Monday, 19 October 2015

126.Take Off

Take Off  "Gukga daepyo" (original title) (2009) : You cheer for the underdog.That's sportsmanship.


Language: Korean
Genre: Sports Drama
Director: Yong-hwa Kim
Writer: Yong-hwa Kim
Stars: Jung-woo Ha, Dong-il Sung, Ji-seok Kim

1997ലെ ആദ്യ കൊറിയന്‍ സ്കി ജമ്പിംഗ് ടീമിന്‍റെ കഥ പറയുന്ന ചിത്രമാണ് 2009ല്‍ Kim Yong-hwa ന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ Take Off... 1998ലെ ശീതകാല ഒളിമ്പിക്സിന് കൊറിയ വേദിയാക്കുന്നതിനായി അപ്രതീക്ഷിതമായി രൂപികരിച്ച ഈ ടീം അനുഭവിച്ച കഷ്ടപാടുകളിലൂടെയും അവരുടെ സന്തോഷ നിമിഷങ്ങളിലൂടെയുമാണ് ഈ ചിത്രം കടന്ന്‍ പോകുന്നത്. സ്പോര്‍ട്സ് ചിത്രങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഏതൊരു വെക്തിക്കും സ്കീ ജമ്പിംഗിന്‍റെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ഒരു മികച്ച ചിത്രമാണ് Take Off.

കൊറിയയിലെ ഒരു ചെറു പട്ടണരമായ മുജു (Muju) 1998ലെ ശീതകാല ഒളിമ്പിക്സിനുള്ള വേദിയായി പരിഗണിക്കുന്ന സാഹചര്യത്തില്‍ അത് സാധ്യമാക്കാന്‍ വേണ്ടി കൊറിയന്‍ ദേശിയ കമ്മിറ്റി ഒരു സ്കി ജമ്പിംഗ് സംഘത്തെ രൂപികരിക്കുവാന്‍ തീരുമാനിക്കുന്നു.  ശീതകാല ഒളിമ്പിക്സില്‍ മത്സരിക്കാന്‍ യോഗ്യമായത്രയും കായികാഭ്യാസികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന്‍ മുജു പട്ടണം വേദിയായി തിരഞ്ഞെടുക്കപ്പെടുന്നത്  സംശയത്തിലായിരിക്കെ അത് തടയുവാനുള്ള ശ്രമമായിരുന്നു രാജ്യത്ത് ഒട്ടും തന്നെ പ്രചാരമില്ലാത്ത സ്കി ജമ്പിംഗ് സംഘത്തെ രൂപികരിക്കുവാനുള്ള തീരുമാനം. കുട്ടികളെ മാത്രം പഠിപ്പിച്ചു ശീലമുള്ള Bangനെയായിരുന്നു ദേശിയ ടീമിന്‍റെ കോച്ച് ആയി തിരഞ്ഞെടുത്തത് ടീമംഗങ്ങളെ കണ്ടെത്താനുള്ള ചുമതലയും അദ്ദേഹത്തിനായിരുന്നു. ബാന്ഗ് ആദ്യം ടീമിലേക്കായി കണ്ടെത്തിയത് ചെറുപ്പത്തില്‍ അമേരിക്കന്‍ ദംമ്പതികള്‍ തന്‍റെ സഹോദരിയോടൊപ്പം ദെത്തെടുത്ത Bob James നെയായിരുന്നു. ചെറുപ്പത്തില്‍ അമേരിക്കയില്‍ വെച്ച് ആല്‍പൈന്‍ സ്കിയിംഗ് ചെയ്തു പരിചയമുണ്ടെങ്കിലും, ഒരിക്കല്‍ തന്നെ ഉപേക്ഷിച്ച രാജ്യത്തിന്‌ വേണ്ടി മത്സരിക്കാന്‍ ഒട്ടും തന്നെ താല്‍പര്യമില്ലാതിരുന്ന ബോബ് തനിക്ക് ജന്മം നല്‍കിയ അമ്മയെ കണ്ടെത്താന്‍ സാധിച്ചേക്കാം എന്ന പ്രതീക്ഷയിലാണ് കൊറിയക്ക് വേണ്ടി മത്സരിക്കാം എന്ന്‍ സമ്മതിച്ചത്. രണ്ടാമതായി ടീമിലേക്ക് എത്തിയത് മയക്കുമരുന്നിന് അടിമയായ Heung-cHeol ആയിരുന്നു. തുടര്‍ന്ന്‍ മന്ദബുദ്ധിയായ സഹോദരനെയും മുത്തശ്ശിക്കും നല്ലൊരു ജീവിതം സമ്മാനിക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയില്‍ Chil-Gu ഉം, രാജ്യത്തിന്‌ വേണ്ടി മത്സരിച്ചാല്‍ സൈന്യത്തില്‍ ചേരേണ്ടി വരുന്നതില്‍ നിന്നും രക്ഷപെടാം എന്ന പ്രതീക്ഷയില്‍ Jae-Bok ഉം ടീമിനൊപ്പം ചേരുന്നു... മികച്ച രീതിയില്‍ പരിശീലനം നടത്തുവാനുള്ള സൗകര്യങ്ങള്‍ പോലുമില്ലാതെ പ്രാകൃതമായ രീതിയില്‍ അവര്‍ അവരുടെ പരിശീലനം ആരംഭിക്കുന്നു... കൊറിയയിലെ ആദ്യത്തെ സ്കി ജമ്പിംഗ് ടീമിന്‍റെ കഥ ഇവിടെ തുടങ്ങുകയാണ്... കടമ്പകള്‍ ഒരുപാട് ഉണ്ട് അവര്‍ക്ക് മുന്നില്‍ അതെല്ലാം കടന്ന്‍ 98ലെ ഒളിമ്പിക്സില്‍ മത്സരിക്കാന്‍ ഇവര്‍ക്ക് സാധിക്കുംമോ ? 

യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോതനം ഉള്‍ക്കൊണ്ട്‌ അതിമനോഹരമായി അണിയിച്ചൊരുക്കിയിട്ടുള്ള മികച്ചൊരു സ്പോര്‍ട്സ് ചിത്രമാണ് Take Off. സ്വന്തം രാജ്യം പോലും സഹായത്തിനില്ലാതെവരുന്ന അവസ്ഥയില്‍ ഒറ്റയ്ക്ക് പോരാടേണ്ടി വന്ന ഒരു ടീമിന്‍റെ കഥ വളരെയധികം മികവുറ്റ രീതിയില്‍ സംവിധായകനായ Kim Yong-hwa പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിച്ചിരിക്കുന്നു. പ്രചോദനദായകമായ ചിത്രമെന്ന്‍ (Inspirational Movie) ഒറ്റവാക്കില്‍ 
Take Offനെ വിശേഷിപ്പിക്കാം. സ്കി ജമ്പിംഗ് എന്ന കായിക ഇനത്തിന്‍റെ ആവേശം മുഴുവനും പ്രേക്ഷകനിലേക്ക് എത്തിക്കാന്‍ സംവിധായകന് സാധിച്ചിരിക്കുന്നു... ആവേശമുണര്‍ത്തുന്നതും അതോടൊപ്പം പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്നതുമായ ചിത്രത്തിന്‍റെ അവസാന രംഗങ്ങളെ എത്ര പ്രശംസിച്ചാലും മതിയാവില്ല...

കൊറിയ ആദ്യമായിട്ടായിരുന്നു സ്കി ജമ്പിംഗ് രംഗതേക്ക് എത്തുന്നത്‌ മാത്രമല്ല അഞ്ചു പേര്‍ മാത്രമടങ്ങുന്ന ടീമായിരുന്നു അന്ന്‍ മത്സരിച്ചത് അതിനാല്‍ ഈ സംഭവങ്ങള്‍ ഒന്നും തന്നെ കൊറിയന്‍ ജനങ്ങള്‍ക്ക് അറിവില്ലാത്തതാണ് ഈ ചിത്രത്തിലൂടെ അവരിലേക്ക് ഈ സംഭവങ്ങള്‍ എത്തിക്കുകയും അതുവഴി ദേശിയ സ്കി ജമ്പിംഗ് ടീമിന് കൂടുതല്‍ ജനപിന്തുണയും നേടി കൊടുക്കുകയുമായിരുന്നു അദ്ധേഹത്തിന്റെ ലക്‌ഷ്യം. അതിന് വേണ്ടി തന്നെയായിരുന്നു  Ha Jung-woo പോലെ ഒരു നടനെ ചിത്രത്തിലേക്ക് കൊണ്ടുവന്നതും... ആ വര്‍ഷം ഏറ്റവുമധികം പ്രേക്ഷകര്‍ കണ്ട രണ്ടാമത്തെ ചിത്രമായിരുന്നു ഇത്...

എടുത്ത് പറയേണ്ട മറ്റൊന്ന്‍ ചിത്രത്തിന്‍റെ സാങ്കേതിക മികവിനെ കുറിച്ചാണ് Hong Jang-pyo, Jeong Seong-jin എന്നിവരുടെ വിഷ്വല്‍ എഫെക്റ്റ്, Lee Seung-chul, Lee Sang-joon എന്നിവരുടെ ശബ്തമിശ്രണം, Hyeon-cheol Parkന്‍റെ ഛായാഗ്രഹണം, Jae-hak Leeയുടെ സംഗീതം ഇവയെല്ലാം ഒരുപ്പാട്‌ പ്രശംസ അര്‍ഹിക്കുന്നു... സ്കി ജമ്പിംഗ് രംഗങ്ങള്‍ എല്ലാം തന്നെ അത്ര മികച്ച രീതിയിലാണ് ഇവരെല്ലാം ചേര്‍ന്ന അണിയിച്ചൊരുക്കിയിരിക്കുന്നത്... 

പ്രകടനങ്ങളുടെ കാര്യത്തില്‍ എല്ലാവരും തന്നെ തങ്ങളുടെ വേഷം വളരെ മനോഹരമായി ചെയ്തിരിക്കുന്നു ആരുടേയുംപേരുകള്‍ പ്രത്യേകമായി എടുത്ത് പറയുന്നില്ല...

Chunsa Film Art Awards, Korean Association of Film Critics Awards, 46th Grand Bell Awards, 30th Blue Dragon Film Awards, 46th Baeksang Arts Awards തുടങ്ങി ആ വര്‍ഷത്തെ ഒട്ടുമിക്യ അവാര്‍ഡ്‌  ദാനചടങ്ങുകളില്‍ നിന്നും മികച്ച ചിത്രം, മികച്ച, സംവിധായകന്‍, മികച്ച നടന്‍, മികച്ച സഹനടന്‍, മികച്ച സഹനടി, മികച്ച വിഷ്വല്‍ എഫെക്റ്റ്സ്, മികച്ച ഛായാഗ്രഹണം, മികച്ച ശബ്ത മിശ്രണം തുടങ്ങി വിവിധ ഇനങ്ങളിലായി നാമനിര്‍ദേശിക്ക പെടുകയും അവാര്‍ഡ്‌ കരസ്ഥമാക്കുകയും ചെയ്തിരുന്നു...    

ഇനിയും കൂടുതല്‍ പറയുന്നില്ല മികച്ച ചിത്രങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഏതൊരു സിനിമ പ്രേമിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് Take Off പ്രത്യേകിച്ചും സ്പോര്‍ട്സ് ജോണറില്‍ പെടുന്ന ചിത്രങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍...

Sunday, 18 October 2015

125.The Martian

The Martian: 500 Days of Mars!!



Language: English
Genre: Adventure, Drama, Sci-Fi
Director: Ridley Scott
Writers: Drew Goddard, Andy Weir
Stars: Matt Damon, Jessica Chastain, Kristen Wiig

Andy Weirന്‍റെ ഇതേ പേരില്‍ 2011ല്‍ പുറത്തിറങ്ങിയ നോവലിനെ ആധാരമാക്കി  Drew Goddard ന്‍റെ തിരകഥയില്‍ പ്രശസ്ഥ സംവിധായകനായ  Ridley Scott അണിയിച്ചൊരുക്കിയ ചിത്രമാണ് The Martian. പേര് സൂചിപ്പിക്കുന്നത് പോലെ ഒരപകടത്തെ തുടര്‍ന്ന്‍ ചൊവ്വാ ഗ്രഹത്തില്‍ അകപെട്ട് പോവുകയും അതിജീവനത്തിനായി അവിടെ തന്നെ കഴിയേണ്ടി വന്ന ഒരു മനുഷ്യന്‍റെ കഥയാണ്‌ ചിത്രം പറയുന്നത്...

നാസയുടെ ചൊവ്വാഗ്രഹ ദൗത്യത്തിനിടെ അപ്രതീക്ഷിതമായി ഉണ്ടാവുന്ന കൊടുങ്കാറ്റില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ബഹിരാകാശയാത്രികനായ Mark Watney അപകടത്തില്‍ പെടുകയും അയാള്‍ മരണപ്പെട്ടു എന്ന്‍ കരുതി സഹയാത്രികര്‍ അയാളെ അവിടെ ഉപേക്ഷിച്ചു മടങ്ങുന്നു... എന്നാല്‍ അത്ഭുതകരമായി ആ അപകടത്തില്‍ നിന്നും വലിയ പരിക്കുകള്‍ ഒന്നും കൂടാതെ തന്നെ മാര്‍ക്ക് രക്ഷപെടുന്നു. വളരെ കുറച്ചു ഭക്ഷണവും വെള്ളവും മാത്രം അവശേഷിക്കുന്ന സാഹചര്യത്തില്‍ തന്‍റെ സ്വതസിദ്ധമായ കഴിവുകളും ബുദ്ധിശക്തിയും ആത്മവിശ്വാസവും കൊണ്ട് അവിടെ അവിടെ അതിജീവിക്കാനും താന്‍ ജീവനോടെ ഉണ്ട് എന്ന സത്യം നാസയെ അറിയിക്കാനുമുള്ള ശ്രമങ്ങള്‍ അദ്ദേഹം ആരംഭിക്കുന്നു. ഇതേ സമയം മാര്‍ക്ക്‌ ജീവനോടെ ഉണ്ട് എന്ന്‍ മനസിലാക്കുന്ന നാസ അയാളെ ഏത് വിധേനയും തിരിച്ചു ഭുമിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നു... ഇനി എന്താണ് മാര്‍ക്കിന് സംഭവിക്കുക ? ചൊവ്വയില്‍ നിന്നും രക്ഷപ്പെടുവാന്‍ അയാള്‍ക്ക് സാധിക്കുമോ ? അയാളെ രക്ഷിക്കാനുള്ള നാസയുടെ ശ്രമങ്ങള്‍ ഫലം കാണുമോ ? ഇതെല്ലാമാണ് തുടര്‍ന്നുള്ള ചിത്രം നമ്മോട് പറയുന്നത്...

പൊതുവേ വളരെ ഗൗരവമായ രീതിയിലാണ് ഇത്തരം അതിജീവനകഥകള്‍ നമുക്ക് മുന്‍പില്‍
അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്‌ എന്നാല്‍ അവയില്‍ നിന്നെല്ലാം വെത്യസ്ഥമായി നര്‍മം നിറഞ്ഞ് നില്‍ക്കുന്ന മുഹൂര്‍ത്തങ്ങളിലൂടെയാണ് മാര്‍ഷ്യന്‍ മുന്പോട്ട് പോകുന്നത്... പൊതുവേ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയില്‍ അവതരിപ്പിക്കപ്പെടുന്ന രംഗങ്ങളില്‍ പോലും ഈ ചിത്രം പ്രേക്ഷകനില്‍ ചിരി ഉണര്‍ത്തുന്നു. ഇത് തന്നെയാണ് മറ്റ് അതിജീവന കഥകളില്‍ നിന്നും ഈ ചിത്രത്തെ വേറിട്ട്‌ നിര്‍ത്തുന്നതും...

റിഡ്ലി സ്കോട്ട് എന്ന പ്രശസ്ത സംവിധായകന്‍റെ  ശക്തമായ തിരിച്ചുവരവാണ് ഈ ചിത്രം, മുന്പ് വന്നിട്ടുള്ള ഇത്തരം ചിത്രങ്ങളില്‍ നിന്നും തികച്ചും വെത്യസ്ഥമായൊരു ചിത്രം അണിയിച്ചൊരുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. ചിത്രത്തിന്‍റെ പ്രാരംഭ ഘട്ടം മുതല്‍ ഉണ്ടായിരുന്ന നാസയുടെ സഹായം വളരെ റിയലിസ്റ്റിക്ക് ആയൊരു ചിത്രം ഒരുക്കുന്നതില്‍ അദ്ദേഹത്തെ വളരെയധികം സഹായിച്ചിട്ടുണ്ട്...ചിത്രത്തിനെ പ്രേക്ഷകനിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതിനായി വരുത്തിയ മാറ്റങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ചിത്രത്തില്‍ പ്രതിപാദിചിട്ടുള്ള ശാസ്ത്രപരമായ കാര്യങ്ങളള്‍ ആയാലും ദ്രിശ്യവല്‍ക്കരിചിരിക്കുന്ന  അത്യാധുനിക സാങ്കേതികവിദ്യകള്‍ ആയാലും അവയെല്ലാം തന്നെ യഥാര്‍ത്ഥത്തില്‍ സംഭവിക്കവുന്നതും, ഉള്ളതുമായ വസ്തുതകളാണ്...

Mark Watney ആയി വളരെ മികച്ചൊരു പ്രകടനം തന്നെയാണ് Matt Damon കാഴ്ചവെച്ചിരിക്കുന്നത്...Elysium, The Monuents Men തുടങ്ങി പ്രേക്ഷകര്‍ക്ക് നിരാശ സമ്മാനിച്ച ചിത്രങ്ങള്‍ക്ക് ഒടുവില്‍ അദ്ദേഹത്തിന്‍റെ ശക്തമായ തിരിച്ചുവരവിനു കൂടിയാണ് മാര്‍ഷ്യന്‍ വഴിയൊരുക്കിയിരിക്കുന്നത്... Jessica Chastain, Chiwetel Ejiofor, Kristen Wiig, Sebastian Stan, Jeff Daniels തുടങ്ങിയവരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു...

ചിത്രത്തിന്‍റെ ഒരു പോരായ്മ എന്ന്‍ തോന്നിയത് 3D ആണ്. 3Dയില്‍ ആസ്വദിക്കാന്‍ മാത്രമുള്ള രംഗങ്ങള്‍ ഒന്നും തന്നെ ചിത്രത്തില്‍ ഇല്ല എന്നിരിക്കെ ഈ ചിത്രം 3Dയില്‍ അണിയിചൊരുക്കേണ്ട അവശ്യമുണ്ടായിരുന്നില്ല എന്ന്‍ തോന്നി.

ചുരുക്കത്തില്‍ Ridley Scott, Matt Damon എന്നിവരുടെ ആരാധകര്‍ക്കും, ഇത്തരം അതിജീവനകഥകള്‍ ഇഷ്ടപെടുന്നവര്‍ക്കും ഒരുതവണ കണ്ടാസ്വദിക്കാവുന്ന ഒരു ചിത്രമാണ് The Martian

Saturday, 17 October 2015

124.Maya

Maya: One Of The Best Horror Flicks I Have Ever Watched.


Language: Tamil
Genre: Horror - Thriller
Director: Ashwin Saravanan
Writer: Ashwin Saravanan
Stars: Nayanthara, Aari, Amzath Khan 

ഹൊറര്‍ ചിത്രങ്ങള്‍ ഒരു സമയത്ത് ഒരുപ്പാട്‌ കാണുകയും അവയില്‍ ഭൂരിഭാഗവും നിരാശ സമ്മാനിച്ചപ്പോള്‍ അത്തരം ചിത്രങ്ങള്‍ കാണുന്നത് പൂര്‍ണമായും അവസാനിപ്പിച്ച വെക്തിയാണ് ഞാന്‍ എന്നാല്‍ Ashwin Saravanan തിരകഥയൊരുക്കി സംവിധാനം ചെയ്ത് നയന്‍‌താര പ്രധാന വേഷത്തിലെത്തിയ മായ എന്ന പുതിയ തമിഴ് ചിത്രം എന്നെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു എന്ന്‍ തന്നെ പറയാം...


രണ്ട് ഭാഗങ്ങൾ ഉള്ള ഒരു ഹൊറർ സിനിമയുടെ ആദ്യഭാഗം പൂർത്തിയാക്കിയ ശേഷം രണ്ടാം ഭാഗത്തിലെ നായികയായി തിരഞ്ഞെടുക്കപ്പെടുന്ന അപ്സര  തനിക്കുണ്ടാവുന്ന ചില സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന്‍ സിനിമയുടെ പ്രചാരണാർത്ഥം സംവിധായകൻ നിശ്ചയിചിരിക്കുന്ന  അഞ്ച് പ്രധാന വ്യവസ്ഥകളോടെ സിനിമ കാണുക എന്ന വെല്ലുവിളി ഏറ്റെടുക്കുന്നു. വിജയിച്ചാല്‍ ലഭ്യമാകുന്ന അഞ്ച് ലക്ഷം രൂപയാണ് അവളെ ഈ വെല്ലുവിളിയിലേക്ക് ആകര്‍ഷിച്ചത്... തുടര്‍ന്നവൾ ഒറ്റക്ക് ഇരുന്നു കാണുന്ന സിനിമയിൽ അവൾ തന്നെ നായികയായി വരുന്നു... എന്താണ് ഇതിന് കാരണം ? എന്താണ് ആ സിനിമയുടെ പ്രത്യേകത ? ഇതെല്ലാമാണ് തുടര്‍ന്നുള്ള ചിത്രം നമ്മോട് പറയുന്നത്...


മികച്ച ഇന്ത്യന്‍ ഹൊറര്‍ ചിത്രങ്ങളുടെ പട്ടികയില്‍ മുനിരയില്‍ തന്നെ സ്ഥാനം അര്‍ഹിക്കുന്ന വളരെയധികം മികച്ചൊരു ചിത്രമാണ് മായ.യാഥാര്‍ത്ഥ്യവും ഫിക്ഷനും ഒരുപോലെ ഇടകലര്‍ത്തി മുന്‍പോട്ടു പോകുന്ന ചിത്രം ആദ്യാവസാനം വരെ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്നു... ഒരു ഹൊറര്‍ ചിത്രത്തില്‍ നിന്നും നാം എന്തെല്ലാമാണോ പ്രതീക്ഷികുന്നത് അതിലും കൂടുതല്‍ നല്‍കാന്‍ ഈ ചിത്രത്തിന് സാധിച്ചിരിക്കുന്നു...


താന്‍ തന്നെ എഴുതിയ തിരകഥയെ അതിന്‍റെ തീക്ഷണത ഒട്ടും തന്നെ ചോര്‍ന്ന്‍ പോകാതെ മികച്ച രീതിയില്‍ തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിക്കാന്‍ സംവിധായകനായ അശ്വിന് സാധിച്ചിരിക്കുന്നു... എടുത്ത് പറയേണ്ട മറ്റ് കാര്യങ്ങള്‍ സത്യന്‍ സുര്യന്റെ ഛായാഗ്രാഹണവും, റോണ്‍ ഏദൻ യോഹാൻ സംഗീതവുമാണ്... മികച്ച സിംഗിള്‍ ഷോട്ടുകള്‍ ഒരുക്കി ചിത്രത്തിലുടനീളം ഹൊറര്‍ മൂഡ്‌ നിലനിര്‍ത്താന്‍ സത്യന് സാധിച്ചിരിക്കുന്നു റോണിന്റെ മികവുറ്റ പശ്ചാത്തല സംഗീതം അതിനോടൊപ്പം ചേരുമ്പോള്‍ വളരെ മികച്ചൊരു സിനിമാനുഭവമാണ് പ്രേക്ഷകന് ലഭിക്കുന്നത്...ടി.സ് സുരേഷിന്റെ എഡിറിങ്ങും, താ. രാമലിംഗത്തിന്‍റെ കലാസംവിധാനവും ഏറെ പ്രശംസ അര്‍ഹിക്കുന്നുണ്ട്... 


'നയന്‍‌താര' അപ്സര എന്ന കഥാപാത്രത്തെ ഇവരേക്കാള്‍ നന്നായി മറ്റാര്‍ക്കെങ്കിലും അവതരിപ്പിക്കാന്‍ കഴിയുമെന്ന്‍ തോന്നുന്നില്ല തന്‍റെ കരിയറിലെ തന്നെ ഏറ്റവുമികച്ച പ്രകടനങ്ങളില്‍ ഒന്ന്‍ തന്നെയാണ് നയന്‍താര കാഴ്ചവെച്ചിരിക്കുന്നത് എന്ന്‍ നിസംശയം പറയാം... നയന്‍താരയ്ക്ക് പുറമെ ലക്ഷ്മി പ്രിയ ചന്ദ്രമൌലി, മൈം ഗോപി, ആരി തുടങ്ങിയവരും മോശമല്ലാത്ത അഭിനയം കാഴ്ചവെച്ചിരിക്കുന്നു...



ചിത്രം കണ്ടിറങ്ങിയതിന് ശേഷവും അത് നമ്മെ വേട്ടയാടുമ്പോഴാണ് ആ ചിത്രം  നമുക്ക് കൂടുതല്‍ പ്രിയപ്പെട്ടതാകുന്നത് അത്തരത്തിലുള്ള ഒരു മികച്ച അനുഭവം സമ്മാനിക്കുന്ന ചിത്രമെന്ന്‍ ചുരുക്കത്തില്‍ മായയെ കുറിച്ച് പറയാം..

123.The Walk

The Walk: A Visual Treat.


Language: English
Genre: Biography
Director: Robert Zemeckis
Writers: Robert Zemeckis, Christopher Browne 
Stars: Joseph Gordon-Levitt, Charlotte Le Bon, Ben Kingsley

ഇന്ന് വരെ പന്ത്രണ്ട് പേര്‍ ചന്ദ്രനില്‍ കാലുകുത്തിയിട്ടുണ്ട് എന്നാല്‍   വേള്‍ഡ് ട്രേഡ് സെന്‍ററിന്റെ ഇരു  ഗോപുരങ്ങള്‍ക്കും ഇടയിലെ ആ ബ്രിഹത്തായ ശ്യൂന്യതയിലൂടെ നടന്നത് ഒരാള്‍ മാത്രം; Philippe Petit...  ഓഗസ്റ്റ്‌ 7, 1974ല്‍ .High Wire Walking ആര്‍ടിസ്റ്റായ ഫിലിപ്പ്‌ പെറ്റിറ്റ് വേള്‍ഡ് ട്രേഡ് സെന്‍ററിന്റെ ഇരു ഗോപുരങ്ങള്‍ക്കും ഇടയിലുടെ നടത്തിയ Wire Walk നെ ആസ്പദമാക്കി പ്രശസ്ത സംവിധായകന്‍ Robert Zemeckis അണിയിച്ചൊരുക്കിയ ചിത്രമാണ്  The Walk.

Wire Walk എന്ന കലയോട് കുട്ടിക്കാലം മുതല്‍ തനിക്കുണ്ടായ താല്‍പര്യത്തെ കുറിച്ചും പിന്നീട് തന്‍റെ ഗുരുവായ Papa Rudy യുടെ കീഴില്‍ പരിശീലിച്ചതും ഒടുവില്‍ തന്‍റെ ഏറ്റവും വലിയ സ്വപ്നസാക്ഷാല്‍കാരത്തിലേക്ക് തന്‍റെ ഉറ്റ സുഹ്രത്തുക്കളോടൊപ്പം നടന്ന്‍ കയറിയത് വരെയുള്ള തന്‍റെ ജിവിതം ഒരു ഫ്ലാഷബാക്കിലൂടെ വിവരിക്കുകയാണ് Philippe Petit...

ഒരു മനുഷ്യന്‍ അവന്‍റെ സ്വപ്ന സാക്ഷാല്‍കാരത്തിനു വേണ്ടി നടത്തുന്ന ശ്രമങ്ങളും, അതില്‍ നേരിടേണ്ടി വരുന്ന കഷ്ടപാടുകളും ഒടുവില്‍  ആ സ്വപ്നം  യാഥാര്‍ത്ഥ്യമായി കഴിയുമ്പോള്‍ അവന് ലഭിക്കുന്ന സംതൃപ്തിയുമെല്ലാം വളരെ മനോഹരമായി ഈ ചിത്രത്തില്‍ കാണിച്ചിരിക്കുന്നു... 

വിഷ്വല്‍ എഫെക്റ്റ്സാണ് ചിത്രത്തിന്‍റെ പ്രധാന ഹൈലൈറ്റ് എഴുപതുകളിലെ പാരീസ് നഗരവും ന്യൂ യോര്‍ക്ക്‌ സിറ്റിയും വേള്‍ഡ് ട്രേഡ് സെന്‍ററുമെല്ലാം അതിമനോഹരമായി ഒരു കണികയുടെ വിത്യാസം പോലുമില്ലാതെ ചിത്രീകരിചിരിക്കുന്നു... ചിത്രത്തിന്‍റെ വിജയത്തിന്‍റെ ഭൂരിഭാഗം പങ്കും വിഷ്വല്‍ എഫെക്റ്റ്സിന് അര്‍ഹതപെട്ടതാണ്... തന്‍റെ ചിത്രങ്ങള്‍ക്ക് എന്നും മികച്ച വിഷ്വല്‍ എഫെക്റ്റ്സ് സമ്മാനിച്ചിട്ടുള്ള Robert Zemeckis സംവിധായകനാവുമ്പോള്‍ വിഷ്വല്‍സ് ഇത്രയും ഭംഗിയായില്ലെങ്കിലെ അത്ഭുതപെടേണ്ടതുള്ളു...

ഒരു ഡോക്യുമെന്ററി പോലെ ആയി പോവുമായിരുന്ന കഥയെ ഒരു മോഷണ (Hiest) ചിത്രത്തിന്‍റെ രീതിയിലാണ് സംവിധായകന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്... കഥയുടെ അവസാനം എന്താണ് എന്ന്‍ അറിവുണ്ടായിട്ടും അവസാന രംഗങ്ങളില്‍ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു...  Christopher Browneഉം Zemeckisഉം ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരകഥ രചിച്ചിട്ടുള്ളത്‌... 

എടുത്ത് പറയേണ്ട മറ്റൊന്ന്‍ Dariusz Wolski യുടെ ഛായാഗ്രഹണമികവാണ്... ഇത്തരത്തിലുള്ള ഒരു ചിത്രത്തിന് ഏറ്റവും അനുയോജ്യമായ രീതിയിലാണ് അദ്ദേഹം ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്...ഒരു ഗംഭീര ദ്രിശ്യ വിരുന്നാണ് ഈ ചിത്രം ഓരോ പ്രേക്ഷകനും സമ്മാനിക്കുന്നത്...

Joseph Gordon-Levitt ആണ് ഫിലിപ്പായി വേഷമിട്ടിരിക്കുന്നത് തന്‍റെ കഥാപാത്രത്തോട് നൂറുശതമാനവും നീതിപുലര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച Ben Kingsley, Charlotte Le Bon, എന്നിവരും മികച്ചു നിന്നും...

ചുരുക്കത്തില്‍ തീര്‍ച്ചയായും തിയറ്ററില്‍ നിന്നും തന്നെ കണ്ടിരിക്കേണ്ട ചിത്രമാണ് The Walk.