Tuesday, 24 June 2014

26.The Secret in Their Eyes

The Secret in Their Eyes (2009) : ഞാന്‍ കണ്ടിട്ടുള്ള മികച്ച ത്രില്ലെര്‍ ചിത്രങ്ങളുടെ ശ്രേണിയില്‍ ഇനി ഈ ചിത്രവും ഉണ്ടാകും.


Language: Spanish
Genre: Crime Thriller
Director: Juan José Campanella
Writers: Eduardo Sacheri, Juan José Campanella
Stars: Ricardo Darín, Soledad Villamil, Pablo Rago

കുറ്റവാളിയേയും കൊലപാതകത്തിന് പ്രേരിപ്പിച്ച കാരണവും എല്ലാം തുറന്നു കാണിച്ചിട്ടും ഒരു ക്രൈം ത്രില്ലെര്‍ ചിത്രം ഇന്‍ററസ്റ്റിംഗ് ആക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നാല്‍ ഇവിടെ തിരകഥാകൃത്തും സംവിധായകനുമായ Juan José Campanella നു അത് സാധിച്ചിരിക്കുന്നു.

ഫെഡറല്‍ ജസ്റ്റിസ് എജന്റ്റ് ആയി വിരമിച്ച Benjamín Espósito വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ അന്വേഷിചവസാനിപ്പിച്ച ഒരു കേസിനെ ആസ്പദമാക്കി ഒരു നോവല്‍ എഴുതാനുള്ളശ്രമത്തിലാണ്.

ക്രൂരമായ പീഡനതിനു ശേഷം കൊലചെയ്യപ്പെട്ട Liliana Coloto എന്ന യുവതിയുടെ കേസ് ആയിരുന്നു അത്. യുവതിയുടെ ഭര്‍ത്താവ് Ricardo Morales ന്‍റെ തീവ്രദുഖം Benjamín നെയും അയാളുടെ സഹായി  Pablo Sandoval നെയും അവരുടെ പുതിയ ഹെഡ് Irene Menéndez-Hastings മാനസികമായി കേസിനോട് അടുപ്പിക്കുന്നു തുടര്‍ന്ന് ബെഞ്ചമിനും പാബ്ലോയും ചേര്‍ന്നു കൊലയാളിയെ കണ്ടെത്തിയെങ്കിലും തൃപ്തികരമല്ലാത്ത രീതിയില്‍ കേസ് പരിയവസാനിപ്പിക്കേണ്ടി വന്നത്  എപ്പോഴും ബെഞ്ചമിനെ അലട്ടിയിരുന്നു. ഡിപ്പാര്‍ട്ട്മെന്ടിനു മറ്റു രണ്ടു പേരെ സംശയമുണ്ടായിരുന്നു എങ്കിലും ബെഞ്ചമിനും പാബ്ലോക്കും ഉറപ്പായിരുന്നു Isidoro Gómez എന്ന മനുഷ്യന്‍ തന്നെയാണ് കുറ്റവാളി എന്ന്‍.

ചരിത്രവുമായുള്ള കൃത്യത നോവലില്‍ ആവശ്യമില്ലെന്ന് അറിയാമെങ്കിലും ഒരിക്കല്‍ താന്‍ സഞ്ചരിച്ച വഴികളിലൂടെ ഒരിക്കല്‍ കൂടെ സഞ്ചരിക്കുകയാണയാള്‍. അതിനായി കേസുമായി ബന്ധപെട്ട പ്രധാനികളെ എല്ലാം അയാള്‍ സന്ദര്‍ശിക്കുന്നു പ്രധാനമായും താന്‍ പ്രണയിച്ചിരുന്ന തന്‍റെ മേലധികാരി  Irene Menéndez-Hastings നെ.

മികച്ച തിരകഥ തന്നെയാണ് ചിത്രത്തിന്‍റെ ജീവന്‍. അത് മികച്ച രീതിയില്‍ തന്നെ അവതരിപ്പിക്കാനും  സംവിധായകനു കഴിഞ്ഞിട്ടുണ്ട്. ചിലപ്പോള്‍ തന്‍റെ തന്നെ തിരകഥ ആയതു കൊണ്ടാകാം ഇത്രയും ഭംഗിയായി ചിത്രം ഒരുക്കാന്‍ അദ്ദേഹത്തിന് സാധിച്ചത്. അഭിനയതാക്കള്‍ എല്ലാവരും തന്നെ വളരെ നല്ല പ്രകടനം തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്. Best Foreign Language Film നുള്ള ഓസ്കാര്‍ അവാര്‍ഡ്‌ അടക്കം ഒരുപാട് അവാര്‍ഡുകള്‍ ചിത്രം വാരിക്കൂട്ടുകയുണ്ടായി.

25.Her

Her (2013) : അതിമനോഹരം എന്നല്ലാതെ മറ്റൊന്നും തന്നെ പറയാനില്ല

Language: English
Genre: Comedy-Drama
Director: Spike Jonze
Writer: Spike Jonze
Stars: Joaquin Phoenix, Amy Adams, Scarlett Johansson

ഒരുപ്പാട്‌ പ്രണയ ചിത്രങ്ങള്‍ നാം കണ്ടിട്ടുണ്ട് എന്നാല്‍ ഒരു ഓപ്പറെറ്റിംഗ് സിസ്റ്റത്തെ പ്രണയിക്കുന്ന ഒരുവന്‍റെ കഥ പറയുന്ന ചിത്രം നാം കണ്ടിരിക്കാന്‍ ഇടയില്ല ? അത്തരത്തിലൊരു ചിത്രമാണ്‌ Her.

Theodore മറ്റുള്ളവര്‍ക്ക് ഹൃദയസ്പര്‍ശിയായ എഴുത്തുകള്‍ അവരുടെ പ്രിയപെട്ടവര്‍ക്കായി എഴുതുന്ന ഇയാള്‍ സ്വന്തം ജീവിതത്തില്‍ ഏകാന്തത അനുഭവിക്കുകയാണ്. ഭാര്യയുമായി അകന്നു കഴിയുന്ന ഇയാള്‍ തന്‍റെ ഒഴിവു സമയങ്ങള്‍ വീഡിയോ ഗെയിമുകള്‍ കളിച്ചും വല്ലപ്പോഴും കൂട്ടുകാരുമായി പുറത്തു പോയും ചെലവിടുവഴിക്കുന്നു. അങ്ങനെയിരിക്കെ വിപണിയില്‍ പുതിയതായി അവതരിപ്പിക്കപ്പെട്ട ആർട്ടിഫിഷ്യൽ ഇന്റലിജൻസോട് കൂടിയ ഓപ്പറേറ്റിംഗ് സിസ്റ്റം അയാള്‍ വാങ്ങുകയും അതിനു ഒരു സ്ത്രീ ശബ്ദം നല്‍കുകയും ചെയ്യുന്നു. സാമന്ത എന്നു അവള്‍ തന്നെ അവള്‍ക്ക് നാമകരണം ചെയ്യുന്നു. വളരെ പെട്ടന്ന്തന്നെ അവര്‍ പരസ്പരം അടുക്കുന്നു വൈകാതെ തന്നെ അവര്‍ പ്രണയത്തിലാവുന്നു. സാമന്തയുടെ ബുദ്ധിവൈഭവം മറ്റുള്ളവര്‍ സഹായിക്കാതിരുന്ന പല കാര്യങ്ങളിലും അവനെ സഹായിക്കുന്നു. എന്നാല്‍ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റത്തെ പ്രണയിക്കുക എന്ന വികാരത്തോട് പൊരുത്തപെടാന്‍ ശ്രമിക്കുന്ന അവന്‍റെ മനസ്സിനെ അവള്‍ എങ്ങനെയാവും സഹായിക്കുക ? അറിയാന്‍ ചിത്രം കാണുക.

Best Original Screenplay ക്കുള്ള ഓസ്കാര്‍ അവാര്‍ഡ്‌ ഉള്‍പ്പടെ ഒരുപ്പാട്‌ അവാര്‍ഡുകള്‍ ചിത്രം വാരിക്കൂട്ടുകയുണ്ടായി. ചിത്രത്തിന്‍റെ ജീവനായ സാമന്തയുടെ ശബ്ദം എന്നെ വളരെയധികം ആകര്‍ഷിച്ചിരുന്നു പിന്നീടു ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന നായികമാരില്‍ ഒരാളായ Scarlett Johansson ആണ് സാമന്തക്ക് ശബ്ദം നല്‍കിയത് എന്നറിയുമ്പോള്‍ ആ കഥാപാത്രത്തിനോടുള്ള ഇഷ്ടംകൂടുന്നു. എല്ലാതരത്തില്ലും ഒരു മികച്ച ചിത്രം തന്നെയാണിത്.പ്രണയചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ ഒരു കാരണ വശാലും ഈ ചിത്രം കാണാതെ പോവരുത്.

24.THE GRAND BUDAPEST HOTEL

THE GRAND BUDAPEST HOTEL (2014): മികച്ച ദ്രിശ്യ വിരുന്ന്‍ ഒരുക്കുന്നു.


Language: English
Genre: Comedy
Director : Wes Anderson
Writers : Stefan Zweig, Wes Anderson
Stars : Ralph Fiennes, F. Murray Abraham, Mathieu Amalric

GRAND BUDAPEST HOTEL ന്‍റെ സൂക്ഷിപ്പുകാരനായ Gustave H ന്‍റെയും അദ്ദേഹത്തിന്റെ വിശ്വസ്ത സുഹ്രത്തായി മാറുന്ന ലോബി ബോയ്‌ Zero Moustafa യുടെയും സാഹസിക യാത്രകളുടെ കഥയാണ്‌ പ്രധാനമായും ചിത്രം പറയുന്നത്.

കഥയെകാളുപരി ചിത്രം സമ്മാനിക്കുന്ന ദ്രിശ്യവിരുന്നിനെ കുറിച്ചാണ് എടുത്ത് പറയേണ്ടത്. ഓരോ സീനും കണ്ണിനു കുളിര്‍മ സമ്മാനിക്കുന്നു.വര്‍ണശബളമായ കഥാപാത്രങ്ങള്‍ കൊണ്ട് നിറഞ്ഞ ഭാവനയുടെ ഒരു പുത്തന്‍ ലോകം നമുക്ക് സമ്മാനിക്കുകയാണ് സംവിധായന്‍ Wes Anderson. ഒരേ സമയം തമാശ രംഗങ്ങളും ആക്ഷന്‍ രംഗങ്ങളും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്നുണ്ട് ചിത്രത്തില്‍.

എത്ര ദുഷ്കരമായുള്ള അവസ്ഥയിലും പ്രതീക്ഷ കൈവിടാത്ത Gustave ആയി Ralph Fiennes തകര്‍ത്തഭിനയിചിരിക്കുന്നു. ചിത്രത്തിലുടനീളം ഒരുപാടു കഥാപാത്രങ്ങള്‍ വന്നു പോവുന്നുണ്ടെങ്കിലും മനസ്സില് തങ്ങി നില്‍ക്കുന്നത് Gustaveഉം അയാളുടെ ലോബി ബോയ്‌ സീറോയും ആയിരിക്കും.

Tuesday, 17 June 2014

23.Chillar Party

Chillar Party (2011) : ചിരിക്കാനും ചിന്തിക്കാനും.
   

Language: Hindi
Genre: Drama, Comedy
Directors: Vikas Bahl, Nitesh Tiwari
Writers: Vikas Bahl, Vijay Maurya
Stars: Aarav Khanna, Chinmai Chandranshuh, Divji Handa

മുംബൈയിലെ ചന്ദന്‍ നഗറിലെ ഒരു സംഗം കുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്.

ചന്ദന്‍ നഗറില്‍ പുതുതായി ജോലിക്ക് വന്നതാണ്‌ കുട്ടി ഫട്കയും അവന്‍റെ നായ ഭിടുവും. ഒരനാഥനായ അവനു അവിടെ താമസ സൌകര്യങ്ങളൊന്നും തന്നെ കിട്ടാത്തതിനെ തുടര്‍ന്ന് ആര്‍ക്കും വേണ്ടാതെ കിടക്കുന്ന ഒരു പഴഞ്ചന്‍ കാര്‍ അവനും നായയും തങ്ങളുടെ വീടാക്കി മാറ്റുന്നു.
സ്ഥലത്തെ പ്രധാന വികൃതി കുട്ടികളുടെ സംഗമായ ചില്ലര്‍ പാര്‍ട്ടിയില്‍ നിന്നും ഫട്കക്കും നായ ഭിടുവിനും നല്ല പണി കിട്ടുന്നുണ്ട് വിട്ടുകൊടുക്കാന്‍ അവരും തൈയ്യാറല്ല. അങ്ങനെയിരിക്കെ ചില്ലര്‍ പാര്‍ട്ടിയെ ഒരു ക്രിക്കറ്റ്‌ മത്സരം ജയിക്കാന്‍ ഫട്കയും നായയും സഹായിക്കുനതോടെ അവനും ചില്ലര്‍ പാര്‍ട്ടിയുടെ അംഗമാവുന്നു.

അങ്ങനയിരിക്കെ ചന്ദന്‍ നഗറിലെ പുതിയ ചില്‍ഡ്റന്‍സ് പാര്‍ക്ക്‌ ഉല്‍ഘാടനം ചെയ്യാന്‍ എത്തിയ രാഷ്ട്രിയ പ്രവര്‍ത്തകന്‍ Shashikant Bhideയുടെ സന്ദര്‍ശനം അവസാനിച്ചത്‌ നഗരത്തിലെ എല്ലാ തെരുവു നായകളെയും,പിടികൂടാന്‍ നഗരസഭയെ ചുമതലപ്പെടുതുന്നതിലായിരുന്നു.
ഭിടുവിനെ നഷ്ടപ്പെടാതിരിക്കാന്‍ കുട്ടികള്‍ ഇതിനെ എതിര്‍ക്കാന്‍ ശ്രമിക്കുന്നു അതിനവര്‍ക്ക് ചന്ദന്‍ നഗറിലെ 50% ത്തിനു മുകളില്‍ ഉള്ള വെക്തികളുടെ സമ്മതപത്രം വേണം എന്നാല്‍ കാര്യം അത്ര എളുപ്പമല്ല അവര്‍ക്കെതിരെ Shashikant Bhideഉം അയാളുടെ ആളുകളും ഉണ്ട്.
എന്തായിരിക്കും നമ്മുടെ കുട്ടി സംഗം ഇനി കാട്ടി കൂട്ടാന്‍ പോവുന്നത് ? അത് കണ്ടു തന്നെ അറിയണം.

നല്ലൊരു കഥ അത് നല്ല രീതിയില്‍ അവതരിപ്പികുകയും ചെയ്തിരിക്കുന്നു. കുട്ടികളുടെ കുസൃതികള്‍ കൊണ്ട് ആദ്യ പകുതി വളരെ പെട്ടന്ന് കടന്നുപോകുന്നു. ഭിടുവിനെ രക്ഷിക്കാനുള്ള അവരുടെ ശ്രമങ്ങളാണ് രണ്ടാം പകുതിയില്‍. വഞ്ചനയും ചതിയും ഒന്നും അറിയാത്ത കുട്ടികളുടെ നിഷ്കളങ്ക മനസ്സിനെയും മൃഗങ്ങളോടുള്ള അവരുടെ സ്നേഹവും എല്ലാം ചിത്രത്തില്‍ നമുക്ക് കാണാം. പിന്നെ ഏതൊരു ചെറിയ പ്രശ്നവും ഊതിപ്പെരുപ്പിച്ചു മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും മുന്‍പില്‍ ഒരുതരം ഹീറോയിസം ചമയാനുള്ള നമ്മുടെ രാഷ്ട്രിയകാരുടെ ശ്രമവും ചിത്രത്തില്‍ നന്നായി വരച്ചുകാട്ടുന്നു.

ഇതിലെ താരങ്ങള്‍ കുട്ടികള്‍ തന്നെയാണ് അവരുടെ അഭിനയം വളരെ മനോഹരമായിരിക്കുന്നു. നല്ലൊരു ഫീല്‍ തരുന്ന ഒരു നല്ല ചിത്രം.

22.Sixteen

Sixteen (2013) : പതിനാറുകാരുടെ ലോകത്തേക്ക് സ്വാഗതം.


Language: Hindi
Genre: Drama
Director: Raj Purohit
Writers: Raj Purohit, Pawan Sony
Stars: Wamiqa Gabbi, Izabelle Liete, Mehak Manwani

പതിനാറു വയസ്സു എന്നത് ഏതൊരു മനുഷ്യന്‍റെ ജീവിതത്തിലെയും ഒരു പ്രധാന കാലഖട്ടം ആണ്. കുട്ടിക്കാലത്തില്‍ നിന്നും കൌമാരത്തിന്റെ ചിറകുകളില്‍ നാം പറന്നു വിഹരിക്കുന്ന ഒരു മാന്ത്രിക കാലം. പണ്ട് നിഷ്കളങ്കതയുടെയും ആദ്യ പ്രണയത്തിന്റെയും ഒക്കെ കാലം ആയിരുന്നു അത്. എന്നാല്‍ ഈ ഇന്റര്‍നെറ്റ്‌ യുഗത്തില്‍ ഏറ്റവും അപകടം പിടിച്ച ഒരു പ്രായമായി മാറിയിരിക്കുകയാണ് പതിനാറ്.

ഡല്‍ഹിയുടെ പശ്ചാത്തലത്തില്‍ നഷ്ട്ടപ്പെട്ടുപോയ നിഷ്കളങ്കതയുടെയും കൌമാരത്തിന്റെ ദുഖങ്ങളിലൂടെയുമാണ് ഈ ചിത്രം കടന്നു പോവുന്നത്.
ഇനി നമുക്ക് ഇവരെ പരിചയപെടാം.

അനു, സുന്ദരി തന്റെടി ആത്മവിശ്വാസമുള്ളവള്‍ അവളുടെ വസ്ത്രധാരണത്തിലും, ജീവിതത്തോടുള്ള മനോഭാവത്തിലും എല്ലാം അവള്‍ ഇപ്പോഴേ ഒരു സ്ത്രീ ആയി കഴിഞ്ഞു എന്നു കാണാം. തനിക്കു ചുറ്റുമുള്ള പുരുഷന്മാരില്‍ അവള്‍ക്ക് ഉണ്ടാക്കാന്‍ കഴിയുന്ന സ്വാധീനത്തെപ്പറ്റി അവള്‍ക്ക് നന്നായി അറിയാം. പ്രേമവും പ്രേമനൈരാശ്യവുമെല്ലാം അവള്‍ക്ക് വളരെ സുപരിചിതമാണ് മിസ്സ്‌ ഇന്ത്യ ആവുക എന്നതാണ് അവളുടെ ലക്ഷ്യം.

തനീഷ, അവള്‍ പ്രണയവും തേടി നടകുകയാണ്, താന്‍ നോക്കുന്ന പൈയ്യനില്‍ ചെറിയൊരു കുറവ് കണ്ടാല്‍ മതി അപ്പോള്‍ അവള്‍ അവനെ ഉപേക്ഷിക്കും. നല്ല ധൈര്യശാലിയണവള്‍, സുപരിചിതനല്ലാത്ത ഒരാളുടെ കൂടെ ഡേറ്റിനു പോവാനും അവള്‍ക്ക് മടിയില്ല.

നിദി, നിഷ്കളങ്ക ഇപ്പഴും കന്യകയായി നില്‍ക്കുന്നതിന്‍റെ പേരില്‍ കൂട്ടുകാരികളില്‍ നിന്നും സ്ഥിരം കളിയാക്കല്‍ നേരിടുന്നുണ്ടിവള്‍. അച്ഛന്റെ പുന്നാര കുട്ടി.

അശ്വിന്‍, ഒരു ഇടത്തരം കുടുംബത്തിലെ അംഗം. കനിശകാരനായ അവന്‍റെ അച്ഛന്‍ എങ്ങനെയും അവനെ ഒരു ഐ എ സ് ഓഫീസര്‍ ആക്കിയെ അടങ്ങു എന്ന വാശിയിലാണ്.

The Perks of Being a Wallflower പോലെ ഒരു കമിംഗ് ഓഫ് ഏജ് ചിത്രം തന്നെയാണ് ഇതും. കുറച്ചു വലിച്ചു നീട്ടി എന്നതൊഴിച്ചാല്‍ ഈ ജെനിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്ന്‍ തന്നെയാണ് സിക്സ്ടീന്‍. പാശ്ചാത്യ ജീവിത രീതി നമ്മുടെ കൌമാരകാരുടെ ജീവിതത്തെ എത്ര മാത്രം ബാധിക്കുന്നുണ്ട് എന്നു ചിത്രം തുറന്നു കാട്ടുന്നു. അതുപോലെ കുട്ടികളില്‍ അമിതമായ ഭാരം കയറ്റിവെച്ച് അവരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന മാതാപിതാക്കള്‍ അവരില്‍ ഏല്‍പ്പിക്കുന്ന മുറിവുകളും ഇതില്‍ നമുക്ക് കാണാം.

ഇതുപോലൊരു ആശയം അതിന്‍റെ അനുഭൂതി ഒട്ടും തന്നെ ചോര്‍ന്നു പോവാതെ പ്രേക്ഷകരിലേക്ക് എത്തിക്കുവാന്‍ സംവിധായകന്‍ Raj Purohit ഇന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ചിത്രത്തിന്‍റെ ദൈര്‍ക്യത്തിന്റെ കാര്യത്തില്‍ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ ചിത്രം കുറേകൂടി മികച്ചതാക്കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. അഭിനയത്തിന്‍റെ കാര്യത്തില്‍ എല്ലാവരും നന്നായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഹിന്ദി ചിത്രങ്ങളില്‍ വേണ്ടത്ര ശ്രദ്ധ കിട്ടാതെപോയ നല്ലൊരു ചിത്രം. കാണാത്തവര്‍ ഉടനെ കാണുക.

Saturday, 14 June 2014

21.Hasee Toh Phasee

Hasee Toh Phasee (2014) : Highway, Queen, എന്നി ചിത്രങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം എനിക്കിഷ്ടപെട്ട ഹിന്ദി ചിത്രം.


Language: Hindi
Genre: Romantic Comedy
Director: Vinil Matthew
Writers: Harshavardhan Kulkarni (story), Harshavardhan Kulkarni
Stars: Sidharth Malhotra, Parineeti Chopra, Adah Sharma

തങ്ങളുടെ കുടുംബങ്ങളിലേക്ക്‌ ഇഴകി ചേരാന്‍ ശ്രമിക്കുന്ന വഴക്കാളിയും വിചിത്ര സ്വഭാവമുള്ള Meeta യുടേം കുസൃതിക്കാരന്‍ Nikhilന്റേം കഥയാണ് ചിത്രം പറയുന്നത്.

തന്‍റെ സഹോദയിരുടെ കല്യാണത്തിന്‍റെ അന്ന് വീട്ടില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിക്കുന്നതിനിടയിലാണ് നിഖില്‍ മീതയെ ആദ്യമായി കാണുന്നത്. അതെ ദിവസം തന്നെ അവളുടെ സഹോദരി കരിഷ്മയുമായി അവന്‍ പ്രണയത്തിലാവുകയും ചെയ്തു.

പിന്നീട് ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം നിഖിലിന്‍റെയും കരിഷ്മയുടെയും വിവാഹ നിശ്ചയത്തിന്റെ അന്ന് മീത വീണ്ടും അവനു മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. കരിഷ്മയാണ് അവനെ അവള്‍ക്ക് പരിചയപെടുത്തിയത് അവളെ ഏതെങ്കിലുമൊരു ഹോട്ടലില്‍ താമസിപ്പിക്കാന്‍ അവനോട് അവള്‍ പറയുന്നു. തന്നെ ഒന്നിനും കൊള്ളാത്തവനായി കാണുന്ന കരിഷ്മയെ ഒന്ന് സന്തോഷിപ്പികാന്‍ അവന്‍ ഈ അവസരം ഉപയോഗിക്കുന്നു. അങ്ങനെ മീതയെ തന്നോടൊപ്പം തന്നെ അവന്‍ നിര്‍ത്തുന്നു. വിവാഹത്തിന് ഇനി വെറും ഏഴു ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഇതിനിടയില്‍ ഇവര്‍ക്കിടയില്‍ സംഭവിക്കുന്ന രസകരമായ സംഭവങ്ങളാണ് ബാക്കി കഥ.

Parineeti Chopra യാണ് ചിത്രത്തിന്‍റെ ജീവന്‍ ബുദ്ധിമതിയും എന്നാല്‍ വിചിത്രസ്വഭാവവുമുള്ള മീതയായി വളരെ നന്നായി തന്നെ ഇവര്‍ അഭിനയിച്ചിട്ടുണ്ട്. കഥയില്‍ വലിയ പുതുമയൊന്നും അവകാശപ്പെടാനില്ല എങ്കിലും രസകരമായ നല്ല കുറച്ചു നിമിഷങ്ങള്‍ ഉണ്ട് ചിത്രത്തില്‍. എന്തായാലും ഞാന്‍ ശെരിക്കും എന്‍ജോയ് ചെയ്തു.

20.Labor Day

Labor Day (2013) : ഫീല്‍ ഗുഡ് മൂവിസിന്‍റെ കൂട്ടത്തിലേക്ക് ഒരെണ്ണം കൂടെ.


Language: English
Genre: Drama
Director: Jason Reitman
Writers: Jason Reitman (screenplay), Joyce Maynard (based on the novel by)
Stars: Kate Winslet, Josh Brolin, Gattlin Griffith

അച്ഛന്‍ Gerald തങ്ങളെ വിട്ടു പോയതിനു ശേഷം Henryയും Adeleഉം ഒറ്റയ്ക്കാണ് താമസിക്കുന്നത്. വളരെയധികം ഏകാന്തത നിറഞ്ഞതായിരുന്നു അവരുടെ ജീവിതം. മാനസികമായി ആകെ തളര്‍ന്ന അമ്മയെ സെവെന്‍ത് ഗ്രേഡില്‍ പഠിക്കുന്ന Henry തനാല്‍ കഴിയുന്ന രീതിയിലൊക്കെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നാല്‍ അതിനൊക്കെ കുറച്ചു സമയത്തേക്ക് മാത്രമേ അവരെ സന്തോഷിപ്പികാന്‍ സാധിച്ചിരുന്നുള്ളു.

അങ്ങനെയിരിക്കെ വീട്ടിലേക്ക്‌ ആവശ്യമായ സാദനങ്ങള്‍ വാങ്ങാന്‍ കടയില്‍ ചെന്ന അവരുടെ മുന്‍പിലേക്ക് ഒരു അപരിചിതന്‍ കടന്നു വരുന്നു. Frank എന്നായിരുന്നു അയാളുടെ പേര്, ജയില്‍ ചാടിയ അയാള്‍ക്ക് ഒരു താല്‍കാലിക ഒളിതാവളമായിരുന്നു ആവശ്യം അങ്ങനെ അവരുടെ പഴകിപൊളിഞ്ഞ വീട്ടില്‍ അയാള്‍ അവര്‍ക്കൊപ്പം കൂടുന്നു. പിറ്റേന്ന് രാവിലെ നാട് വിടാന്‍ ആയിരുന്നു അയാള്‍ ഉദേശിചിരുന്നത് എന്നാല്‍ പോലീസ് അയാള്‍ക്കായി നാട് മുഴുവന്‍ വല വിരിച്ചതോടെ അയാള്‍ക്ക് അവരുടെ കൂടെ തന്നെ തങ്ങേണ്ടി വരുന്നു.

തങ്ങള്‍ വിചാരിച്ചപോലെ അപകടകാരിയല്ല Frank എന്നു മനസിലാക്കുന്നതോടെ Henryയും അമ്മയും അയാളോട് കൂടുതല്‍ അടുക്കുന്നു. Frankന്‍റെ സാമിപ്യം തന്‍റെ ദുഃഖങ്ങള്‍ മറക്കാന്‍ Adeleനു സഹായകരമാവുന്നു. ഒരച്ഛന്റെ സാമിപ്യം Henryക്കും അനുഭവപെടുന്നു.

ഫ്രാങ്ക് രക്ഷപെടുമോ അതോ പോലീസിന്‍റെ കയ്യില്‍ അകപെടുമോ ? അടെലിനും ഹെന്‍ട്രിക്കും ഇനി എന്താണ് സംഭവിക്കുക ? ഫ്രാങ്കിലൂടെ ഒരു പുതിയ ജീവിതം അവര്‍ക്ക് ലഭിക്കുമോ ? ഇതൊക്കെയാണ് ബാക്കി കഥ.

ഫീല്‍ ഗുഡ് മോവിസ് കാറ്റഗറിയില്‍ പെടുത്താവുന്ന ഒരു കൊച്ചു ചിത്രം. കുടുംബത്തിന്‍റെയും പ്രതീക്ഷയുടെയും സ്നേഹത്തിന്‍റെയും ഒക്കെ കഥയാണ് ചിത്രം പറയുന്നത്. എങ്ങോട്ടാണു കഥ നീങ്ങുന്നതെന്ന് നമുക്ക് അറിയാന്‍ സാധിക്കുമെകിലും ചിത്രത്തിലുള്ള താല്‍പര്യം ഒട്ടും തന്നെ നമുക്ക് നഷ്ടമാവുന്നില്ല, അത് തന്നെയാണ് ഈ ചിത്രത്തിന്‍റെ സവിശേഷത.

Kate Winslet, Josh Brolin എന്നിവര്‍ നന്നായിട്ടുണ്ടെങ്കിലും, അമ്മയുടെ വിഷമമം മാറ്റാന്‍ എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത മകനായി അഭിനയിച്ച Gattlin Griffith ന്‍റെ അഭിനയമാണ് എനിക്ക് കൂടുതല്‍ ഇഷ്ടമായത്.

Thursday, 12 June 2014

19.X-Men: Days of Future Past

X-Men: Days of Future Past (2014) : അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.


Language: English
Genre: Superhero
Directed: Bryan Singer    
Writers: Simon Kinberg, Jane Goldman, Simon Kinberg, Matthew Vaughn
Stars: Patrick Stewart, Ian McKellen, Hugh Jackman, Jennifer Lawrence

2000 ത്തില്‍ തുടങ്ങിയ X-Men സീരീസ്‌ന്‍റെ അവസാന ഭാഗമായ 2006ല്‍ ഇറങ്ങിയ X-Men: The Last Standന്‍റെയും പിന്നീടു റീബൂട്ട് സീരീസ്‌ ലെ ആദ്യ ഭാഗമായ 2011ല്‍ ഇറങ്ങിയ X-Men: First Class ന്‍റെയും തുടര്‍ച്ചയാണ് ഈ വര്‍ഷം ഇറങ്ങിയ X-Men: Days of Future Past. ഒരേ സമയം രണ്ടു ചിത്രങ്ങളുടെ തുടര്‍കഥയാണ് പറയുന്നത് എന്നത് തന്നെയ്യായിരുന്നു ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. അത് കൊണ്ട് തന്നെ വളരെ പ്രതീക്ഷ ഉണ്ടായിരുന്നു ഈ ചിത്രത്തില്‍ അതിനൊത്ത് ഉയരാനും ചിത്രത്തിനു സാധിച്ചിരിക്കുന്നു.

Sentinels, 1973 ല്‍ mutants നെ വേട്ടയാടി നശിപ്പിക്കാന്‍ വേണ്ടി രൂപകല്‍പ്പന ചെയ്യപ്പെട്ട റോബോട്ട്സ്. എന്നാല്‍ 50 വര്‍ഷങ്ങള്‍ പിന്നിട്ടു വര്‍ത്തമാന കാലതെക്കെത്തിയപ്പോള്‍ mutantsനെ സഹായിക്കുന്ന മനുഷ്യരെയും ഇവര്‍ കൊല്ലാന്‍ തുടങ്ങിയിരിക്കുന്നു. Charles Xavier ഉം അദ്ദേഹത്തിന്റെ X-Menഉം
ഏതുവിതെനയും Sentinels നെ തകര്‍ക്കാന്‍ ശ്രമിക്കുനുണ്ടെങ്കിലും ഏതൊരു mutant ശക്തിയെയും ആവശ്യമായ രീതിയില്‍ അവര്‍ക്കെതിരെ തന്നെ ഉപയോഗിക്കാനുള്ള ഇവയുടെ കഴിവ് അവയെ അതിശക്തരാക്കുന്നു.
1973ല്‍ Bolivar Trask എന്ന ശാസ്ത്രഞ്ജന്‍ Sentinels നെ ഉണ്ടാക്കുന്നു എന്നറിഞ്ഞ Mystique അയാളെ കൊലപെടുത്തുകയും ഒപ്പം പിടിക്കപ്പെടുകയും ചെയ്യുകയുമുണ്ടായി. Mystiqueന്‍റെ രൂപം മാറാനുള്ള കഴിവ് മറ്റേതോ രീതിയില്‍ ഉപയോഗിചായിരുന്നു പിന്നീടു Sentinels നു മറ്റു mutants ന്‍റെ ശക്തികള്‍ അവര്‍ക്കെതിരെ ഉപയോഗിക്കാനുള്ള കഴിവ് പകര്‍ന്നു കൊടുത്തത്.

ഇതിനാല്‍ ഭൂതകാലത്തേക്ക് ചെന്ന് ഈ സംഭവങ്ങള്‍ എല്ലാം ഉണ്ടാവുന്നതിനു മുന്‍പേ അവ തടയാന്‍ ചാള്‍സ് തീരുമാനിക്കുന്നു അതിനായി തന്നെ 1973ലേക്ക് അയക്കാന്‍ അവന്‍ Kitty Pryde (ഷാഡോ കാറ്റ്, ഏതൊരാളുടെയും consciousness നെ ഭൂതകാലത്തേക്ക് അയക്കാന്‍ ഇവള്‍ക്ക് സാധിക്കും) നോട്‌ ആവശ്യപെടുന്നു. എന്നാല്‍ 50 വര്‍ഷങ്ങള്‍ പിന്നിലേക്ക്‌ ആരെയും അയക്കാന്‍ തനിക്കാവില്ലെന്ന് അവള്‍ പറയുന്നു കാരണം ആ യാത്ര ചിലപ്പോള്‍ അയാളെ തന്നെ നശിപ്പിച്ചു കളഞ്ഞെല്‍ക്കാന്‍ ഇടയുണ്ട്.

തന്‍റെ ശരീരത്തിന് ഈ യാത്ര അതിജീവിക്കാന്‍ സാധ്യത ഉള്ളതിനാല്‍ Logan (wolverine) പോകാന്‍ തൈയ്യറാവുന്നു. ലോഗന്‍ ഭൂതകാലത്ത് ചെന്ന് അന്നത്തെ ചാള്‍സിനെ കണ്ടു അദ്ദേഹത്തിന്റെ സഹായത്തോടെ ഭാവിയില്‍ ഉണ്ടായ ഈ യുദ്ധത്തെ തടയേണ്ടതാണ് എന്നാല്‍...

ഇനി എന്ത് സംഭവിച്ചു എന്നറിയാന്‍ ചിത്രം കാണുക.

സൂപ്പര്‍ ഹീറോ ചിത്രങ്ങള്‍ ഇഷ്ടപെടുന്നവരെ പ്രത്യേഗിച്ചും X-Men സീരീസ്‌ ഇഷ്ടപെടുന്നവര്‍ക്ക് വേണ്ട എല്ലാ ചേരുവകളും ചിത്രത്തിലുണ്ട്. എപ്പോഴത്തെയും പോലെ wolverine ആയി Hugh Jackman തകര്‍ത്തിട്ടുണ്ട് എന്നാല്‍ എടുത്ത് പറയേണ്ടത് Mystique ആയി Jennifer Lawrence ന്‍റെയും Quicksilver ആയി Evan Peters ന്‍റെയും പ്രകടന്നങ്ങളാണ്. മൊത്തത്തില്‍ ഇത്തരം ചിത്രങ്ങള്‍ ഇഷ്ടപെടുന്നവരാണ് നിങ്ങള്‍ എങ്കില്‍ തീര്‍ച്ചയായും കാണുക.

18.The Boy in the Striped Pajamas

The Boy in the Striped Pajamas (2008) : കാണാതെ പോവരുത് ഈ മനോഹര ചിത്രം.


Language : English
Genre : Historical-Drama
Director:Mark Herman
Writers:John Boyne (novel), Mark Herman
Stars:Asa Butterfield, David Thewlis, Rupert Friend

വളരെ കാലമായി കാണാന്‍ ആഗ്രഹിക്കുന ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇതും. രണ്ടാംലോക മഹായുദ്ധ കാലത്ത് അരങ്ങേറിയ കൊടും ക്രൂരധകളുടെ പശ്ചാത്തലത്തില്‍ കുട്ടികളുടെ സൌഹൃദത്തിലൂടെ ഒരു നല്ല സന്ദേശം നമുക്ക് പകര്‍ന്നു നല്‍കുകയാണ് സംവിധായകന്‍.

രണ്ടാംലോക മഹായുദ്ധ കാലത്താണ് കഥ നടക്കുന്നത്. ഹിറ്റ്ലറുടെ ജൂധവിരുദ്ധ അജണ്ട കൃത്യമായി പാലിക്കുന്ന നാസി പട്ടാളത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് ബ്രുണോയുടെ അച്ഛന്‍. എന്നാല്‍ അയാളുടെ ഭാര്യക്കും അമ്മയ്ക്കും അയാളുടെ പ്രവര്‍ത്തികളോട് യോജിപ്പില്ല.

അങ്ങനെയിരിക്കെ ബ്രുണോയുടെ അച്ഛന് സ്ഥാനകയറ്റതോടെ സ്ഥലമാറ്റമാവുന്നു. തന്‍റെ കൂട്ടുകാരെയെല്ലാം വിട്ടുപോന്നത് അവനു വലിയ സങ്കടമായിരുന്നു. ഏകാന്തത നിറഞ്ഞ പുതിയ വീടിന്‍റെ അന്തരീക്ഷവും പരിമിതമായ സഞ്ചാരസ്വാതന്ത്ര്യവും വീടിനു ചുറ്റും എന്താണെന്നു അറിയാന്‍ അവനെ പ്രേരിപ്പിക്കുന്നു. അങ്ങനെ അവന്‍ വീടിനടുത്തുള്ള ജൂത ക്യാമ്പ്‌ കണ്ടെത്തുന്നു. അവിടെയുള്ള Shmuel എന്ന കുട്ടിയുമായി അടുക്കുന്നു. വൈകാതെ തന്നെ അവര്‍ അടുത്ത കൂട്ടുകാരാവുന്നു. ക്യാമ്പിന്റെ ഇരുവശങ്ങളിളുടെ അവര്‍ കളിക്കുകയും തങ്ങളുടെ സന്തോഷവും ദുഖവും എല്ലാം പങ്കുവെക്കുന്നു.എന്നാല്‍ ഉന്മൂലനം കാത്തു കിടക്കുന്ന ഒരുവനാണ് Shmuel എന്ന കാര്യം ബ്രുണോയ്ക്ക് അറിയില്ല. ഇതിനിടയില്‍ ബ്രുണോയുടെ വീട്ടില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകുന്നു.

എന്താണ് ആ പ്രശ്നങ്ങള്‍ ? ബ്രുണോയ്ക്കും Shmuel നും എന്താണ് സംഭവിക്കുക ? ഇതെല്ലാമാണ് ബാക്കി കഥ.

ജാതിയും മതവും വംശവുമെല്ലാം മനുഷ്യന്‍ സൃഷ്ടിച്ചതാണെന്നും എല്ലാം മനുഷ്യരും ഒന്നാണെന്നും സംവിധായകന്‍ പറയുന്നു. വംശത്തിന്റെയും ജാതിയുടെയും പേരില്‍ മനുഷ്യര്‍ പരസ്പ്പരം കാണിക്കുന ക്രൂരതകള്‍ മനുഷ്യകുലത്തിനു തന്നെ ദോഷം ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടി കാട്ടുന്നു.
Asa Butterfieldന്‍റെ ഹ്യുഗോ ആണ് ഞാന്‍ മുന്‍പ് കണ്ടിട്ടുള്ളത് പയ്യന്‍ ഇത്തവണയും തകര്‍ത്തിട്ടുണ്ട്. അതുപോലെ Shmuel ആയി അഭിനയിച്ച Jack Scanlon ഉം നന്നായിട്ടുണ്ട്.

വളരെ മികച്ച ഒരു ചിത്രം തന്നെയാണ് ഇതെന്ന് നിസംശയം പറയാം. കാണാത്തവര്‍ എത്രയുംവേഗം കാണുക.

17.Pannaiyarum Padminiyum

Pannaiyarum Padminiyum (2014) : തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം.


Language : Tamil
Genre : Drama
Director:Arun Kumar
Writer:Arun Kumar
Stars:Vijay Sethupathi, V. Jayaprakash, Tulasi

കുറേ നാളായി കാണാന്‍ ആഗ്രഹിക്കുന്ന ചിത്രമായിരുന്നു ഇതു സാധിച്ചത് ഇപ്പോഴാണെന്നു മാത്രം. കണ്ടു കഴിഞ്ഞപ്പോള്‍ നേരത്തെ കാണാത്തതില്‍ നല്ല വിഷമവും തോന്നി.

തൊണ്ണൂറുകളില്‍ തമിഴ്നാട്ടിലെ ഉള്ള് ഗ്രാമങ്ങളില്‍ ഒന്നിലാണ് കഥ നടക്കുന്നത്. നാട്ടിലെ ഏറ്റവും സമ്പന്നന്‍ ആണ് പണ്ണയാര്‍. (ജയപ്രകാശ്) റേഡിയോ ടി വി എന്നുവേണ്ട ആ നാട്ടില്‍ ആദ്യമായി കക്കൂസ്പോലും കൊണ്ടുവന്നത് പണ്ണയാര്‍ ആണ്. അങ്ങനെയിരിക്കെ അദ്ദേഹത്തിന്റെ സുഹൃത്ത് ഷണ്മുഖന്‍ തന്‍റെ പ്രീമിയര്‍ പദ്മിനി കാര്‍ തന്‍റെ മകളുടെ അടുത്തേക്ക് പോകുന്ന സമയം പണ്ണയാരേ ഏല്‍പ്പിച്ചു മടങ്ങുന്നു.
നാട്ടിലെ ട്രക്ക്‌ ഡ്രൈവര്‍ ആയ മുരുഗേശന്‍ പദ്മിനി കാറിന്‍റെ സാരഥിയാവുന്നു. ആ നാട്ടിലെ എല്ലാവരും ആ കാറിനോട് മനസ്സുകൊണ്ട് ഒരുപാടു അടുക്കുന്നു. അങ്ങനെ നാട്ടിലെ സകല ആവശ്യങ്ങള്‍ക്കും പദ്മിനി ഓടിതുടങ്ങി, പച്ചകറി മേടിക്കാനും കല്യാണത്തിനും മരണത്തിനും എന്തിനധികം പ്രസവം വരെ കാറില്‍ വെച്ച് സംഭവിച്ചു.
കാര്‍ വന്നതോടെ അവിടെ ഉള്ളവരുടെയെല്ലാം ജീവിതം ആകെ മാറിയിരിക്കുകയാണ്.

അങ്ങനെയിരിക്കെ തങ്ങളുടെ കല്യാണദിവസം അമ്പലത്തില്‍ പോവുമ്പോള്‍ കാര്‍ പണ്ണയാര്‍ ഓടിക്കണമെന്ന അദ്ദേഹത്തിന്റെ ഭാര്യയുടെ ആഗ്രഹപ്രകാരം മുരുഗേശന്‍ അയാളെ കാര്‍ ഓടിക്കാന്‍ പഠിപ്പിച്ചു തുടങ്ങുന്നു. ഇങ്ങനെ ഓരോരുത്തര്‍ക്കും
പദ്മിനി കാറിനെ ചുറ്റിപറ്റി പല ആഗ്രഹങ്ങളും ഉണ്ട് എന്നാല്‍ ചില പ്രശ്നങ്ങളുണ്ട് അതില്‍ പ്രധാന പ്രശ്നം ഷണ്മുഖന്‍ വന്നു കാര്‍ ചോദിച്ചാല്‍ ഉടനെ കൊടുക്കേണ്ടിവരും എന്നതാണ്. എന്തൊക്കെയാണ് മറ്റു പ്രശ്ന്നങ്ങള്‍ ? ഈ പ്രശ്നങ്ങള്‍ ഒക്കെ അതിജീവിച്ച് എല്ലാവരുടെയും ആഗ്രഹങ്ങള്‍ നിറവെറുമോ ? ഇതൊക്കെയാണ് ബാക്കി കഥ പറയുന്നത്.

വളരെ ചെറിയൊരു കഥ വളരെ മനോഹരമായി സംവിധായകന്‍ S.U.Arunkumar അവതരിപ്പിച്ചിരിക്കുന്നു. പണ്ണയാരും ഭാര്യയും തമ്മിലുള്ള കളങ്കമില്ലാത്ത സ്നേഹം വളരെയധികം ഭംഗിയില്‍ തന്നെ നമ്മുടെ മുന്നില്‍ അവതരിപ്പിക്കാന്‍ സംവിധയകന് സാധിച്ചിട്ടുണ്ട്.

വിജയ്‌ സേതുപതി, ഓരോ ചിത്രം കഴിയുംതോറും ഇങ്ങേരോടുള്ള ഇഷ്ടം കൂടിവരികയാണ്‌. മുനിര നായകന്മാര്‍ ഹീറോയിസം നിറഞ്ഞ കഥാപാത്രങ്ങള്‍ക്ക് പിറകെ പോവുമ്പോള്‍ മികച്ച ചിത്രങ്ങളുടെ ഭാഗമാവുകയാണ്‌ ഇദ്ദേഹം. പണ്ണയാര്‍ ആയി ജയപ്രകാശ് തകര്‍ത്തിട്ടുണ്ട് അദ്ദേഹത്തിന് കിട്ടിയ ഏറ്റവും മികച്ച വേഷം ഇതു തന്നെയാണ് എന്നു നിസംശയം പറയാം.പണ്ണയാരുടെ ഭാര്യയായി വന്ന തുളസിയും ബീഡ ആയി അഭിനയിച്ച ബാലാസരവണനും നന്നായിട്ടുണ്ട്.

മറ്റൊന്ന് ജസ്റ്റിന്‍ പ്രഭാകര്‍ ഒരുക്കിയിട്ടുള്ള ഇതിലെ ഗാനങ്ങളാണ് എല്ലാംതന്നെ മനസ്സിന്നു നല്ലൊരു ഫീല്‍ നല്‍കുന്നുണ്ട്.

അങ്ങനെ മൊത്തത്തില്‍ നല്ലൊരു ഫീല്‍ ഗുഡ് മൂവി.

16.Uyyala Jampala


Uyyala Jampala (2013) : നേരം കളയാന്‍ പറ്റിയ പടം


Language : Telugu
Genre : Romantic Comedy
Director: Virinchi Varma
Writers:Ram Mohan P., Raj Tarun
Stars:Raj Tarun, Avika Gor, Punarnavi Bhupalam

സൂരിയും ഉമാദേവിയും ചെറുപ്പം മുതലേ കീരിയും പാമ്പും പോലെയാണ് രണ്ടു പേരും പരസ്പരം കണ്ടാല്‍ അടിപിടി ഒഴിഞ്ഞിട്ട് നേരമുണ്ടാകില്ല. സൂരിയുടെ അമ്മയുടെ ഇളയ സഹോദരന്റെ മകളാണ് ഉമാദേവി. ഉമാദേവി എല്ലാ സൗകര്യങ്ങളും ഉള്ള വീട്ടില്‍ താമസികുമ്പോള്‍ അതിനടുത്ത് തന്നെ ചെറിയൊരു വീട്ടിലാണ് സൂരിയും അമ്മയും താമസിക്കുന്നത്.
ഉമാദേവിയുടെ അടുത്ത സുഹൃത്ത് സുനിതെക്ക് സൂരിയെ ഇഷ്ടമാണ് ഈ അവസരം ഉമയുമായി വഴക്കിടാന്‍ സൂരി ശെരിക്കും ഉപയോഗപെടുതുന്നുണ്ട്. ദിവസവും സുനിതയുംയി പഞ്ചാരയടിച് അവന്‍ ഉമയെ ദേഷ്യംപിടിപ്പിക്കുന്നത് പതിവാണ്. ഇതിനിടയില്‍ ഉമ മറ്റൊരു പൈയ്യനുമായി പ്രണയത്തിലാവുന്നു അതോടെ സൂരിയും സുനിതയും തമ്മിലുള്ള ബന്ധം അവള്‍ ഒട്ടും തന്നെ ശ്രദ്ധിക്കാതെ ആവുന്നു.
തുടര്‍ന്ന് ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന രസകരമായ കാര്യങ്ങളാണ്‌ ബാക്കി കഥ.

കഥയില്‍ വലിയ പുതുമ ഒന്നും തന്നെ അവകാശപെടാന്‍ ഇല്ലെങ്കിലും നല്ല ഒരു നേരം പോക്കാണ് ഈ ചിത്രം. മാസ്സ് ഡയലോഗ്സും കത്തി സീനുകളും ഇല്ലാത്ത മറ്റൊരു തെലുഗു ചിത്രം. പുതുമുഖങ്ങള്‍ ആണെങ്കിലും നായകനും നായികയും നല്ല രീതിയില്‍ തന്നെ അഭിനയിച്ചിട്ടുണ്ട്. കേട്ടു പഴകിയ കഥാഗതി അത് അവതരിപ്പിച്ചിരിക്കുന്ന രീതി കൊണ്ട് നമ്മളെ പിടിച്ചിരുത്തുന്നു, കൂടുതലൊന്നും പറയാനില്ല രണ്ടര മണിക്കൂര്‍ ചിരിച്ചു കളയാന്‍ പറ്റിയ ഒരു കൊച്ചു പ്രണയ കഥ.



Monday, 9 June 2014

15.The Fall

The Fall (2006) : ഫാന്റസിയുടെ ലോകത്തിലൂടെ ഒരു മനോഹരയാത്ര.





Language : English
Genre : Adventure Fantasy
Director : Tarsem Singh
Writers : Writers: Dan Gilroy, Nico Soultanakis

1920കളില്‍ Los Angeles പരിസര പ്രദേശത്തെവെടെയോ ഉള്ള ഒരു ആശുപത്രിയില്‍ ഒരു അപകടത്തെ തുടര്‍ന്ന്‍ കാലുകളുടെ ചലന ശേഷി നഷ്ടപെട്ട Roy Walker അഞ്ചു വയസ്സുകാരി Alexandria ക്ക് അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി അഞ്ചു നായകന്മാരേ കുറിച്ചുള്ള ഒരു അസാധാരണ കഥ പറഞ്ഞു കൊടുക്കുകയാണ്.

കഥ പുരോഗമിക്കും തോറും കെട്ടുകഥയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇവിടെ പതുക്കെ അവ്യക്തമായി കൊണ്ടിരിക്കുകയാണ്, മുറിവേറ്റ റോയുടെ മനസ്സും അവളുടെ വര്‍ണ്ണാഞ്ചിതമായ ഭാവനയ്ക്കും നന്ദി.
ഭാവനയുടെ ഒരു അതിമനോഹരമായ യാത്രയാണ്‌ ചിത്രം നമുക്ക് സമ്മാനിക്കുന്നത്. 

കൊച്ചു Alexandria തന്നെയാണ് ചിത്രത്തിന്‍റെ ജീവന്‍ അവളുടെ ഓരോ ഭാവ പ്രകടന്നങ്ങളും നമ്മെ അത്ഭുതപെടുത്തുന്നു. Alexandria ആയി Catinca Untaru മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചിരികുന്നത്.Roy Walker ആയി Lee Pace വളരെ നല്ല പ്രകടനം തന്നെയാണ് നടത്തിയിട്ടുള്ളത് എങ്കിലും ചിത്രം കഴിയുമ്പോഴും നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നത് കൊച്ചു Alexandria തന്നെയാവും.

നമ്മള്‍ ഭാരതീയര്‍ക്കും ഈ ചിത്രത്തെ കുറിച്ച് അഭിമാനിക്കാന്‍ ഒരു കാരണമുണ്ട് ഇതിന്‍റെ സംവിധായകന്‍ Tarsem Singh ഒരു ഭാരതീയന്‍ ആണ്. അതി മനോഹരമായിതന്നെയാണ് അദ്ദേഹം ചിത്രം ഒരുക്കിയിട്ടുള്ളതും.

നമ്മുടെ കണ്ണുകള്‍ക്ക് നല്ലൊരു വിരുന്ന്‍ തന്നെയാണ് ഛായാഗ്രാഹകന്‍ Colin Watkinson സംവിധായകന്‍ Tarsem Singh ഒരുക്കിയിട്ടുള്ളത് അത്ര മനോഹരമാണ് ചിത്രത്തിലെ ഓരോ ഫ്രെയ്മും ലോക്കെഷനുകളും എല്ലാം. 

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ അസ്വദിക്കാവുന്നതാണ് ഈ ചിത്രം.

Sunday, 8 June 2014

14.The Truman Show


The Truman Show (1998)



Language : English
Gnere : Drama, Sci-Fi
Director : Peter Weir
Writer : Andrew Niccol
Stars : Jim Carrey, Ed Harris, Laura Linney

നമ്മുടെ ബന്ധുക്കളും നമ്മുടെ സുഹ്രത്തുക്കളും എന്നുവേണ്ട നാം ജീവിക്കുന്ന ഈ ലോകം തന്നെ ഒരു മിഥ്യ ആണെങ്കില്‍ ? നമ്മുടേത്‌ എന്നു കരുതി നാം സ്നേഹിക്കുന്ന ബന്ധുമിത്രാധികള്‍ എല്ലാം തന്നെ വെറും അഭിനയതാക്കളും നമ്മുടെ ലോകം ഒരു വലിയ സ്റ്റുഡിയോയും ആണെങ്കില്‍ ? എന്തായിരികും നമ്മുടെ അവസ്ഥ എപ്പോഴെങ്കിലും ഒന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ ?

Truman ന്‍റെ ജീവിതം ഒരു വലിയ നുണയാണ്. അവന്‍റെ ജനനം മുതല്‍ ലോകത്തെ ഏറ്റവും വലിയ ടി വി ഷോ ആയ ദി ട്രൂമാന്‍ ഷോ യില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണവന്‍. ഒളിക്യാമറകള്‍ കൊണ്ട് നിറഞ്ഞ ഒരു വലിയ സ്റ്റുഡിയോയില്‍ ആണ് അവന്‍ ജീവിക്കുന്നത്. അവനു ചുറ്റുമുള്ളവരെല്ലാം ഈ ഷോയിലെ അഭിനയതാക്കള്‍ മാത്രമാണ്.

എന്നാല്‍ ഇതിനെ കുറിച്ചൊന്നും ട്രൂമാനു അറിയില്ല താനൊരു സാധാരണ ജീവിതം നയിക്കുന്ന സാധാരണകാരന്‍ ആണെന്നാണ് അവന്‍ വിചാരിച്ചിരിക്കുന്നത്. എന്നാല്‍ ഒരു ദിവസം അവനെല്ലാം കണ്ടെത്തുന്നു. തന്നെ ചൂഷണം ചെയ്തവര്‍ക്കെതിരെ അവന്‍ തിരിയുമോ ? ചിത്രം കണ്ടു നോക്കു.

വളരെ മികച്ച ഒരു കഥ അധിമാനോഹരമായി തന്നെ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നു. ടെലിവിഷന്‍ ഷോസ് നമ്മില്‍ ഉണ്ടാക്കുന്ന അല്ലെങ്കില്‍ അവ നമ്മെ കൊണ്ടുപോകാറുള്ള ആ മായ ലോകത്തെ കുറിച്ചും ഒക്കെ വളരെ നന്നായി തന്നെ ചിത്രത്തില്‍ പ്രതിപാതിചിട്ടുണ്ട്. എല്ലതവണത്തെയും പോലെ ഇത്തവണയും ജിം കാരി തന്‍റെ വേഷം തകര്‍ത്താടിയിരിക്കുന്നു. അദ്ദേഹത്തിന്റെ വെത്യസ്തമായ വേഷങ്ങളില്‍ ഒന്ന്‍ തന്നെയാണ് ട്രൂമാന്‍.

Friday, 6 June 2014

13.Thegidi

Thegidi (2014) : നല്ലൊരു ത്രില്ലെര്‍




Language : Tamil
Genre : Mystery, Thriller
Director : P. Ramesh
Writers : P. Ramesh
Stars : Ashok Selvan, Janani Iyer

ക്രിമിനോളജി പഠനത്തിനു ശേഷം വെട്രി ഒരു ഡിറ്റെക്റ്റിവ് ഏജന്‍സിയില്‍ ജോലിക്ക് പ്രവേശികുന്നു. ഏജന്‍സിയുടെ ക്ലൈന്റ്റുകള്‍ ആവശ്യപെടുന്ന ആളുകളെ അവരറിയാതെ നിരീക്ഷിച്ച് അവരെ പറ്റിയുള്ള വ്യെക്തമായ വിവരങ്ങള്‍ എല്ലാം അറിയിക്കുക എന്നതാണ് അവന്‍റെ ജോലി. എന്നാല്‍ പുതിയതായി അവനെ നിരീക്ഷിക്കാന്‍ ഏല്‍പ്പിച്ച മധു എന്ന പെണ്‍കുട്ടിയുമായി അവന്‍ അടുക്കുകയും പ്രണയത്തിലാവുകയും ചെയ്യുന്നു.

അങ്ങനെ ഇരിക്കെയാണ് അവന്‍ മുന്‍പ് ഏജന്‍സിക്ക് വേണ്ടി വിവരങ്ങള്‍ ശേഖരിച്ചു കൊടുത്തവരില്‍ രണ്ടു പേര്‍ മരിച്ചു എന്നറിയുന്നത് അതവനെ ആകേ പരിഭ്രാന്തിയിലാക്കുന്നു ഇനി മധുവിനും എന്തെങ്കിലും അപകടം സംഭവിക്കുമോ എന്നവന്‍ ഭയക്കുന്നു. അവരുടെ മരണത്തിന്‍റെ സത്യങ്ങള്‍ അറിയാന്‍ അവന്‍ ശ്രമം തുടങ്ങുന്നു.

വെത്യസ്തമായ മികച്ചൊരു ത്രില്ലെര്‍ തന്നെയാണ് തെഗിടി. കഥ മുന്‍പോട്ടു പോകുന്നതിനൊപ്പം പല സസ്പെന്‍സുകളും നമുക്ക് ഊഹിക്കാവുന്നവയാണെങ്കിലും സംവിധാന മികവ് ആ കുറവുകള്‍ പരിഹരിക്കുന്നു. അഭിനയതാക്കള്‍ എല്ലാവരും തന്നെ നല്ല പ്രകടനം നടത്തിയിരിക്കുന്നു. നല്ല ത്രില്ലെര്‍ ചിത്രങ്ങള്‍ ഇഷ്ടപെടുന്ന ഏതൊരാള്‍ക്കും ധൈര്യമായി കാണാം ഈ ചിത്രം.

12.Ethir Neechal

Ethir Neechal (2013)




Language : Tamil
Genre : Drama
Director : R. S. Durai Senthilkumar
Writers : R. S. Durai Senthilkumar
Stars : Sivakarthikeyan, Priya Anand and Nandita

കുന്ജിതപാതം എന്ന തന്‍റെ പഴഞ്ചന്‍ പേര് കൊണ്ട് സമൂഹത്തില്‍എല്ലാവരുടെയും പരിഹാസത്തിനും അവഹേളനത്തിനും ഇരയായി തീരുകയാണ് നമ്മുടെ നായകന്‍. തന്‍റെ എല്ലാ തോല്‍വികള്‍ക്കും തന്‍റെ പഴഞ്ചന്‍ പേരാണ് കാരണം എന്നവന്‍ വിശ്വസിക്കുന്നു. തന്‍റെ പേര് മാറ്റാന്‍ അവന്‍ തീരുമാനിക്കുന്നു. ഒരു ജ്യോത്സ്യനെ കണ്ടു ഹരിഷ് എന്ന പേര് അവന്‍ സ്വീകരിക്കുന്നു ഇതവന് ഭാഗ്യം കൊണ്ടു വരുമെന്നാണ് അവന്‍റെ വിശ്വാസം.

ഇനിയുള്ള അവന്‍റെ ജീവിതമാണ് ബാക്കി കഥ.

സ്ഥിരം റൊമാന്റിക്‌ കോമഡികളുടെ ഗണത്തില്‍ തന്നെ പെടാവുന്ന ഒരു ചിത്രം മികച്ച രണ്ടാം പകുതിയിലൂടെ നല്ലൊരു സ്പോര്‍ട്സ് ഡ്രാമയായി മാറിയിരിക്കുന്നു. ശിവ കാര്‍ത്തികേയന്‍, പ്രിയ ആനന്ദ്‌, നന്ദിത എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങള്‍ നല്ല രീതിയില്‍ തന്നെ ചെയ്തിട്ടുണ്ട്. തന്‍റെ ആദ്യ ചിത്രം സെന്തില്‍കുമാര്‍ അത്യാവശ്യം നല്ല രീതിയില്‍ തന്നെ എടുത്തിട്ടുണ്ട്. മൊത്തത്തില്‍ ഒരു തവണ കാണാവുന്ന ഒരു കൊച്ചു ചിത്രം.

Wednesday, 4 June 2014

11.Banglore Days

ബംഗ്ലൂര്‍ ഡേയ്സ് (2014) : മനസ്സ് നിറച്ചു അജുവും, കുട്ടനും, കുഞ്ചിയും.

Language : Malayalam
Genre : Drama
Director : Anjali Menon
Writers : Anjali Menon
Stars : Dulquer Salmaan, Nivin Pauly, Nazriya Nazim Etc.

Anjali Menon പുതിയ ചിത്രം വരുന്നു എന്നറിഞ്ഞപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ഈ ചിത്രത്തില്‍ ഉള്ള പ്രതീക്ഷ പിന്നെ അതില്‍ നമ്മുടെ യുവ താരങ്ങള്‍ എല്ലാം തന്നെ അണിനിരക്കുന്നു എന്നറിഞ്ഞപ്പോള്‍ പ്രതീക്ഷകള്‍ വീണ്ടും വര്‍ദ്ധിച്ചു പിന്നെ ട്രൈലെറും റിലീസിനു ശേഷം വന്ന അത്യുഗ്രന്‍ അഭിപ്രായങ്ങളും എന്നെ ഈ ചിത്രം തിയറ്ററില്‍ നിന്നും തന്നെ കാണാന്‍ പ്രേരിപ്പികുകയായിരുന്നു. ആ പ്രധീക്ഷകള്‍ക്ക് എല്ലാം മുകളില്‍ ആയിരുന്നു ഈ ചിത്രം എന്നു പറയാന്‍ അഭിമാനമുണ്ട്, കാരണം വളരെ പ്രതീക്ഷയോടെ വരുന്ന നമ്മുടെ മലയാള ചിത്രങ്ങളെല്ലാം ഈ അടുത്ത് നമുക്ക് നിരാശ മാത്രമയിരുന്നല്ലോ സമ്മാനിച്ചത്‌.

ഹോളിവുഡിലും ബോളിവുഡിലും ഇത്തരം Feel Good Movies കണ്ടപ്പോഴൊക്കെ ആഗ്രഹിച്ചിട്ടുണ്ട് ഇങ്ങനെ ഒന്ന് നമ്മുടെ മലയാളത്തിലും വന്നിരുന്നെങ്കില്‍ എന്നു, ആ ആഗ്രഹം അഞ്ജലി മേനോന്‍ സക്ഷാല്‍കരിച്ചു തന്നു.

യുവതത്തിന്റെ തുടിപ്പ് ചിത്രത്തിലുടനീളം നിലനില്‍ക്കുന്നുണ്ട്. പ്രധാനമായും അര്‍ജുന്‍ കുട്ടന്‍ ദിവ്യ എന്നി മൂന്ന് കസിന്‍സിന്റെ ജീവിതത്തിലൂടെ കടന്നു പോകുന്ന ബംഗ്ലൂര്‍ ദിനങ്ങള്‍ ഏതൊരു പ്രേക്ഷകനെയും തിയറ്ററില്‍ പിടിച്ചിരുത്തുന്നു. സൌഹൃദവും പ്രണയവും കുടുംബവും സംസ്ക്കാരവും എല്ലാം നിറഞ്ഞു നില്‍ക്കുന്നുണ്ട് ഈ ബംഗ്ലൂര്‍ ദിനങ്ങളില്‍.

അഭിനയതാക്കള്‍ എല്ലാവരും തന്നെ മികച്ച പ്രകടന്നങ്ങളാണ് കാഴ്ചവെച്ചിരിക്കുന്നത്. എങ്കിലും ഒരുപടി മുന്‍പില്‍ നിന്നത് ദുല്‍ക്കര്‍ ആണെന്ന് പറയാതെ വയ്യ. അതുപോലെ ഫഹദ് എപ്പോഴത്തെയും പോലെ തന്‍റെ ഭാഗം കുറച്ചുള്ളു എങ്കില്‍ പോലും ഗംബീരമാക്കി. അതുപോലെ നിവിന്‍ കോമഡി രംഗങ്ങള്‍ കൊണ്ട് തിയറ്ററില്‍ ഏറ്റവും അധികം കൈയടി നേടിയ രംഗങ്ങള്‍ ഇദ്ദേഹത്തിന്‍റെതായിരുന്നു. നസ്രിയക്ക് ഇതുവരെ കിട്ടിയതില്‍ വെച്ച് ഏറ്റവും നല്ല വേഷം അതൊട്ടും നശിപ്പിക്കാതെ തന്നെ ചെയ്തിരിക്കുന്നു. ഇഷ തല്‍വാറും നിത്യയും അതുപോലെ തങ്ങളുടെ ഭാഗങ്ങള്‍ നന്നായി ചെയ്തിട്ടുണ്ട്. മുതിര്‍ന്ന താരങ്ങളില്‍ ഞെട്ടിച്ചത് കല്‍പ്പന ചേച്ചിയാണ് അപ്രതീക്ഷിതമായ പല രംഗങ്ങളിലൂടെ അവര്‍ കൈയ്യടി നേടി.

Gopi Sunder ന്‍റെ BGM & Songs ചിത്രത്തോട് വളരെയധികം ഇണങ്ങുന്നതായിരുന്നു. Sameer C Thahir ന്‍റെ ഛായാഗ്രഹണം ചിത്രത്തിനു മനോഹാരിത വര്‍ധിപ്പിക്കുന്നു..

ഇതു പോലൊരു മനോഹര ചിത്രം നല്‍കിയ അഞ്ജലി മേനോനും അത് നിര്‍മ്മിച്ച അന്‍വര്‍ റഷീദിനും സോഫിയാ പോളിനും ഒരുപാട് നന്ദി. ഒരുപാട് നാളുകള്‍ക്ക് ശേഷമാണു ഞാന്‍ ഒരു മലയാള ചിത്രം തിയറ്ററില്‍ ഇത്രയും ആസ്വദിച്ചിരുന്നു കാണുന്നത്. ഓരോ സീനും വളരെയധികം ആസ്വദിച്ചു എന്നു തന്നെ പറയാം

അങ്ങനെ എല്ലാം എല്ലാം ഒന്നിനൊന്ന് മികച്ചതായപ്പോള്‍ ഏതൊരു പ്രേക്ഷകന്റെയും മനസ്സു നിറെക്കുന്നു ഈ ബംഗ്ലൂര്‍ ദിനങ്ങള്‍.