയാണ് ചിത്രം വരച്ചുകാട്ടുന്നത്. ആദ്യപകുതിയും രണ്ടാം പകുതിയുടെ തുടക്കവും ഇത്തരം രംഗങ്ങള്‍ കൊണ്ട് നിറഞ്ഞവയായിരുന്നു. എല്ലാ പ്രേക്ഷകര്‍ക്കും ഇത് ഒരുപോലെ സ്വീകാര്യമാവുമെന്നു തോനുന്നില്ല , എന്നാല്‍ ഒന്നാംപകുതിയില്‍ നിന്നും രണ്ടാംപകുതി യിലേക്ക് എത്തുമ്പോള്‍ ചിത്രത്തിന്‍റെ അതുവരെയുള്ള മൂഡ്‌ മാറിമറിയുകയാണ് അതുവരെ ഒരു ദുരന്തനാടകത്തെ ഓര്‍മിപ്പിക്കും വിധം പോയിരുന്ന ചിത്രം പിന്നീടൊരു ക്രൈം ത്രില്ലെര്‍ ആയി മാറുന്നത് നമുക്ക് കാണാം, പ്രത്യേഗിച്ചും അവസാനത്തെ 15 മിനിട്ടുകള്‍. അതുവരെ ഈ ചിത്രത്തെക്കുറിച്ച് ഉണ്ടായിരുന്ന എല്ലാ അഭിപ്രായങ്ങളും അതോടെ തകിടം മറിയുകയായിരുന്നു.

നമുക്കൊന്നും ചിന്തിക്കാന്‍ പോലുമാവാത്ത രീതിയില്‍ ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ നേരിടുന്ന ഒരു കുടുംബത്തിന്‍റെ ജീവിതം തുറന്നു കാട്ടുന്നതിലൂടെ നല്ലൊരു സന്ദേശവും ഈ ചിത്രം നമുക്ക് സമ്മാനിക്കുന്നുണ്ട്.

Sean Ellis ബ്രിട്ടീഷ്‌ സംവിധായകന്‍ ആയ ഇദ്ദേഹം തന്‍റെ തന്നെ തിരകഥയില്‍ വളരെ മികച്ച രീതിയില്‍ തന്നെയാണ് ഈ ഫിലിപ്പൈയിന്‍സ് ചിത്രം ഒരുക്കിയിരിക്കുന്നത് എങ്കിലും അഭിനതാക്കളെ തിരഞ്ഞെടുക്കുന്നതില്‍ അദ്ദേഹം കുറേക്കൂടി ശ്രദ്ധ പുലര്‍ത്തിയിരുന്നെങ്കില്‍ കുറേക്കൂടി ഉയരങ്ങളിലേക്ക്  ചിത്രത്തിന് എത്താന്‍ സാധിച്ചേനെ എന്നാണ് എനിക്ക് തോന്നുന്നത്. ഓസ്കാര്‍ ആയി അഭിനയിച്ച Jake Macapagalന്‍റെ പ്രകടനം മാത്രമാണ് മികച്ചു നിന്നത്, ഓസ്കാര്‍ ആയി അദ്ദേഹം ജീവിക്കുകയായിരുന്നു എന്നു തന്നെ പറയാം. ബാക്കി എല്ലാവരും ശരാശരിയില്‍ ഒതുങ്ങുകയായിരുന്നു.

Thursday, 24 July 2014

39.King of Devil's Island

King of Devil's Island (2010) : എല്ലാ അര്‍ത്ഥത്തിലും മനോഹരമായൊരു കലാസൃഷ്ടി.


Language: Norwegian
Genre: Drama
Director: Marius Holst
Writers: Mette M. Bølstad, Lars Saabye Christensen,
Stars: Benjamin Helstad, Trond Nilssen, Stellan Skarsgård 

പരിസ്ഥിതിയുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന ലോകത്തെ തന്നെ ആദ്യത്തെ കാരാഗ്രഹമാണ് നോര്‍വയിലെ ബാസ്ടോന്‍ ദ്വീപില്‍ സ്തിഥി ചെയ്യുന്ന ബാസ്ടോന്‍ പ്രിസണ്‍. ഒഴിവു സമയങ്ങളില്‍ ഇവിടെ തടവുകാര്‍ക്ക് കുതിരസവാരിയും ടെന്നിസും, സ്കിയിങ്ങും എല്ലാം നടത്താവുന്നതാണ്. തടവുകാരോട് നന്നായി പെരുമാറുന്ന പ്രിസണും
 ഇതു തന്നെ. എന്നാല്‍ ഒരുകാലത്ത് കുട്ടികള്‍ക്കായുള്ള ദുര്‍ഹുണപരിഹാര പാഠശാല ആയിരുന്ന ഇവിടം അറിയപ്പെട്ടിരുന്നത് കുട്ടികളോട് കാണിച്ചിരുന്ന അതിക്രൂരമായ പീഡനങ്ങള്‍ക്കാണ്. ഒരുകാലത്ത് ഇത്തരംകേന്ദ്രങ്ങളിലെല്ലാം തന്നെ ഇത്തരം ക്രൂരതകള്‍ അരങ്ങേറിയിരുന്നു, ഇന്നും ചിലപ്പോള്‍ പലയിടത്തും ഇത് നിലനില്‍ക്കുന്നുണ്ടാകാം. 1915ല്‍ ഇവിടെ പൊട്ടിപ്പുറപ്പെട്ട വന്‍വിപ്ലവത്തെ ആസ്പദമാക്കിയാണ് ഈ നോര്‍വെജിയന്‍ ചിത്രം ഒരുക്കിയിട്ടുള്ളത്.

ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ Oslo fjord ലെ ബാസ്സ്ടോയ് ദ്വീപില്‍ നിലനിന്നിരുന്ന Bastøy Boys Reform School ലാണ് (ദുര്‍ഹുണപരിഹാര പാഠശാല) കഥ നടക്കുന്നത്. 11വയസ്സിനും 18 വയസ്സിനും ഇടയിലുള്ള കുട്ടികളാണിവിടെ കഴിയുന്നത്. പ്രിന്‍സിപ്പല്‍ Bestyreren  ഇന്റെയും മറ്റു കാവല്‍ക്കാരുടെയും നേതിര്‍ത്വത്തില്‍ നടക്കുന്ന ഇവിടെ  ക്രൂരമായ ശാരീരികമാനസിക പീഠനങ്ങളാണ് ഓരോ ദിവസവും കുട്ടികള്‍ നേരിടുന്നത്. മികച്ച വിദ്യാഭ്യാസം നല്‍കി കുട്ടികളെ നേര്‍വഴിക്ക് നടത്തുന്നതിനു പകരം അവരെകൊണ്ട് കൂലിവേല ചെയ്യിപ്പികുകയാണ് ഇവര്‍.  മനുഷ്യത്വമില്ലാത്ത ഇവരുടെ സ്വഭാവരീതികളോട് പൊരുത്തപെടാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ അവിടെ കഴിയാന്‍ സാധിക്കു. എന്നാല്‍ അവിടേക്ക് പുതിയതായി വന്നെത്തിയ പതിനേഴു കാരന്‍ Erling അവിടെ നിന്നും എങ്ങനെ രക്ഷപെടാം എന്ന വഴികള്‍ തേടാന്‍ തുടങ്ങുന്നു. അവിടെ നിന്നും ഉടന്‍ തന്നെ റിലീസ് ആവാന്‍ പോവുന്ന തന്റെടിയായ Ivar/C5 ഉം,  ദുര്‍ബലനായ Olav/C1 ഉമായി അവന്‍ അടുക്കുന്നു. പിന്നീടൊരിക്കല്‍ അപ്രതീക്ഷിതമായി ഉണ്ടായ ഒരു ദുരന്തത്തെ തുടര്‍ന്ന്‍ Erling ന്‍റെ നേതിര്‍ത്വത്തില്‍ ഒരു വന്‍ വിപ്ലവം തന്നെയവിടെ പൊട്ടിപോറപ്പെടുന്നു ബാസ്ട്ടോയ് മുഴുവനും അവരുടെ വരുതിയിലാവുന്നു... തുടര്‍ന്ന്‍ നാമോട്ടും തന്നെ പ്രതീക്ഷിക്കാത്ത മുഹൂര്‍ത്തങ്ങളാണ് കഥയില്‍ അരങ്ങേറുന്നത്...

ജയിലിലെ മനുഷ്യരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രങ്ങള്‍ ഒരുപ്പാട്‌ ഇതിനു മുന്‍പും കണ്ടിട്ടുണ്ട് എന്നാല്‍ അവയിലൊന്നും കാണാത്ത അല്ലെങ്കില്‍ അവയില്‍ നിന്നൊന്നും കിട്ടാത്ത ഒരു പ്രത്യേഗ അനുഭൂതിയാണ് ഈ ചിത്രം സമ്മാനിച്ചത്. മഞ്ഞു കൊണ്ട് മൂടപെട്ടു ഒറ്റപെട്ടു കിടക്കുന്ന ദ്വീപില്‍ കൌമാരകാരായ കുട്ടികള്‍ ഏറ്റുവാങ്ങിയ പീഡനങ്ങള്‍ ഏതൊരു പ്രേക്ഷകന്റെയു കണ്ണുകളെ ഈറനണിയിപ്പിക്കും. അവരിലെ തെറ്റുകള്‍ അവര്‍ക്ക് കാണിച്ചുകൊടുത്തു അവരെ പുതിയ ജീവിതത്തിലേക്ക് പറഞ്ഞു വിടുന്നതിനു പകരം , മൃഗീയമായി പണി എടുപ്പിക്കുകയും മാനസികമായി തളര്‍ത്തുകയും ചെയ്യുന്ന ഇത്തരം സ്ഥാപനങ്ങള്‍ ചിലപ്പോള്‍ ഇന്നും നിലനിക്കുനുണ്ടാകാം.

ഓരോ കുട്ടിയും അനുഭവിക്കുന്ന മാനസിക വേദനകള്‍ പ്രേക്ഷകനിലേക്ക് എത്തിക്കുന്നതില്‍ സംവിധായകന്‍ Marius Holst പൂര്‍ണമായും വിജയംകണ്ടു. John Andreas Andersen ന്‍റെ ഛായാഗ്രഹണത്തെയും, Johan Söderqvist ന്‍റെ പശ്ചാത്തല സംഗീതത്തെയും എത്ര പ്രശംസിച്ചാലും മതിയാവില്ല, ചിത്രത്തിലേക്ക് പ്രേക്ഷകനെ ഏറ്റവും അധികം അടുപ്പിക്കുന്ന രണ്ടു ഖടകങ്ങള്‍ ഇവയാണ്. അഭിനയത്തിന്‍റെ കാര്യത്തില്‍ കൂടുതല്‍ പേരും പുതുമുഖങ്ങള്‍ ആയിരുന്നു എങ്കിലും എല്ലാവരും നന്നായിരുന്നു എന്നു തന്നെ പറയാം. പ്രത്യേഗിച്ചും അവസാന രംഗങ്ങളിലേക്ക് എത്തുമ്പോഴുള്ള ഓരോ കുട്ടിയുടെയും പ്രകടനം മികവുറ്റതായിരുന്നു. എല്ലാ ഖടഘങ്ങളും ഒരുപോലെ മികച്ചു നില്‍ക്കുന്ന ഒരു ചിത്രം തന്നെയാണിത്

ആദ്യമായിട്ടാണ് ഒരു നോര്‍വെജിയന്‍ ചിത്രം കാണുന്നത് അത് മനസ്സിനെ വല്ലാതെ സ്പര്ശിക്കുകയും ചെയ്തു.

Wednesday, 23 July 2014

38.State of Play

State of Play (2009) : യാഥാര്‍ത്ഥ്യതോട് ചേര്‍ന്ന് നില്‍ക്കുന്ന മികച്ചൊരു ത്രില്ലെര്‍.


Language: English
Genre: Political Thriller
Director: Kevin Macdonald
Writers: Matthew Michael Carnahan, Tony Gilroy
Stars: Russell Crowe, Rachel McAdams, Ben Affleck


സമൂഹത്തില്‍ ഒരു പ്രശസ്ത വെക്തിയുടെ മരണം സംഭവിച്ചാല്‍ പ്രത്യേഗിച്ചും രാഷ്ട്രിയകാരുടെയോ അല്ലെങ്കില്‍ അവരുമായി അടുത്ത് നില്‍ക്കുന്നവരുടെയോ അതിന്‍റെ സത്യം തേടി പായുന്ന രണ്ടു കൂട്ടരുണ്ട് ഒന്ന്‍ നമ്മുടെ പോലീസും മറ്റൊന്ന് പത്രപ്രവര്‍ത്തകരും.  സത്ത്തിന്‍റെ മുന്നിലേക്ക് പലപ്പോഴും ആദ്യം നടന്നു കയറുന്നത് പത്രപ്രവര്‍ത്തകര്‍ തന്നെയാവും എന്നാല്‍ ആ സത്യങ്ങള്‍ അതേപടി അവര്‍ സമൂഹത്തിന്‍റെ മുന്‍പിലേക്ക് കൊണ്ടുവരുനുണ്ടോ എന്നു ചോദിച്ചാല്‍ ? സമൂഹത്തിന്‍റെ എല്ലാ കോണുകളിലെക്കും അവരുടെ കണ്ണുകള്‍ എത്തിച്ചേരും. രാഷ്ട്രിയകാര്‍ക്കും പോലീസുകാര്‍ക്കും ബഹുരാഷ്ട്ര കമ്പനികള്‍ക്കുമെല്ലാം ഇവരെ വേണം. സത്യത്തെ അസത്യമാക്കുവാനും നേരെ തിരിച്ചും ഇവര്‍ക്ക് കഴിയും  സത്യങ്ങള്‍ വളച്ചൊടിക്കുന്ന മാധ്യമചേഷ്ടകള്‍ പലപ്പോഴും നാം കണ്ടിട്ടുമുണ്ട്, അങ്ങനെഎങ്കില്‍ സത്യത്തിന്‍റെ പുറകെ ആവേശത്തോടെ പായുന്ന രണ്ടു പത്രപ്രവര്‍ത്തകരുടെ കഥ ഒന്ന് കണ്ടു കളയാം

പ്രത്യക്ഷത്തില്‍ പരസ്പരം യാതൊരുവിധ സമ്പര്‍ക്കവുമില്ലാത്ത രണ്ടു മരണങ്ങള്‍, രാത്രിയുടെ മറവില്‍ ജോര്‍ജ്ടൌണിന്റെ ഇടനാഴിയില്‍ ഒരു കള്ളനെ ആരുടെയോ വെടിയേറ്റ്‌ മരിക്കുന്നു, പിറ്റേദിവസം കോണ്‍ഗ്രെസ്സ്മാന്‍ (സാമാജികന്‍) Stephen Collins ന്‍റെ (Ben Affleck ) അസിസ്റ്റന്റ്റ് സോണിയ ബെക്കര്‍ സബ് വേയില്‍ വീണു മരിക്കുന്നു. എന്നാല്‍ ബ്രാഷ് ദിനപത്രത്തിന്റെ സീനിയര്‍ റിപ്പോര്‍ട്ടര്‍ Cal McAffrey ക്ക് (Russell Crowe) അങ്ങനെയായിരുന്നില്ല മറനീക്കി പുറത്തുവരാനിരിക്കുന്ന ഒരു രാഷ്ട്രിയ ഗുഡാലോചനയുടെ ഫലമാണോ ഇതെന്ന സംശയമാണ് അയാള്‍ക്കുണ്ടായത്.

കോളേജ് കാലം മുതലേ  കോണ്‍ഗ്രെസ്സ്മാന്‍ സ്ടിഫന്റെ അടുത്ത സുഹ്രതായ കാള്‍, പത്രപ്രവര്‍ത്തന രംഗത്ത് തന്റേതായൊരു സ്ഥാനമുണ്ടാക്കാന്‍ ശ്രമിക്കുന്ന Della Frye (Rachel McAdams) യുമൊത്ത് തനിക്ക് കിട്ടിയ സൂചനകളെ പിന്തുടര്‍ന്ന്‍ എത്തിച്ചേര്‍ന്നത് കൊലയാളികളും ചാരന്മാരുമെല്ലാം നിറഞ്ഞ പോയിന്റ്‌ കോര്‍പ്പ് എന്ന കമ്പനിയുടെ മുന്‍പിലേക്കായിരുന്നു.ഗവണ്മെന്റിനു വേണ്ടി സ്ടിഫനും സോണിയയും അന്വേഷിച്ചിരുന്ന സൈനീക ബന്ധമുള്ള  അതെ കമ്പനി. പരമമായ സത്യത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന കാള്‍ തന്‍റെ ജീവന്‍ തന്നെ അപകടത്തിലാക്കുന്ന ഈ ജോലി ഇനി പൂര്‍ത്തികരിക്കണോ വേണ്ടയോന്ന് തീരുമാനിച്ചേ മതിയാകു.

BBC ചാനലില്‍ ആറു ഭാഗങ്ങളായി വന്ന സീരീസിന്‍റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ഈ പൊളിറ്റിക്കല്‍ ത്രില്ലെര്‍. പത്രപ്രവര്‍ത്തകരെയും അവര്‍ സഞ്ചരിക്കുന്ന വഴികളെയും, ടെന്‍ഷന്‍ നിറഞ്ഞ ന്യൂസ്‌റുമുകളേയും ഇത്ര മനോഹരമായി ചിത്രീകരിച്ച ചിത്രങ്ങള്‍ വളരെ ചുരുക്കം മാത്രമേയുള്ളൂ. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒട്ടേറെ രംഗങ്ങള്‍ ഈ ചിത്രത്തിലുടനീളമുണ്ട്. 6 മണിക്കൂറുള്ള ടെലിവിഷന്‍ സീരീസ്‌ 2 മണിക്കൂറിലേക്ക് ചുരുക്കിപ്പറഞ്ഞാല്‍ സ്വാഭാവികമായും അതിന്‍റെ ഭംഗി നഷ്ടപെടാനിടയുണ്ട് പ്രധാനമായ പല ഭാഗങ്ങളിലും സംവിധായകന് കത്രിക വെക്കേണ്ടി വരും എന്നാല്‍ ഇവിടങ്ങളില്‍ എല്ലാം സംവിധായകന്‍ Kevin Macdonald വിജയിച്ചു.  Matthew Michael Carnahan ന്‍റെ മികച്ച തിരകഥ അതിനു അദ്ധേഹത്തെ വളരെയധികം സഹായിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തെയും പ്രേക്ഷകനിലേക്ക് അടുപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

Russell Crowe, Rachel McAdams, Ben Affleck എനിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുമ്പോള്‍ മികച്ച അഭിനയമുഹൂര്‍ത്തങ്ങളില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കേണ്ടതില്ല പൂര്‍ണമായും തങ്ങളുടെ കഥാപാത്രങ്ങളായി മാറുവാന്‍ ഇവര്‍ക്ക് സാധിച്ചു. അഭിനയിക്കാനറിയില്ല എന്നു പറഞ്ഞു ഒരിക്കല്‍ നിരൂപകര്‍ തള്ളിപറഞ്ഞ ബെന്‍ അഫ്ല്ലെക്ക്  തന്‍റെ പൊളിറ്റിക്കല്‍ കരിയര്‍ ഉയര്‍ത്താനായി ചതുരംഗക്കളി നടത്തുന്ന രാഷ്ട്രിയ പ്രവര്‍ത്തകനായി നിറഞ്ഞാടിയപ്പോള്‍ അതിനോടൊപ്പം അല്ലെങ്കില്‍ അല്പം മുകളില്‍ നില്‍ക്കുന്നതായിരുന്നു രഷലിന്റെ പെര്‍ഫോമന്‍സ്, തന്റെടിയും ബുദ്ധിമാനുമായ കാള്‍ ആയി അദ്ദേഹം തന്‍റെ കരിയറിലെ മികച്ച പെര്‍ഫോമന്‍സുകളില്‍  ഒന്ന് തന്നെ സമ്മാനിച്ചു. കരിയറിലുടനീളം മികച്ച പ്രകടന്നങ്ങള്‍ സമ്മാനിച്ചിട്ടുള്ള റെച്ചല്‍ ഇത്തവണയും ശക്തമായ പ്രകടനം തന്നെയാണ് നടത്തിയത്.

എടുത്ത് പറയേണ്ട മറ്റൊന്ന് ചിത്രത്തിന്‍റെ ഛായാഗ്രഹണവും പശ്ചാത്തല സംഗീതവുമാണ് ചിത്രത്തിനുടനീളം ഇവ രണ്ടും മികച്ചു നിന്നു.

Tuesday, 22 July 2014

37.Daglicht

Daglicht (2013) : സത്യത്തെഎത്ര മൂടിവെക്കാന്‍ ശ്രമിച്ചാലും ഒരിക്കല്‍ അത് മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും.


Genre: Mystery-Thriller
Language: Dutch
Director: Diederik Van Rooijen
Writers: Philip Delmaar, Marion Pauw
Stars: Angela Schijf, Derek de Lint, Fedja van Huêt, Monique van de Ven

Marion Pauw യുടെ പ്രശസ്തമായ നോവല്‍ Daglicht  ന്‍റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. Iris എന്ന അഭിഭാഷകയുടെയും, പൂര്‍ണമായിട്ടല്ലെങ്കിലും ഓട്ടിസത്തിനടിമയായ അവരുടെ മകന്‍ Aron ന്‍റെയും കഥയാണ് ചിത്രം പറയുന്നത്. ഒരു മികച്ച മിസ്റ്റെരി ത്രില്ലെര്‍ എന്നു നിസംശയം ഈ ചിത്രത്തെ നമുക്ക് വിശേഷിപ്പിക്കാം.

തങ്ങളുടെ വാരാന്ത്യദിനങ്ങള്‍ അമ്മയുടെ വീട്ടില്‍ ചിലവഴിക്കാന്‍ ഐറിസും മകനും തീരുമാനിക്കുനിടതാണ് കഥ തുടങ്ങുന്നത്.   അവിടെ വെച്ച് തികച്ചും യാദൃച്ഛികമായി തനിക്കൊരു സഹോദരന്‍ ഉണ്ടെന്ന് ഐറിസ് അറിയുന്നു. വലിയൊരു ഞെട്ടല്‍ തനെയായിരുന്നു ആ വാര്‍ത്ത‍ അവള്‍ക്ക് സമ്മാനിച്ചത്. തുടര്‍ന്ന്‍ അയാളെ കുറിച്ചുള്ള വിവരങ്ങള്‍ തേടിയുള്ള അവളുടെ യാത്ര അവസാനിച്ചത്,  ഓട്ടിസ ബാതിതരെ ചികിത്സിക്കുന്ന ഒരു ആശുപത്രിയിലാണ്. ഒരമ്മയേയും അവരുടെ പിഞ്ചുകുഞ്ഞിനെനെയും കൊന്ന കുറ്റത്തിന് ശിക്ഷയനുഭവിയ്ക്കുകയായിരുന്നു അയാള്‍. ഓട്ടിസ ബാദിതനായ തന്‍റെ സഹോദരന് അത്തരതിലൊരു ക്രൂര കൃത്യം ചെയ്യാന്‍ കഴിയില്ലെന്ന് വിശ്വസിക്കുന്ന ഐറിസ് അയാളുടെ നിരപരാതിത്വം തെളിയിക്കാനായി ഇറങ്ങി തിരിക്കുന്നു. എന്നാല്‍ ആ ഒരു തീരുമാനം അവളുടെ ജീവിതത്തെ ആകെ തകിടംമറിക്കുന്ന ഒന്നായിരുന്നു എന്ന്‍ അവള്‍ അപ്പോള്‍ അറിഞ്ഞിരുന്നില്ല. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കൊലപാതകത്തിന്റെ ചുരുളുകള്‍ പതുക്കെ അഴിയാന്‍ തുടങ്ങുകയാണിവിടെ. സത്യാവസ്ഥകളെ തേടിയുള്ള അവളുടെ യാത്ര തടയാന്‍ ഇരുട്ടിന്‍റെ മറവില്‍ നിന്നും ആരൊക്കെയാവും ഇനി വെളിച്ചത്തിലേക്ക് വരിക ? എന്തൊക്കെ ഞെട്ടിക്കുന്ന സത്യങ്ങളാണ് ഐറിസിനെ കാത്തിരിക്കുന്നത്.  തന്‍റെ സഹോദരനെ പുറത്ത് കൊണ്ടുവരുവാന്‍ അവള്‍ക്കാവുമോ ? ഇതെല്ലാമാണ് ചിത്രം പറയുന്നത്.

തന്‍റെ മുന്‍പിലുള്ള കടങ്കഥയുടെ ഓരോ ചുരുളുകള്‍ ഐറിസിനോടൊപ്പം പ്രേക്ഷകരും അഴിക്കുന്നു എന്നാല്‍ ഒടുവില്‍ അവള്‍ കണ്ടെത്തുന്ന ഉത്തരം ഒരു പ്രേക്ഷകനും മനസ്സില്‍ കണ്ടുകാണില്ല, അത് തന്നെയാണ് ഈ ചിത്രത്തിന്‍റെ വിജയവും.

ഒരു ത്രില്ലെര്‍ ചിത്രത്തിനു വേണ്ട എല്ലാ ചേരുവകളും ഉള്‍പെടുത്തി തന്നെയാണ് സംവിധായകന്‍ Diederik Van Rooijen ചിത്രമൊരുക്കിയിട്ടുള്ളത്, വളരെ സാവധാനത്തില്‍ തുടങ്ങി മുന്‍പോട്ടു പോകുംതോറും ഒരു ത്രില്ലെര്‍ ചിത്രത്തിന്‍റെ വേഗതയിലേക്ക് ചിത്രത്തെ എത്തിക്കുകയായിരുന്നു സംവിധായകന്‍ ചെയ്തത്, മുന്‍നിര അഭിനേതാക്കളുടെ മികച്ച പ്രകടന്നങ്ങള്‍ അതിനു അദ്ദേഹത്തിനെ നന്നായി സഹായിക്കുക്കയും ചെയ്തു.

ഐറിസ് ആയി  Angela Schijf ഉം മകന്‍ ആരോണ്‍ ആയി Daniel Verbaan ഉം  വളരെ നല്ല പ്രകടന്നങ്ങള്‍ കാഴ്ചവെച്ചപ്പോള്‍ ഐറിസിന്റെ സഹോദരനായ റെയെ അവതരിപ്പിച്ച Fedja van Huêt യുടെ പ്രകടനം റെയിന്‍ മാനിലെ Dustin Hoffman നെ ഓര്‍മപ്പെടുത്തി. ഹോഫ്മാനേ അനുകരിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നതായി പലയിടങ്ങളിലും അനുഭവപെട്ടു. ചിത്രത്തിന്‍റെ ഓരോ ഖട്ടങ്ങളിലായി പ്രത്യക്ഷപ്പെട്ട മറ്റു കഥാപാത്രങ്ങളെ അവതരിപ്പിചിരുന്നവരും തങ്ങളുടെ ഭാഗങ്ങള്‍ നന്നായി ചെയ്തു.

മറ്റൊന്ന്‍ചിത്രത്തിന്‍റെ ടൈറ്റില്‍ ആണ് Daglicht അതായത് Daylight. വെളിച്ചം തന്നെയാണ് സത്യം അപ്പോള്‍  സത്യത്തെ തേടിയുള്ള അമ്മയുടെം മകന്‍റെയും കഥപറയുന്ന  ഈ ചിത്രത്തിനു ഇതിലും നല്ലൊരു പേരില്ല, നോവലിലെ പേര് തന്നെ ചിത്രത്തിനും നല്‍കാന്‍ സംവിധായകന്‍ തീരുമാനിച്ചത് ചിലപ്പോള്‍ അത് കൊണ്ട് തന്നെയാവാം.

Friday, 18 July 2014

36.Maidentrip

Maidentrip (2013) : പതിനാലാം വയസ്സില്‍ ലോകം ചുറ്റിക്കറങ്ങിയ കാന്താരിക്കുട്ടിയുടെ കഥ.

Language: English
Genre: Biography
Director: Jillian Schlesinger
Stars: Laura Dekker

കാണാപ്പുറങ്ങള്‍ തേടിയുള്ള സാഹസികത നിറഞ്ഞ യാത്രകള്‍ എന്നും മനുഷ്യന് പ്രിയപെട്ടതാണ്, അത്തരം യാത്രകളിലുടെയാണല്ലോ കൊളംബസ് അമേരിക്ക കണ്ടെത്തിയതും , വാസ്കോടി ഗാമ ഇന്ത്യയില്‍ എത്തിചേര്‍ന്നതുമെല്ലാം. ലോകം മുഴുവന്‍ തന്‍റെ ക്യാമറക്കുള്ളില്‍ ഒപ്പിയെടുത്ത് മലയാളിക്ക് ദ്രിശ്യ വിരുന്നൊരുക്കിയ സന്തോഷ്‌ ജോര്‍ജ് കുളങ്ങര നമുക്കെല്ലാം സുപരിചിതാനയതും അത്തരം യാത്രകളിലുടെ തന്നെയാണ്. പറഞ്ഞു വരുന്നത് ഇവരെല്ലാം മുതിര്‍ന്ന പൌരന്‍മാരായതിനു ശേഷമാണു ഇത്തരം യാത്രകള്‍ക്ക് എല്ലാം ഇറങ്ങി തിരിച്ചത് എന്നാല്‍ തന്‍റെ പതിനാലാം വയസ്സില്‍ ഒറ്റെക്ക് ഈ ലോകം കാണാന്‍ ഇറങ്ങി തിരിച്ച Laura Dekker നെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ ?

ലോകം ചുറ്റികണ്ട ഏറ്റവും പ്രായംകുറഞ്ഞ വെക്തിയാകുവാനുള്ള ആഗ്രഹത്തെ തുടര്‍ന്ന്‍ ഡച്ച്‌ കാരിയായ ലോറ നടത്തിയ സമുദ്രയാത്രയുടെ കഥയാണിത്.

ലോറ ജനിച്ചുവീണത്‌ തന്നെ ഒരു  ബോട്ടിലായിരുന്നു തുടര്‍ന്നുള്ള നാലു വര്‍ഷങ്ങളും അവള്‍ ആ ബോട്ടില്‍ തന്‍റെ മാതാപിതാകള്‍ക്കൊപ്പം ചിലവിട്ടു. ആറാം വയസ്സില്‍ തനിക്ക് കിട്ടിയ ബോട്ടില്‍ സ്വന്തമായി സെയില്‍ ചെയ്യാന്‍ അവള്‍ പഠിച്ചു. പിന്നീടു പത്താം വയസ്സില്‍ തനിക്ക് കിട്ടിയ ബോട്ടിനു അവള്‍ ഗപ്പി എന്നു പേരിടുകയും തന്‍റെ നീണ്ട അവധികാലങ്ങളില്‍ രണ്ടുമൂന്നു ആഴ്ചകള്‍ക്കുള്ളില്‍ അവള്‍ കൊച്ചു കൊച്ചു യാത്രകള്‍ നടത്തി. പിന്നീടു 2009 ഓഗസ്റ്റിലാണ് ലോകം ചുറ്റാനുള്ള തന്‍റെ ആഗ്രഹത്തെ കുറിച്ച് അവള്‍ ലോകത്തോട് പറയുന്നത് എന്നാല്‍ ചൈയില്‍ട് വെല്‍ഫയര്‍ അസോസിയെഷനും കുടുംബ കോടതിയുമൊക്കെ അവള്‍ക്ക് എതിരായി വന്നു , ഒരു കൊല്ലം നീണ്ടു നിന്ന നിയമയുദ്ധത്തിനൊടുവില്‍  21 ഓഗസ്റ്റ് 2010ല്‍ അവള്‍ യാത്രയാരംഭിച്ചു.  എല്ലായിടത്തും അവള്‍ക്കൊപ്പം അവളുടെ അച്ഛനുണ്ടായിരുന്നു. അങ്ങനെ 21 ജനുവരി 2012ല്‍ വിജയകരമായി ഈ കൊച്ചു മിടുക്കി തന്‍റെ യാത്ര പൂര്‍ത്തിയാക്കുകയും ചെയ്തു.

യാത്രക്കിടയില്‍ ലോറ തന്നെ ഷൂട്ട്‌ ചെയ്ത ദ്രിശ്യങ്ങള്‍ കൂട്ടി ചേര്‍ത്ത് പുറത്തിറക്കിയതാണ് ഈ ഡോക്യുമെന്ററി. കാണാത്തവര്‍ ഒന്ന്‍ കണ്ടു നോക്കു.

Thursday, 17 July 2014

35.Like Father, Like Son

Like Father, Like Son (2013) : ആറു വര്‍ഷം തന്‍റെതെന്നു കരുതി വളര്‍ത്തിയ മകനെയോ, അതോ സ്വന്തം ചോരയില്‍ പിറന്ന മകനെയോ, ആരെയാകും നിങ്ങള്‍ സ്വീകരിക്കുക്ക ?





Language: Japanese
Genre: Drama
Director: Hirokazu Koreeda
Writer: Hirokazu Koreeda
Stars: Masaharu Fukuyama, Machiko Ono, Yôko Maki, Keita Ninomiya

മകനെയോരുപ്പാട് സ്നേഹിക്കുന്ന അച്ഛന്റെ കഥകള്‍ നമ്മുടെ വെള്ളിത്തിരയില്‍ ഒരുപ്പാട്‌ വന്നുപോയിട്ടുണ്ട്. അതില്‍ പപ്പയുടെ സ്വന്തം അപ്പുസും സൂര്യഗായത്രിയും നമുക്കെന്നും പ്രിയപ്പെട്ടവയാണ് ഇതില്‍ മകന്‍റെയൊപ്പം ഒട്ടും തന്നെ സമയം ചിലവിടാന്‍ സാധിക്കാത്ത ഒരച്ഛനെയും മകനോടൊപ്പം ഒരുപ്പാട്‌ സമയം ചിലവിടുന്ന മറ്റോരച്ഛനെയും നമുക്ക് കാണാം ഈ രണ്ടച്ഛന്‍മാരെയും ഒരുമിച്ച് നമുക്ക് ഈ ചിത്രത്തില്‍ കാണാം.

Ryota ഇന്നനുഭവിക്കുന്ന  സന്തോഷവും സുഖസൌകര്യങ്ങളുമെല്ലാം അയാളുടെ കഠിനാധ്വാനത്തിന്‍റെ ഫലമാണ്. അതുകൊണ്ടുതന്നെ തന്‍റെ ഈ ജീവിതം തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് അയാള്‍ ഉറച്ചു വിശ്വസിക്കുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ആശുപത്രിയില്‍ നിന്നും Ryotaയേയും അയാളുടെ ഭാര്യ Midori യേയും തേടി ഒരു ഫോണ്‍ കാള്‍ എത്തുന്നു.ആറു വയസുള്ള അവരുടെ മകന്‍ Keita യഥാര്‍ത്ഥത്തില്‍ അവരുടെ മകനല്ലെന്നും ആശുപത്രിജീവനക്കാര്‍ക്ക് കുഞ്ഞിനെ മാറിപോയി എന്നും അവര്‍ അറിയുന്നു. തന്‍റെ ഇത്രയും കാലത്തേ ജീവിതം തലകീഴായി മറിക്കുന്ന ഒരു തീരുമാനമെടുക്കാന്‍ നിര്‍ബന്തിധനാവുകയാണയാള്‍. തന്‍റെ മകനല്ലെന്നുഅറിഞ്ഞിട്ടും അവനോടുള്ള സ്നേഹത്തില്‍ ഒരു കുറവുമില്ലാതെ അവനെ പരിപാലിക്കുന്ന Midori യെയും തന്‍റെ സ്വന്തം മകനെ കഴിഞ്ഞാറുക്കൊല്ലം വളര്‍ത്തിയ പരുക്കരും അതുപോലെ സ്നേഹനിധിയായ കുടുംബത്തെയും കാണുമ്പോള്‍ ആ മനുഷ്യന്‍ സ്വയം ചോദിച്ചുപോവുകയാണ് ഇത്രയും നാള്‍ താനൊരു നല്ല അച്ചനായിരുന്നോ ?

മക്കളെ പരസ്പരം കൈമാറാണോ വേണ്ടയോ എന്നറിയാതെ പകച്ചുനില്‍ക്കുന്ന രണ്ടു രക്ഷിതാക്കളുടെ മനോവേദന അത് കാണുന്ന നമ്മിലെക്കും എത്തിക്കാന്‍ ഈ ചിത്രത്തിനു സാധിക്കുന്നു. അതേസമയം തന്നെ ഒന്നുമറിയാത്ത അവരുടെ മക്കളുടെ മനോവിചാരങ്ങളിലെക്കും നമ്മെ കൊണ്ടുപോകാന്‍ ചിത്രത്തിനാവുന്നു.

ഒരു നല്ല രക്ഷിതാവ് എങ്ങനെയായിരിക്കണം എന്നതിനെപറ്റി ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായങ്ങളുണ്ട്. ചിലര്‍ കൂട്ടിലടച്ച കിളിയെപോലെ മക്കളെ വളര്‍ത്തുമ്പോള്‍ മറ്റു ചിലര്‍ തങ്ങളുടെ മക്കളെ പറന്നുയരാന്‍ അനുവദിക്കുന്നു. ഇതിലേതാണ് അവര്‍ക്ക് ഏറ്റവും അനുയോജ്യം ? സംങ്കിര്‍ണ്ണമായ കഥാഗതിയിലൂടെ ചിത്രം മുന്‍പോട്ടു പോവുന്നതിനിടയില്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും നമുക്ക് ലഭിക്കുന്നു, എന്നത് ചിത്രത്തിന്‍റെ മേന്മകളില്‍ ഒന്നാണ്.

തന്‍റെ കരിയറിലുടനീളം മികച്ച കുടുംബ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകന്‍ Hirokazu Koreeda ഈ പ്രാവശ്യവും മികച്ചൊരു ചിത്രവുമായിതന്നെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. സാധാരണ ഇത്തരം ചിത്രങ്ങള്‍ വികാരപരമായ ഒരുപ്പാട്‌ ക്ലിഷെ രംഗങ്ങള്‍ കൊണ്ട് നിറയാറാണു പതിവ് എന്നാല്‍ അത്തരം രംഗങ്ങള്‍ ഒഴിവാക്കുവാന്‍ ഇവിടെ സംവിധായകന് സാധിച്ചിരിക്കുന്നു.ഒരേ സമയം ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും കണ്ണീരലിയിക്കുകയും ചെയ്യുന്ന ഒരു മികച്ച ചിത്രമാണ്‌ അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുള്ളത്.

അഭിനയത്തിന്‍റെ കാര്യത്തില്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ മികച്ചു നിന്നു എങ്കിലും ചിത്രമാവസനികുമ്പോള്‍ നമ്മുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നത് Masaharu Fukuyama യും Keita Ninomiya യും  അവതരിപ്പിച്ച  Ryota യും മകന്‍ Keitaയുമാണ്‌. 

കാനന്‍സ് ഫിലിം ഫെസ്റ്റിവല്‍ റ്റൊരോന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റിവല്‍ തുടങ്ങി നിരവധി വേദികളില്‍ പ്രദര്‍ശിപ്പിക്കുകയും അവിടെ നിന്നെല്ലാം മികച്ചഭിപ്രായങ്ങളും അവാര്‍ഡുകളും ഈ ചിത്രം നേടി.

കുട്ടികളെ പ്രധാനകഥാപാത്രങ്ങളാക്കി വരുന്ന ഇത്തരം കുടുംബ ചിത്രങ്ങളുടെ ആരാധകനാണ് നിങ്ങളെങ്കില്‍ ഈ ചിത്രം കാണാതെ പോവരുത്.

Monday, 14 July 2014

34.Rust and Bone

Rust and Bone (2012) : വാക്കുകളില്ല ഈ ചിത്രത്തെ വര്‍ണിക്കാന്‍.


Genre: Drama, Romance
Language: French
Director: Jacques Audiard
Writers: Jacques Audiard, Thomas Bidegain,
Stars: Marion Cotillard, Matthias Schoenaerts, Armand Verdure

വൈകല്യങ്ങളില്ലാത്ത മനുഷ്യര്‍ വളരെ ചുരുക്കമാണ് ചിലര്‍ക്ക് ശാരീരികമാവം മറ്റുചിലര്‍ക്ക് മാനസികമായിട്ടാവം, എന്നാല്‍ ആ വൈകല്യങ്ങള്‍ എല്ലാം അതിജീവിച്ച് മുന്‍പോട്ടു പോകുമ്പോഴാണല്ലോ നമ്മുടെ ജീവിതം പൂര്‍ണമാവുന്നത്‌,  ഇതിനു നമുക്ക് കരുത്തുപകരുന്നതാവട്ടെ നമ്മുടെ സ്വപ്നങ്ങളും .
യഥാര്‍ത്ഥത്തില്‍ നമ്മുടെ സ്വപ്‌നങ്ങള്‍ തന്നെയല്ലെ നമ്മെ മുന്‍പോട്ടു കൊണ്ടു പോകുനത് ? എന്നാല്‍ മുന്‍പേ പറഞ്ഞ വൈകല്യങ്ങള്‍ പലപ്പോഴും ആ സ്വപ്‌നങ്ങള്‍ സാക്ഷല്‍കരിക്കുന്നതിനു നമുക്ക് വിലങ്ങുതടിയാവാറുമുണ്ട്, അങ്ങനെയുള്ള രണ്ടു മനുഷ്യരുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

മകന്‍റെ പൂര്‍ണഉത്തരവാതിത്തം തന്‍റെ കയ്യില്‍ വന്നതിനെത്തുടര്‍ന്ന് ബെല്‍ജിയം ഉപേക്ഷിച് Alain Antibesല്‍ ഉള്ള തന്‍റെ സഹോദരിയുടെയും കുടുംബത്തിന്‍റെയും കൂടെ പുതിയൊരു ജീവിതം തുടങ്ങുന്നു. അപകടകാരിയായ തിമിംഗലങ്ങളുടെ പരിശീലിപ്പിക്കുന്നതിനിടയില്‍ ഇരു കാലുകളും നഷ്ടപ്പെട്ട സ്റ്റേഫനിയുമായി അയാള്‍ അടുക്കുന്നു. കാലുകിളില്ലാത്ത അവളോട് എന്തെങ്കിലും സഹായം വേണോ എന്ന്‍ ചോദിക്കുന്നിടത്ത് തന്‍റെ കൂടെ നീന്താന്‍ വരുന്നോ എന്നാണ് അവന്‍ ചോദിച്ചത്, ഒട്ടും തന്‍റെ വികാരദീനനകാതെയുള്ള അവന്‍റെ ആ പെരുമാറ്റം അവള്‍ക്ക് കരുത്തു പകരുകയായിരുന്നു...അവരറിയാതെ തന്നെ  ഇരുവരും പരസ്പരം താങ്ങായി മാറുകയായിരുന്നു.

അതിമനോഹരം എന്നല്ലാതെ മറ്റൊരു രീതിയിലും ഈ ചിത്രത്തെ വിശേഷിപ്പിക്കുവാന്‍ കഴിയില്ല. സ്വഭാവത്തില്‍ യാതൊരു സാമ്യതകളും ഇല്ലാത്ത രണ്ടു മനുഷ്യര്‍ തമ്മിലുള്ള ബന്ധം വളരെ മനോഹരമായി സംവിധായകന്‍ വരച്ചുകാട്ടുന്നു. ഓരോ കഥാപാത്രത്തെയും  പതുക്കെപ്പതുക്കെ ഉയര്‍ത്തികൊണ്ടു വരികയായിരുന്നു അദ്ദേഹം. അത് പൂര്‍ണമായും വിജയിച്ചു എന്നതിന് തെളിവാണ് കാനന്‍സ് ഫിലിം ഫെസ്ടിവലില്‍ നിന്നും ലഭിച്ച പത്തു മിനുട്ട് നീണ്ട  Standing Ovationഉം വാരികൂട്ടിയ അവാര്‍ഡുകളും.  

അഭിനയത്തിന്‍റെ കാര്യത്തില്‍  Marion Cotillard, Matthias Schoenaerts ഇരുവരും നന്നായിരുന്നു, എങ്കിലും Marion Cotillard ശെരിക്കും ഞെട്ടിച്ചു കളഞ്ഞു അവരുടെ ഓരോ നോട്ടത്തിനുമുണ്ടായിരുന്നു ഓരോ അര്‍ഥങ്ങള്‍ ഇതിനു മുന്‍പ് കണ്ട ഇവരുടെ രണ്ടു ചിത്രങ്ങളിലെയും അഭിനയം എന്നെ ആകര്‍ഷിച്ചിരുന്നു എന്നാല്‍ ഈ ചിത്രത്തിലെ പ്രകടനം എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു.

തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളില്‍ ഒന്ന്‍ തന്നെയാണിത്.