Wednesday, 8 October 2014

60.The Edge of Heaven

The Edge of Heaven (German: Auf der anderen Seite, Turkish: Yaşamın Kıyısında) (2007) മികച്ചൊരു തുര്‍ക്കിഷ് - ജര്‍മ്മന്‍ ഡ്രാമ.


Language: Turkish - German
Genre: Drama
Director: Fatih Akin
Writer: Fatih Akin
Stars: Baki Davrak, Gürsoy Gemec, Cengiz Daner

Yeter എന്ന വേശ്യ സ്ത്രിയെ കാമുകിയാക്കി ഒപ്പം താമസിപ്പിക്കുവാനുള്ള അച്ഛന്‍ അലിയുടെ തീരുമാനത്തോട് നെജാത്തിനു യോജിപ്പുണ്ടായിരുന്നില്ല, എങ്കിലും അച്ഛനോടുള്ള ഇഷ്ടത്തെ തുടര്‍ന്നയാള്‍ അധിനെ എതിര്‍ക്കാന്‍ മുതിര്‍ന്നില്ല.  Yeter  തുര്‍ക്കിയിലുള്ള തന്‍റെ മകളുടെ പഠനത്തിനാവശ്യമായ പണത്തിനു വേണ്ടിയാണ് വേശ്യാവൃത്തി ചെയ്യുന്നത് എന്നറിയുമ്പോള്‍ അവരോട് അയാളില്‍ അല്പം ദയ ഉളവാകുന്നു. അവര്‍ നന്നായി അടുക്കുന്നു. എന്നാല്‍ അപ്രതീക്ഷിതമായി Yeter മരണപെടുകയും അതിനെത്തുടര്‍ന്ന് അച്ഛനും മകനും തമ്മില്‍ അകലുകയും ചെയ്യുന്നു. Yeterന്‍റെ മകള്‍ Aytenനെ അന്വേഷിച്ചു നെജാത്ത് തുര്‍ക്കിലേക്ക് പോവുന്നു... 

രാഷ്ട്രിയ പ്രവര്‍ത്തകയായ Ayten ഇതിനോടകം തന്നെ തുര്‍ക്കി പോലിസ് കണ്ണുകളെ വെട്ടിച്ചു ജെര്‍മനിയില്‍ എത്തി ചേര്‍ന്നിരുന്നു. Lotte എന്ന പെണ്‍കുട്ടിയുമായി അവള്‍ സുഹൃത്ത് ബന്ധം സ്ഥാപിക്കുകയും Lotte

 അവളെ തന്‍റെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. Lotteയുടെ ചെഷ്ട്ട അവളുടെ തികച്ചും സാധാരണക്കാരിയായ അമ്മ Susanne ഒട്ടും തന്നെ ഇഷ്ടപെട്ടിരുന്നില്ല...  അധികം വൈകാതെതന്നെ  Lotteയും Aytenനും പ്രണയത്തിലാവുന്നു...  Ayten പോലിസ് പിടിയില്‍ ആവുകയും അവരുടെ ശരണാഭേക്ഷ കോടതിതള്ളികളയുകയും ചെയ്യുന്നതോടെ അവളെ തിരിച്ചുതുര്‍ക്കിയിലേക്ക് അയക്കുകയും അവിടെ ജയിലിലാക്കുകയും ചെയ്യുന്നു. തന്‍റെ പ്രണയിനിയെ മോചിപ്പിക്കുവാനായി Lotte തുര്‍ക്കിയിലേക്ക് പോവുന്നു...

നെജാത്ത് ഇപ്പോള്‍ എവിടെയാണ് ? Ayten കുറിച്ചുള്ള അയാളുടെ അന്വേഷണം അയാളെ എവിടെയാണ് എത്തിച്ചിരിക്കുന്നത് ? Lotteക്ക് Aytenനെ പുറത്ത് കൊണ്ടുവരുവാന്‍ സാധിക്കുമോ ? നെജാത്തിന്റെ അച്ഛന്‍ അലി ഇപ്പോല്‍ എവിടെയാണ് ? ഇതെല്ലാമാണ് മുന്‍പോട്ടുള്ള കഥാഗതി...

തുര്‍ക്കി, ജര്‍മ്മനി എന്നി രാജ്യങ്ങളിലെ രാഷ്ട്രിയവും സാമുഹികവുമായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങള്‍ മനുഷ്യന്‍റെ ജീവിതത്തെയും അവന്‍റെ ആശയങ്ങളെയും തീരുമാനങ്ങളെയുമെല്ലാം എപ്രകാരം മാറ്റി മറിക്കുന്നു എന്ന്‍ ചിത്രം നമ്മോട് പറയുന്നു. സംസ്കാരവും , തലമുറയും എത്ര മാറിയാലും മനുഷ്യന്‍റെ സ്വഭാവത്തില്‍ ചില കാര്യങ്ങള്‍ ഏറെകുറെ ഒന്നായിരിക്കും എന്നും ഈ ചിത്രം നമ്മോട് പറയുന്നു. ഇങ്ങനെ പല ആശയങ്ങളും ചിത്രം നമ്മോട് പങ്കുവയ്ക്കുന്നുണ്ട്.

പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച എല്ലാവരും തന്നെ അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയിട്ടുണ്ട് പ്രേത്യേഗിച്ചു എടുത്ത് പറയത്തക്ക പ്രകടനം ആരില്‍ നിന്നും ഉണ്ടായതായി തോന്നിയില്ല.

തുടക്കം മുതല്‍ അവസാനം വരെ വളരെ പതുക്കെയാണ് ചിത്രം സഞ്ചരിക്കുന്നത് അതുകൊണ്ട് തന്നെ അത്തരമൊരു മാനസികാവസ്ഥയില്‍ തന്നെ ഈ ചിത്രത്തെ സമീപിചില്ലെങ്കില്‍ ചിത്രം ആസ്വദിക്കാന്‍ നമുക്ക് സാധിചെന്ന്‍ വരില്ല. മാത്രമല്ല ചിത്രം നമ്മളോട് പങ്കുവയ്ക്കുന്ന ആശയങ്ങളെല്ലാം തന്നെ വെളിവാകുന്നത് അവസാന നിമിഷങ്ങളിലാണ് അതുവരേയും ചിത്രം എങ്ങോട്ടാണ് സഞ്ചരിക്കുന്നത് എന്ന്‍  പ്രേക്ഷകന് മനസിലാക്കുവാന്‍ സാധിക്കുന്നില്ല അതിനാല്‍ പലയിടത്തും നമ്മുടെ ക്ഷമയെ ഈ ചിത്രം പരീക്ഷിക്കുന്നുണ്ട് എന്നാല്‍ ഇവയെല്ലാം ഉള്‍കൊണ്ട് ഈ ചിത്രം നിങ്ങള്‍ കാണുകയാണെങ്കില്‍ മികച്ചൊരു ചിത്രം നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുമെന്ന് നിസംശയം പറയാം. കാനന്‍സ് ഫിലിം ഫെസ്റിവല്‍ അടക്കം നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ ഈ ചിത്രത്തിന് ലഭിച്ച സ്വീകരണം അതിന്റെ തെളിവാണ്.

Friday, 3 October 2014

59.Madras

മദ്രാസ് (2014) : കാര്‍ത്തിയുടെ മികച്ച തിരിച്ചുവരവ്.




Language: Tamil
Genre: Drama
Director : Pa. Ranjith
Writers: Pa. Ranjith
Stars: Karthi, Catherine Tresa, Kalaiyarasan, Ritwika

ശഗുനി, അലക്സ്‌ പാണ്ടിയന്‍, ഓള്‍ ഇന്‍ ഓള്‍ അഴഗു രാജ, ബിരിയാണി എന്നി ഒട്ടും തന്നെ നിലവാരമില്ലാത്ത ചിത്രങ്ങള്‍ക്ക് ശേഷം കാര്‍ത്തിയുടെ മികച്ച തിരിച്ചുവരവാണ് മദ്രാസ്‌.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരേ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ടു സുഹ്രത്തുക്കള്‍ അവരുടെ സൗഹ്രിദത്തിന്റെ അടയാളമെന്നോണം ആ നാട്ടിലെ വലിയൊരു മതിലില്‍ അവര്‍ ഒരുമിച്ചു നില്‍ക്കുന്ന ചിത്രവു വരച്ചുവെച്ചിട്ടുണ്ട് പാര്‍ട്ടിയുടെ അഭിമാനം കൂടിയാണ് ഈ ചിത്രം. എന്നാല്‍ സുഹ്രത്തുക്കള്‍ ശത്രുക്കളായി രണ്ടു പാര്‍ട്ടികളായി മാറുന്നിടത്തു നിന്നും പ്രശ്നങ്ങള്‍ തുടങ്ങുകയായി, ഇരു പാര്‍ട്ടിക്കാരും തങ്ങളുടെ നേതാവിന്‍റെ ചിത്രം ഭരണം മാറുന്നതിനനുസരിച്ച് മതിലില്‍ പ്രദിഷ്ട്ടിച്ചു പോന്നു എന്നാല്‍ മതിലിനു മുന്‍പില്‍ തുടര്‍ച്ചയായി മരണങ്ങള്‍ സംഭവിക്കുന്നതോടെ മതിലിനു പ്രേതഭാത ഉണ്ടെന്ന്‍ പരക്കുകയും അവിടെ ഒരു അമ്പലം ഉണ്ടാക്കുകയും ചെയ്യുന്നു ഒപ്പം ആ സമയം മതിലില്‍ വരച്ചിരുന്ന ചിത്രം അതേപടി നിലനിര്‍ത്താന്‍ തീരുമാനിക്കുന്നു. തങ്ങളുടെ നേതാവിന്‍റെ ചിത്രം അവിടെ പ്രദിഷ്ട്ടിക്കാനായി എതിര്‍ പാര്‍ട്ടിക്കാര്‍ ശ്രമിക്കുകയും അത് വലിയൊരു കലാപത്തിനു വഴി തെളിയിക്കുകയും ചെയ്യുന്നു അന്ന് മുതല്‍ ഈ ഒരു മതിലിന്‍റെ പേരില്‍ ജീവന്‍ വെടിഞ്ഞവര്‍ ഒരുപാടുണ്ട്...ഇന്നും ഈ വഴക്ക് ശക്തിയായി നിലനില്‍ക്കുകയാണ്. ഇത്തവണ വരുന്ന ഇലക്ഷനില്‍ തങ്ങളുടെ നേതാവിന്‍റെ ചിത്രം എന്ത് വിലകൊടുത്തും മതിലില്‍ പ്രദിഷ്ട്ടിക്കും എന്ന ഉറച്ച തീരുമാനത്തിലാണ് അന്ബ്. എടുത്ത് ചാട്ടകാരനും പെട്ടന്ന്‍ ദേഷ്യം വരുന്ന സ്വഭാവമുള്ളവനുമായ അന്ബിന്റെ ഉറ്റ സുഹ്രത്ത്‌ കാളിയും അവനൊപ്പമുണ്ട്. ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സംഭവങ്ങളിലുടെയാണ് കഥ മുന്നോട്ടു പോകുന്നത്....

യഥാര്‍ത്ഥ സൗഹൃദത്തിന്റെയും പ്രണയത്തിന്‍റെയും കഥപറഞ്ഞ് ആദ്യപകുതി കടന്നു പോയപ്പോള്‍, ചതിയും പ്രതികാരവും പ്രണയവും അങ്ങനെ വികാരഭരിതമായ  മികച്ചൊരു രണ്ടാം പകുതിയാണ്  പിന്നീടു വന്നത് എന്നാല്‍ തുടക്കം മുതല്‍ ക്ലൈമാക്സിന് തൊട്ടുമുന്‍പ് വരെ ലഭിച്ച ആ സുഖം അത്രയും ക്ലൈമാസ് കളഞ്ഞുകുളിച്ചു

പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച എല്ലാവരും ഒന്നിനൊന്ന് മികച്ചു നിന്നും എങ്കിലും എനിക്ക് ഏറ്റവുമിഷ്ട്ടപെട്ടത് അന്ബിന്റെ ഭാര്യയുടെ വേഷം ചെയ്ത ഋത്വികയെയാണ് വളരെ നല്ലൊരു ഭാവി ഈ നടിയെ കാത്തിരിക്കുന്നുണ്ട്.  അതുപോലെ അന്ബിനെ അവതരിപ്പിച്ച കലൈയരസന്‍ (ചില രംഗങ്ങളില്‍ സുര്യയുമായി ചെറിയൊരു രൂപ സാധിര്‍ശ്യം എനിക്ക് അനുഭവപെട്ടു), നായിക കാതെറിന്‍ ഇവരുടെയല്ലാം അഭിനയം വളരെ റിയലിസ്റ്റിക് ആയിരുന്നു. ഇവരില്‍ നിന്നുമെല്ലാം ഇനിയും മികച്ച കഥാപാത്രങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാം,  കാര്‍ത്തിയെ സംഭന്ധിച്ചു വളരെ ശക്തമായ ഒരു തിരിച്ചു വരവ് തന്നെയാണ് ഈ ചിത്രം. തന്‍റെ കഥാപാത്രത്തോട് നൂറുശതമാനം നീതി പുലര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.  തുടര്‍ന്നും നല്ല ചിത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്നാശംസിക്കുന്നു.

രഞ്ജിത്തിന്റെ സംവിധാനം നന്നായിട്ടുണ്ട് തന്‍റെ തന്നെ കഥ വളരെ നല്ല രീതിയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് ക്ലൈമാക്സ്‌ മാത്രമാണ് മോശമായി എന്ന്‍ തോന്നിയത്. രാഷ്ട്രിയത്തിനും പാര്‍ട്ടിക്കും വേണ്ടി പോരാടാന്‍ ഇറങ്ങി തിരിച്ചു സ്വന്തം ഭാവിയും ജീവിതവും നശിപ്പിച്ചു കളയുന്ന യുവത്വത്തിനു നല്ലൊരു മെസ്സേജ് ഈ ചിത്രത്തിലുടെ സംവിധായകന്‍ നല്‍കുന്നുണ്ട്.

സന്തോഷ്‌ നാരായണന്‍റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും എടുത്ത് പറയേണ്ട ഒന്നാണ് ചിത്രത്തോട് വളരെയധികം ചേര്‍ന്ന്‍ നില്‍ക്കുന്നവയായിരുന്നു ഇവ രണ്ടും. അതുപോലെ പ്രവീണിന്‍റെ എഡിറ്റിംഗ്, പിന്നെ ഇതിലെ സങ്കട്ടന രംഗങ്ങളുടെ കൊറിയോഗ്രാഫി എന്നിവയും നന്നായിരുന്നു.

ചുരുക്കത്തില്‍ പ്രേക്ഷകന്‍റെ മനസ്സിനെ തൊടുന്ന സൗഹൃദം, പ്രണയം. മികച്ച സംഭാഷണങ്ങള്‍,  മികച്ച കുറെ രംഗങ്ങള്‍, നല്ല നല്ല ഗാനങ്ങള്‍, ഓരോ രംഗത്തിനും മാറ്റു കൂട്ടുന്ന പശ്ചാത്തല സംഗീതം, മികച്ച സങ്കട്ടന രംഗങ്ങള്‍ ഇവയെല്ലാം കൊണ്ട് സംഭന്നമാണ് മദ്രാസ്.

Wednesday, 1 October 2014

58.August Rush

August Rush (2007) : സംഗീത സാന്ദ്രമായൊരു മുത്തശ്ശികഥ.


Language: English
Genre: Musical Drama
Director: Kirsten Sheridan
Writers: Nick Castle (screenplay), James V. Hart
Stars: Freddie Highmore, Keri Russell, Jonathan Rhys Meyers

ഫെയറി ടെയില്‍സ് (Fairy Tales) അഥവാ കെട്ടുകഥകള്‍/മുത്തശ്ശികഥ കേള്‍ക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്, ആയിരത്തിയൊന്നു രാവുകളിലെ അലാവുദിന്റെ അത്ഭുത വിളക്കും, സിന്ധ്ഭാദ് എന്ന നാവികന്‍റെ ഏഴു യാത്രകളും, വണ്ടര്‍ ലാന്ടിലെ ആലീസുമൊക്കെ ഏവരുടെയും ഇഷ്ട കഥകളില്‍ ഒന്നാണ്...എന്നാല്‍ ഇവിടെ നമുക്ക് ജന്മനാ സംഗീതം ഒരു അപൂര്‍വ്വ സിദ്ധിയായി ലഭിച്ച ഒരു പതിനൊന്ന്‍ വയസ്സുകാരന്‍റെ കഥ കാണാം, അവന്‍റെ സംഗീതമുപയോഗിച്ചു അവന്‍റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണവനിന്ന്‍...
പ്രശസ്തയായൊരു സെലിസ്റ്റാണ് (Cellist) ലൈല, അതേസമയം ഒരു സാധാരണ ക്ലബിലെ നല്ലൊരു ഗിറ്റാര്‍ പ്ലയറും ഗായകനുമാണ് ലുയിസ്. തങ്ങളുടെ മനസ്സിലെ സംഗീതത്തെ പിന്തുടര്‍ന്ന്‍ സഞ്ചരിച്ച ഇരുവരും പരസ്പരം കണ്ടുമുട്ടുകയും ആ മാത്രയില്‍ തന്നെ പ്രണയത്തിലാവുകയും ചെയ്യുന്നു. ആ രാത്രി അവര്‍ ഒരുമിച്ച് ചെലവഴിക്കുന്നു, എന്നാല്‍ വെത്യസ്ത ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്ന അവര്‍ക്ക് ഇനിയൊരിക്കലും തമ്മില്‍ കാണാനാവാത്തവിധം അകലേണ്ടി വന്നു.... എന്നാല്‍ ലൈലയുടെ ഉദരത്തില്‍ അവരുടെ കുഞ്ഞ് വളരാന്‍ തുടങ്ങുന്നു...പൂര്‍ണ ഗര്‍ഭിണിയായ അവള്‍ക്ക് അപ്രതീക്ഷിതമായി ഒരു അപകടമുണ്ടാവുന്നു  ഭാഗ്യവശാല്‍ അപകടമൊന്നും കൂടാതെ അവള്‍ ആ കുഞ്ഞിന് ജന്മം നല്‍കി... മകളുടെ ഭാവി നശിഞ്ഞുപോകുമോ എന്ന ഭയത്താല്‍ ലൈലയുടെ അച്ഛന്‍ ആ പിഞ്ചു കുഞ്ഞിനെ ഒരു അനാഥാലയത്തില്‍ ഏല്‍പിക്കുകയും കുഞ്ഞ് മരിച്ചുപോയി എന്ന്‍ ലൈലയെ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്യുന്നു... അതിനു ശേഷം പിന്നീടൊരിക്കലും അവള്‍ സംഗീതത്തിലേക്ക് മടങ്ങിയിട്ടില്ല...  ലൈലക്ക് സംഭവിച്ചതൊന്നും അറിഞ്ഞിട്ടില്ലെങ്കിലും ലുയിസും തന്‍റെ സംഗീത ജീവിതത്തോടു എന്നനേക്കുമായി വിടപറഞ്ഞു കഴിഞ്ഞിരുന്നു.... 

പതിനൊന്ന്‍ വര്‍ഷം പിന്നിട്ടിരിക്കുന്നു, ഇന്ന് ലൈലയുടെയും ലുയിസിന്റെയും മകന്‍ ഇവാന്‍ താന്‍ കേള്‍ക്കുന്ന സംഗീതത്തിലുടെ തന്‍റെ മാതാപിതാക്കള്‍ തന്നെ വിളിക്കുകയാണെന്ന് അവന്‍ വിശ്വസിക്കുന്നു തുടര്‍ന്ന്‍ അവരെ അന്വേഷിച്ചവന്‍ ന്യൂയോര്‍ക്ക്‌ നഗരത്തില്‍ എത്തിചേരുന്നു... അവന്‍റെ അപൂര്‍വ്വ സിദ്ധി അവനു ന്യൂ യോര്‍ക്കില്‍ സഹായകരമാവുന്നതിനൊപ്പം അവനെ ചില പ്രശ്നങ്ങളിലും കൊണ്ടെത്തിക്കുന്നു. നഗരത്തില്‍ കുട്ടികളെ ഭിക്ഷയെടുപ്പിച്ചു പണമുണ്ടാക്കുന്നവരില്‍ പ്രമുഖനായ മാക്സ്വെല്ലിന്റെ കൈകളില്‍ അവന്‍ ചെന്നെത്തുന്നു. അവനിലെ അപൂര്‍വ്വ സിദ്ധി തിരിച്ചറിഞ്ഞയാള്‍ അവനെ പണമുണ്ടാക്കാനായി ഉപയോഗിക്കുന്നു. അയാളില്‍ നിന്നും ഓടിരക്ഷപെട്ട ഇവാന്‍ പിന്നീടു ചെന്നെത്തിയത് ഒരു പള്ളിയിലായിരുന്നു അവിടെ അച്ഛനും മറ്റാളുകളും അവന്‍റെ കഴിവ് തിരിച്ചറിയുകയും അവനെ അവിടുത്തെ ഏറ്റവും മികച്ച സംഗീത വിദ്യാലയമായ ജൂല്ലിയാര്‍ഡിലേക്ക് അവനെ അയക്കുകയും ചെയ്യുന്നു. അവിടെ അവനു ആവശ്യമായ പഠനം ലഭിക്കാന്‍ തുടങ്ങുന്നു...

ഇനി എന്താണ് ഇവാന്‍റെ ജീവിതത്തില്‍ സംഭാവിക്കുക്ക ? തന്‍റെ മാതാപിതാക്കളെ കണ്ടെത്താന്‍ അവനു സാധിക്കുമോ ? തങ്ങളുടെ മകന്‍ ജീവിച്ചിരിപ്പുണ്ട് എന്നുപോലും അറിയാത്ത ലൈലയും ലുയിസും ഇന്നെവിടെയാണ്‌ ?  അറിയണമെങ്കില്‍ ചിത്രം ഒന്ന്‍ കണ്ടുനോക്കു...

ആദ്യമേ പറഞ്ഞപോലെ അതിമനോഹരമായൊരു മുത്തശ്ശികഥയിലുടെ യാത്ര ചെയ്ത അനുഭവമാണ് ഈ ചിത്രം നമുക്ക് നല്‍കുന്നത്. കാതുകള്‍ക്ക് കുളിര്‍മ നല്‍കുന്ന ഒരുപിടി നല്ല ഗാനങ്ങളും ഈ യാത്രയില്‍ നമുക്ക് അകമ്പടിയായുണ്ട്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫ്രെഡി, കെറി, ജോനാഥന്‍ അങ്ങനെ എല്ലാവരും തന്നെ നല്ല രീതിയില്‍ തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമാക്കിയിട്ടുണ്ട്.

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തില്‍ വളരെ ഹൃദ്യമായിട്ടാണ് സംവിധായകന്‍ ക്രിസ്റ്റെന്‍, നിക്കിന്റെയും ജയിംസിന്റെയും തിരകഥ ദ്രിശ്യവല്‍കരിചിട്ടുള്ളത്... അതുപോലെ ജോണിന്‍റെ ഛായാഗ്രഹണവും ഏറെപ്രശംസയര്‍ഹിക്കുന്നു....

ഒരുപാട് കാലമായി ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരു ചിത്രമായിരുന്നു ഇത്, എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും അപ്പോഴൊന്നും അതിനു സാധിച്ചില്ല , ഒടുവില്‍ കണ്ടു കഴിഞ്ഞപ്പോള്‍ എന്തേയ് നേരത്തെ കണ്ടില്ല എന്ന ചോദ്യം മാത്രമായിരുന്നു അവശേഷിച്ചത്...