Sunday, 14 October 2018

155.96

96: A beautiful ride through memory lane.


Language: Tamil
Genre: Romance
Director: C. Prem Kumar
Writer: C. Prem Kumar
Stars: Vijay Sethupathi, Trisha Krishnan

റാം, മനസ്സ് കൊണ്ട് ഇന്നും അയാള്‍ ആ പത്താം ക്ലാസ്സില്‍ തന്നെയാണ്, ആ ഓര്‍മകളില്‍ നിന്നും ഒളിച്ചോടാന്‍ എന്നോണമാവാം അയാളൊരു ട്രാവല്‍ ഫോട്ടോഗ്രാഫര്‍ ആയി മാറിയത്. 22 വര്‍ഷങ്ങള്‍ക്കിപ്പറവും ആ മനസ്സില്‍ ഇപ്പോഴും ജാനുവും അവളോടുള്ള നിലയ്ക്കാത്ത പ്രണയവുമാണ്, വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരായിരം ഓര്‍മ്മകള്‍ തങ്ങി നില്‍ക്കുന്ന ആ സ്കൂളിലേക്ക് പ്രവേശിക്കുമ്പോള്‍ ഒരു കൗമാരക്കാരനെ പോലെ ആ പടവുകള്‍ ഓടി കയറി, ബോര്‍ഡിലെ ചോക്ക് പൊടികളിലൂടെ കൈവിരലുകള്‍ ഓടിച് തന്‍റെ ക്ലാസ്സിലേക്ക് ചെന്നിരിക്കുന്നുണ്ട് റാം. അവിടെ നിന്ന് 22 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള രാമചന്ദ്രന്‍റെ പ്രണയത്തിന്റെയും , സൗഹൃദത്തിന്‍റെയും വാതില്‍ പ്രേക്ഷകന് മുന്‍പില്‍ തുറക്കുകയാണ്.. അവിടെ അവനെ കാത്ത് ജാനകിയുണ്ട് അവന്‍റെ ജാനു...

"Changes are the Question"
"Changes are the Answer"

ഇങ്ങനെ എഴുതി കാണിച്ചു കൊണ്ടാണ് ചിത്രം തുടങ്ങുന്നത് ഈ വരികളില്‍ തന്നെയുണ്ട് ഈ ചിത്രത്തിന്‍റെ കഥയും...

'പ്രണയം' കവിതകളായും, കഥകളായും, സിനിമകളായുമെല്ലാം ഇന്നും നമുക്ക് മുന്നില്‍ വീണ്ടും വീണ്ടും വന്നു പോയി കൊണ്ടേയിരിക്കുന്നു... അവയില്‍‍ നിന്നെല്ലാം സി പ്രേംകുമാര്‍ സംവിധാനം ചെയ്ത 96നെ വേറിട്ട്‌ നിര്‍ത്തുന്നത് എന്ന്‍ ചോദിച്ചാല്‍, ഓരോ പ്രേക്ഷകനിലും ഞാന്‍ തന്നെയാണ് റാം, അല്ലെങ്കില്‍ ഞാന്‍ തന്നെയാണ് ജാനു എന്ന തോന്നലുണ്ടാക്കി കൊണ്ട് കഥ പറയാന്‍ സാധിച്ചു എന്നതിനാലാണ് എന്ന്‍ പറയാം..ഒരു പൈങ്കിളി പ്രണയകഥയോ അല്ലെങ്കില്‍ പറഞ്ഞു പഴകിയ മറ്റൊരു പ്രണയകഥയോ ആവുമായിരുന്ന കഥയെ ഇത്രമേല്‍ മികവുറ്റതാക്കുന്നത് സി പ്രേംകുമാര്‍ എന്ന എഴുത്ത്കാരന്‍റെ-സംവിധായകന്‍റെ കഴിവാണ്.. റാം-ജാനു എന്നിവരുടെ പ്രണയത്തെക്കുറിച്ച് പറയുമ്പോഴും റാമിന് ജാനുവിനോടുള്ള പ്രണയത്തെയും, ജാനുവിന് റാമിനോടുള്ള പ്രണയത്തെയും രണ്ടായി കാണിക്കാന്‍ അദ്ദേഹത്തിന്ക ഴിഞ്ഞിരിക്കുന്നു. സംഭാഷണങ്ങളിലൂടെ അതിമനോഹരമായി പ്രണയത്തെ വരച്ചുകാട്ടുന്ന വളരെ ചുരുക്കം ചില ചിത്രങ്ങളില്‍ ഒന്നാണ് 96. കൈവിട്ട് പോകുമായിരുന്നതോ, അല്ലെങ്കില്‍ പ്രേക്ഷകനില്‍ ആവര്‍ത്തന വിരസതയുടെ മടുപ്പ് ഉളുവാകുന്നതുമായ പല രംഗങ്ങളും ഒരു പുത്തന്‍ അനുഭവം എന്ന കണക്കെ അവതരിപ്പിക്കാന്‍ സംവിധായകന് സാധിച്ചിരിക്കുന്നു...

ഓര്‍മകളത്രയും കൂട്ടി വെച്ച തകരപ്പെട്ടിയും നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചു കാലത്തിനോത്ത് സഞ്ചരിക്കാന്‍ കഴിയാതെ ഇന്നും 15 വയസ്സ് കാരന്‍റെ ഓര്‍മകളില്‍, ആ ഭൂതകാലത്തില്‍ ജീവിക്കുന്ന രാമചന്ദ്രനെ വിജയ്‌ സേതുപതിയോളം ഭംഗിയായി അവതരിപ്പിക്കാന്‍ ആര്‍ക്കെങ്കിലും കഴിയും എന്ന്‍ തോന്നുന്നില്ല.. ജീവിക്കുകയായിരുന്നു അദ്ദേഹം റാം ആയിട്ട്, ഓരോ നോട്ടത്തിലും ചലനങ്ങളിലും എല്ലാം രാമചന്ദ്രനായി നിറഞ്ഞാടുകയായിരുന്നു അദ്ദേഹം.. വര്‍ഷങ്ങള്‍ക്ക് ശേഷം ജാനുവിനെ കാണുന്ന ആ രംഗം, അതുപോലെ ഹോട്ടല്‍ മുറിയില്‍ വെച്ചു അവളോടെല്ലാം തുറന്ന്‍ പറയുന്ന രംഗം, അങ്ങനെ മനസ്സിനെ ആഴത്തിലേക്ക് തറച്ചുകയറിയ ഒരുപ്പാട്‌ രംഗങ്ങളില്‍ വിജയ്‌ സേതുപതി അസാമാന്യമായ പ്രകടനം കൊണ്ട് നമ്മെ അമ്പരപ്പിക്കുന്നുണ്ട്...

തൃഷ അവരുടെ ഇന്നുവരെയുള്ള കഥാപാത്രങ്ങളില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അല്ലെങ്കില്‍ ഏറ്റവും മികച്ചത് എന്ന ചോദ്യത്തിനു ഒരുത്തരമേയുള്ളു ജാനു.. റാം ഓര്‍മകളില്‍ നിന്നും പുറത്ത് വരാതെ ജീവിക്കുമ്പോള്‍ ഓര്‍മകളായിരുന്നു അവളെ ജീവിപ്പിച്ചത്, തിരിച്ചു കിട്ടില്ലെന്ന പൂര്‍ണ ബോധ്യം അവള്‍ക്കുണ്ട് ആ വേദനയില്‍ തനെയാണ്‌ ഒടുവില്‍ ആ എയര്‍പോര്‍ട്ടില്‍ വെച്ചവളുടെ തൊണ്ടയിടറുന്നതും..അവള്‍ നിശബ്ദയായി പോയതും... അന്ന്‍ കോളേജില്‍ വെച്ചു ആ കുട്ടി റാമിന്റെ പേര് പറഞ്ഞിരുന്നെങ്കില്‍ അല്ലെങ്കില്‍ അവനെ ഒന്ന്‍ കണ്ടിരുനെങ്കില്‍ തങ്ങളുടെ ജീവിതം എങ്ങനെ മാറി മറിഞ്ഞേനെ എന്നവള്‍ ആ ഹോട്ടല്‍ മുറിയില്‍ വെച്ചു റാമിനോട് ചോദിക്കുന്നുണ്ട്, അതിനുള്ള ഉത്തരം പിന്നെടവള്‍ വളരെ മനോഹരമായി റാമിന്റെ വിദ്യര്‍ത്ഥികളോട് തങ്ങളുടെ പ്രണയം വിവരിച്ചു കൊണ്ട് പറയുന്നുണ്ട്.. തൃഷയെ ഒരുപ്പാട്‌ ഇഷ്ടപ്പെടുന്നത് ചിത്രത്തിലെ ഈ രംഗങ്ങളിലാണ്...

Gouri G Kishan എന്ന കൊച്ചുമിടുക്കി വരച്ചിട്ട കൌമരക്കാരി ജാനുവില്‍ നിന്നും ഇരുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ജാനകിയായി തൃഷ എത്തുമ്പോള്‍ ആ കഥാപാത്രത്തിന് ലഭിക്കുന്ന ആരവങ്ങള്‍ത്രയും ആ മിടുക്കിക്ക് അവകാശപ്പെട്ടതാണ് എന്നാല്‍ അവിടെ നിന്ന് തന്‍റെ മുന്‍കാല കഥാപാത്രങ്ങളുടെ യൊന്നും നിഴല്‍ സ്പര്‍ശിക്കാതെ ജാനുവായി അവര്‍ മാറിയിരുന്നു.. തന്‍റെ മനോഹരമായ കണ്ണുകളിലൂടെ റാമിനോടുള്ള അവളുടെ പ്രണയത്തെയും, അവനെ നഷ്ടപ്പെട്ടത്തിലുള്ള അവളുടെ ഒരിക്കലും ശമിക്കാത്ത വേദനയേയും എല്ലാം അവര്‍ പ്രേക്ഷകനിലേക്ക് എത്തിക്കുന്നു...

Adithya Bhaskar അധികം ഡയലോഗുകള്‍ ഇല്ലാതെ റാമിന്റെ ചെറുപ്പകാലത്തേ വളരെ നന്നായി തന്നെ ഈ മിടുക്കന്‍ ചെയ്തിട്ടുണ്ട്..

പിന്നെ 96നെ ഇത്രമേല്‍ ഹൃദമാക്കുന്നതില്‍ വലിയൊരു പങ്ക് വഹിച്ച ഗോവിന്ദ് മേനോന്‍റെ സംഗീതം.. കാതലേ കാതലേ എന്ന ഗാനം അടുത്തൊന്നും മനസ്സില്‍ നിന്നും പോകില്ല..പല രംഗങ്ങളിലും പശ്ചാത്തല സംഗീതം നല്‍കുന്ന അനുഭൂതി പറഞ്ഞു അറിയിക്കാന്‍ കഴിയില്ല അത്രമേല്‍ മനോഹരമായിരുന്നു... അത്
പോലെ എന്‍ ശന്മുഖതിന്റെ ഛായാഗ്രഹണം..വളരെ മനോഹരമായ ഫ്രെയിമുകള്‍ പ്രേക്ഷകന് സമ്മാനിച്ചിട്ടുണ്ട് അദ്ദേഹം..

മനസ്സിന് ഇഷ്ടപ്പെട്ട പ്രണയ ചിത്രങ്ങള്‍ ഒരുപ്പാട്‌ ഉണ്ടെങ്കിലും അവയെക്കാളൊക്കെ മനസ്സിനെ കവരുന്ന ചിത്രമായി 96നെ മാറ്റുന്നത് ഓരോ പ്രേക്ഷകനിലും ഞാന്‍ തന്നെയാണ് റാം, അല്ലെങ്കില്‍ ഞാന്‍ തന്നെയാണ് ജാനു എന്ന തോന്നലുണ്ടാക്കി കൊണ്ട് കഥ പറയാന്‍ സാധിച്ചു എന്നതിനാലാണ്.. ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ ഉണ്ടാകും എന്ന്‍ കരുതുന്നില്ല.. ചിലര്‍ക്ക് പ്രണയം മനസ്സിനെ കൊത്തി വലിക്കുന്ന ഒരു വേദനയാവാം, മറ്റുചിലര്‍ക്ക് ഇന്നും അവര്‍ നെഞ്ചോട്‌ ചേര്‍ത്ത് പിടിക്കുന്ന സുഖമുള്ള ഓര്‍മയും.. എങ്ങനെ തന്നെ ആയാലും നിങ്ങളുടെ മനസ്സ് നിറയ്ക്കും ഈ ചിത്രം എന്നതില്‍ തെല്ലും സംശയമില്ല...

റൊമ്പ ദൂരം പോയിട്ടയാ റാം.?
ഉന്നെ എങ്കൈ വിട്ടയോ അങ്ക താന്‍ നിക്കറേന്‍ ജാനു…

തിയറ്ററില്‍ നിന്നും തന്നെ കാണാന്‍ ശ്രമിക്കുക..

Sunday, 26 August 2018

154.Kolamavu Kokila


Kolamavu Kokila: Nayanthara steals the show.


Language: Tamil

Genre: Black-Comedy
Director: Nelson Dilipkumar
Writer: Nelson Dilipkumar
Stars: Nayanthara, Yogi Babu, Saranya Ponvannan

കുടുംബത്തിലെ ചില പ്രശ്നങ്ങളെ തുടര്‍ന്ന്‍ മയക്കുമരുന്ന് കടത്തേണ്ടി വരികയാണ് കോകില എന്ന സാധാരണക്കാരിയായ പെണ്‍കുട്ടിക്ക്, അത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെ അവളും കുടുംബവും എങ്ങനെ നേരിടുന്നു എന്നതാണ് ഈ ചിത്രം പറയുന്നത്.. 

കോകിലയെയും, അവളുടെ പ്രശ്നങ്ങളെയും, അവള്‍ക്ക് ചുറ്റുമുള്ള ആളുകളെയും പരിചയപ്പെടുത്തി കൊണ്ട് മുന്നേറുന്ന ആദ്യ പകുതി അവസാനിക്കുന്നത് മികച്ചൊരു പഞ്ച് നല്‍കി കൊണ്ടായിരുന്നു, അവിടുന്നങ്ങോട്ട് ചിരിയുടെ ഒരു വിരുന്ന്‍ തന്നെയാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്..

2013ല്‍ പുറത്തിറങ്ങിയ We Are The Millers എന്ന ചിത്രത്തിന്‍റെ ബേസിക് തീം മാത്രം കടമെടുത്ത്‌ അത് പൂര്‍ണമായും തമിഴ് സിനിമയ്ക്ക് ചേരുന്ന രീതിയില്‍  അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകനായ Nelson Dilipkumar. ഒരു മികച്ച ബ്ലാക്ക്‌ കോമഡി ത്രില്ലെര്‍ അണിയിച്ചൊരുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.. ക്ലൈമാക്സ്‌ മാത്രമാണ് ഒരു പോരായ്മയായി തോന്നിയത്, കുറച്ചു കൂടെ മികവുറ്റ ഒരു ക്ലൈമാക്സ്‌ പ്രതീക്ഷിച്ചിരുന്നു... 

ചിത്രത്തിലുടനീളം നയന്‍‌താര നിറഞ്ഞു നില്‍ക്കുകയാണ്, എപ്പോഴും മുഖത്ത് നിഷ്കളങ്ക ഭാവം നിറഞ്ഞു നില്‍ക്കുന്ന ഒരു സാധാരണ പെണ്‍കുട്ടിയായി വളരെ മികച്ച പ്രകടനം തന്നെ ചിത്രത്തിലുടനീളം അവര്‍ കാഴ്ച വെച്ചിരിക്കുന്നു..

രണ്ടാം പകുതിയില്‍ Yogi Babu  വും Anbu Thaasan ഉം ചേര്‍ന്ന്‍ ഒരു വശത്ത് തകര്‍ത്ത് വാരി എന്ന്‍ തന്നെ പറയാം എന്നാല്‍ ചില  രംഗങ്ങളില്‍ അവരെക്കാളും മുകളില്‍ നില്‍ക്കുന്ന കൗണ്ടറുകളുമായി വന്ന് ശരണ്യ എപ്പോഴത്തെയും പോലെ തന്‍റെ അമ്മ വേഷം മികവുറ്റതാക്കിയിരിക്കുന്നു...

അത് പോലെ ടോണിയായി അഭിനയിച്ച Kunju Ravi, അല്‍ഫോന്‍സ് ആയി മൊട്ട രാജേന്ദ്രന്‍, കോകിലയുടെ സഹോദരിയായി വേഷമിട്ട Jacqueline എന്നിവരുടെ പ്രകടനങ്ങളും,  അനിരുധിന്റെ മികച്ച പശ്ചാത്തല സംഗീതവും ഗാനങ്ങളും ചിത്രത്തെ കൂടുതല്‍ മികവുറ്റതാക്കുന്നു...

ചുരുക്കത്തില്‍ ആദ്യാവസാനം നന്നായി ആസ്വദിക്കാന്‍ കഴിയുന്ന മികച്ചൊരു ബ്ലാക്ക്‌ കോമഡി ത്രില്ലര്‍..

Tuesday, 10 July 2018

153.The Merciless

The Merciless Bulhandang (original title) (2017) : The never ending twists makes the cliched Gangster story to an engaging Action Crime movie.


Language: Korean
Genre: Action, Crime, Drama
Director: Sung-hyun Byun
Writers: Sung-hyun Byun, Min-soo Kim
Stars: Kyung-gu Sol, Si-wan Im, Kyoung-Young Lee

പ്രേക്ഷകനെ  മുൾമുനയിൽ  നിർത്തുന്ന  രംഗങ്ങളും  ഒട്ടും  തന്നെ  പ്രതീക്ഷിക്കാത്ത  ട്വിസ്റ്റുകളുമാണ് കൊറിയൻ മിസ്റ്ററി ത്രില്ലർ ചിത്രങ്ങളുടെ  പ്രത്യേകത, എന്നാൽ  തുടക്കം  മുതൽ  അവസാനം  വരെ  ട്വിസ്റ്റുകൾ  കൊണ്ട്  സമ്പന്നമായൊരു  അധോലോക  ചിത്രമാണ്  2017 ൽ  Byun Sung-hyun 'Sol Kyung-gu', 'Im Si-wan' എന്നിവരെ  കേന്ദ്രകഥാപാത്രങ്ങളായി  അണിയിച്ചൊരുക്കിയ  The  Merciless. കഥാപാത്രങ്ങളുടെ  ഓരോ  പ്രവർത്തിക്കു  പിന്നിലും  മറ്റൊരു  ഉദ്ദേശം  ഒളിഞ്ഞിരിക്കുന്നു, ചതിയുടെയും  ക്രൂരതയുടെയും  മൂർത്തീഭാവങ്ങളായി  അവർ  സിനിമയിൽ  ഉടനീളം  നിറഞ്ഞു  നിൽക്കുന്നു... 

Jae-ho ജയിലിലെ  അനധികൃത  കച്ചവടങ്ങൾക്ക്  എല്ലാം  ചുക്കാൻ  പിടിച്ചു  കൊണ്ട്  തടവുകാർക്കിടയിൽ  രാജാവായി  കഴിയുന്ന  ഇയാൾ  Ko Byung-Gab ൻ്റെ   അധോലോക സംഘത്തിലെ  രണ്ടാമനാണ് , അയാളുടെ  വലം  കൈ  എന്ന്  തന്നെ  Jae-ho യെ  വിശേഷിപ്പിക്കാം ..  തികച്ചും  യാദർശ്ചികമായാണ്  അയാൾ ജയിലിലെ  പുതിയ  അംഗമായ   Jo Hyun-Soo വിനെ  പരിചയപ്പെടുന്നത്, ജയിലിലെ  നിയമങ്ങൾക്ക്  ഒന്നും  തന്നെ  വഴങ്ങാതെ നടക്കുന്ന  Jo Hyun-Soo അധികം  വൈകാതെ  തന്നെ  Jae-ho വുമായി  സൗഹൃദത്തിലാവുന്നു..  ജയിലിൽ  നിന്നും  ആദ്യം  പുറത്തിറങ്ങിയ Jae-ho  Jo Hyun-Soo പുറത്തിറങ്ങുന്ന  ദിവസം  അവനെ  രാജകിയമായി  തന്നെ  തൻ്റെ  സംഘത്തിലേക്ക്  സ്വാഗതം  ചെയ്യുന്നു...

 പുറമെ  കണ്ടത്  പോലെ  തന്നെയാണോ  യഥാർത്ഥത്തിൽ  ഇവരുടെയെല്ലാം  മനസ്സിലും  ഉള്ളത്  ? എന്താകാം   Jo Hyun-Soo വിനെ തൻ്റെ സംഘത്തിലേക്ക്  സ്വാഗതം  ചെയ്യാൻ  Jae-ho യെ പ്രേരിപ്പിച്ചത്  ? അത്  പോലെ  തന്നെ Jo Hyun-Soo വിനെ  Jae-ho യിലേക്ക്  അടുപ്പിച്ച  ഘടകം  എന്തായിരിക്കാം  ?  ഇവർക്ക്  ചുറ്റും  ഒളിഞ്ഞും  തെളിഞ്ഞും  നടക്കുന്ന  കണ്ണുകൾ  ആരുടെയൊക്കെയാണ്  എന്താണ്  അവരുടെ  ലക്‌ഷ്യം  ? 

ഓരോരുത്തർക്കും  ഉണ്ടായിരുന്നു  തങ്ങളുടേതായ  നിഗൂഢ  ലക്ഷ്യങ്ങൾ , പറയാൻ  തങ്ങളുടേതായ  കഥകൾ .. പുറമെ എടുത്തണിഞ്ഞിട്ടുള  മുഖമൂടിക്ക്  ഉള്ളിൽ  അതീവ  സ്വാർത്ഥരും,   ഒട്ടും  തന്നെ  ദയാ ദാക്ഷിണ്യമില്ലാത്ത മുഖങ്ങളായിരുന്നു  പലർക്കും ..  

കഥ മുൻപോട്ടു  പോകുംതോറും  ഓരോ  ചോദ്യങ്ങൾക്കും  ഉത്തരം  ലഭിക്കാൻ  തുടങ്ങുന്നതിനോടൊപ്പം  ആദ്യമേ  പറഞ്ഞ  ട്വിസ്റ്റുകളുടെ  നീണ്ട  പരമ്പര  അവിടെ  തുടങ്ങുകയാണ് , ചിത്രത്തിൻ്റെ   അവസാനം  വരെ അത്തരം  ട്വിസ്റ്റുകൾ  നിറഞ്ഞു  നിൽക്കുന്നു  എന്നത്  തന്നെയാണ്  ഒരുപാട്  പറഞ്ഞു  പഴകിയ  കഥാഗതിയെ  വളരെയധികം  ആസ്വാദ്യകരമാക്കുന്നത്.. 

2017 Cannes Film Festival ൽ  ചിത്രം  പ്രദര്ശിപ്പിച്ചപ്പോൾ  ഏഴു  മിനുട്ടുകൾ നീണ്ട  Standing ovation (കാണികള്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ്‌ കൈയടിച്ചംഗീകരിക്കുന്നത്‌) ആണ്  പ്രേക്ഷകരിൽ  നിന്നും  ലഭിച്ചത്..   പ്രധാന  കഥാപാത്രങ്ങളെ  അവതരിപ്പിച്ച  എല്ലാവരും  തന്നെ  തങ്ങളുടെ  വേഷങ്ങൾ  ഒന്നിനൊന്ന്  മികവുറ്റതാക്കിയിരിക്കുന്നു  അത്  കൊണ്ട്  തന്നെ  ആരുടെയും  പേരുകൾ  എടുത്ത്  പറയുന്നില്ല...

സസ്പെൻസ്  ക്രൈം  ത്രില്ലർ  ചിത്രങ്ങളുടെ  ആരാധർക്ക്  ഒരു  വിരുന്ന്  തന്നെയായിരിക്കും  ഈ  ചിത്രം  എന്ന്   നിസംശയം  പറയാവുന്നതാണ്...  

152.Little Forest

Little Forest 'Liteul poreseuteu' (original title) (2018) : Maybe letting go can give us exactly what we’ve wanted.


Language: Korean
Genre: Drama
Director: Soon-rye Yim
Writers: Seong-gu Hwang, Daisuke Igarashi (manga)
Stars: Tae-ri Kim, Jun-yeol Ryu, So-Ri Moon

ജീവിതത്തിൽ  എന്തൊക്കെയോ  ആയിത്തീരാനും , വെട്ടിപ്പിടിക്കാനും എല്ലാം  ഉള്ള  ശ്രമങ്ങൾ  എല്ലാം  വിഫലമായി  തീർന്ന്  കഴിയുമ്പോൾ  ഏതൊരു  വ്യക്തിയും  തിരികെയെത്തുന്നത്  തന്നില്ലേ  ബാല്യവും  കൗമാരവും  എല്ലാം  മനോഹരമാക്കി  മാറ്റിയ  ഒരുപാട്  ഓർമ്മകൾ  തങ്ങിനിൽക്കുന്ന  തൻ്റെ  കുടുംബത്തിലേക്കും  , നാട്ടിലേക്കും  ആയിരിക്കും ... അത്  കൊണ്ട്  തന്നെയാവാം  ഒരു  ടീച്ചർ ആവാനുള്ള  ശ്രമവും , പ്രണയവും  പരാജയപ്പെട്ടപ്പോൾ  Hye-won നഗരത്തിലെ  ജീവിതം അപ്പാടെ  ഉപേക്ഷിച്ചു  കൊണ്ട്  അവളുടെ  കൊച്ചു  ഗ്രാമത്തിലേക്ക്  തിരിച്ചെത്തിയത് ..

അവിടെ  അവൾക്ക്  കൂട്ടായി  ഉണ്ടായിരുന്നത്  ഒരിക്കൽ  ഒരുവാക്ക്  പോലും  പറയാതെ  തന്നെ  ഉപേക്ഷിച്ചു  പോയ  അമ്മയുടെ  ഓർമകളും , പിന്നെ  കളിക്കൂട്ടു കാരായ  Jae-haയും  Eun-sook ഉം  ആയിരുന്നു... ഒരുതരത്തിൽ  അമ്മയോടുള്ള  വാശി  കൂടി  ആയിരുന്നു  അവളെ  നഗരത്തിലേക്ക്  ചേക്കേറാൻ പ്രേരിപ്പിച്ചത്. അവിടെ  തൻറേതായ  ഒരു  സ്ഥാനം  കണ്ടെത്തി  അമ്മയുടെ  സഹായം  ഇല്ലാതെ  ജീവിക്കാൻ  തനിക്ക്  സാധിക്കും  എന്ന്  തെളിയിക്കാൻ  കൂടിയുള്ള  ശ്രമമായിരുന്നു  അവയെല്ലാം ..

തിരിച്ചെത്തിയ  അവൾ അമ്മയിൽ  നിന്നും  സ്വായക്തമാക്കിയ  പാചക  നൈപുണ്യം  കൊണ്ട്  പുതിയ  പുതിയ  വിഭവങ്ങൾ  പാചകം ചെയ്യുകയും  അവ  തൻ്റെ   സുഹൃത്തുക്കളുമൊത്തു പങ്ക്  വെച്ചും  സമയം  ചിലവിടുന്നു ..  അവളുണ്ടാക്കുന്ന  ഓരോ  വിഭവത്തിനും  പങ്കുവെക്കാനുള്ളത്  അമ്മയോടൊപ്പമുള്ള  ഓർമ്മകൾ  മാത്രമാവുമ്പോൾ  അവൾ  ഏറ്റവുമധികം  വെറുക്കുന്ന  അമ്മയുടെ  പാചകരീതികളും  ഓർമകളും  തന്നെ ഓരോ  തവണ  മടങ്ങി  പോകാൻ  ഒരുങ്ങുമ്പോഴും  അവളെ  ആ  കൊച്ചു  ഗ്രാമത്തിൽ  തന്നെ  പിടിച്ചു  നിർത്താൻ  കാരണമായി  മാറുന്നു ...

എന്താണ്  അവൾക്ക്  നഗരജീവിതത്തിൽ  സംഭവിച്ചത്  ? എവിടെയാണ്  അവൾക്ക്  കാലിടറി  പോയത്  ? എന്തിനാണ്  ഒരുവാക്ക്  പോലും  പറയാതെ  'അമ്മ  അവളെ  ഉപേക്ഷിച്ചു  പോയത്  ? ഇതിനെല്ലാമുള്ള  ഉത്തരങ്ങളാണ്  മുന്പോട്ടുള്ള  ചിത്രത്തിൻ്റെ  കഥ  പറയുന്നത് ..

ഇതേ  പേരിൽ  2002 ൽ  Daisuke Igarashi എഴുതിയ  ജാപ്പനീസ്  Manga Series  നെ  ആസ്പദമാക്കി Yim Soon-rye അണിയിച്ചൊരുക്കി  ഈ  വർഷം  പുറത്തിറങ്ങിയ  ചിത്രമാണ്  Little  Forest .ആകാംഷയുടെ  മുൾമുനയിൽ  നിർത്തുന്ന  രംഗങ്ങളോ , അല്ലെങ്കിൽ  വൈകാരികമായ  രംഗങ്ങളോ , എന്തിനധികം  ഒരു  വില്ലൻ  കഥാപാത്രം  പോലുമില്ലാത്ത  ഒരു  കൊച്ചു  കൊറിയൻ  ചിത്രമാണ്  Little Forest. തുടക്കം  മുതൽ  അവസാനം  വരെ  കൊറിയൻ  ഗ്രാമീണ  ഭംഗിയും , വായിൽ  വെള്ളമൂറിക്കുന്ന  വിഭവങ്ങളും , മനസ്സിൽ  നന്മ  മാത്രം  സൂക്ഷിക്കുന്ന  സാധാരണക്കാരായ  കുറച്ചു  മനുഷ്യരുടെ  ജീവിതവും  കണ്ടു  ആസ്വദിക്കാവുന്ന  ഒരു  കൊച്ചു  നല്ല  ചിത്രം ..

ചിലപ്പോഴൊക്കെ  വിട്ടു കളയുന്നിടത്താണ്  നാം  ആഗ്രഹിച്ചത്  നമുക്ക്  ജീവിതത്തിൽ  കിട്ടുന്നത്  എന്നൊരു  സന്ദേശം  പ്രേക്ഷകനിലേക്ക്  എത്തിക്കാൻ  ശ്രമിച്ചിരിക്കുന്നു  സംവിധായകൻ .. എല്ലാത്തരം  പ്രേക്ഷകനെയും  ഈ  ചിത്രം  തൃപ്തി പ്പെടുത്തുമോ  എന്നറിയില്ല , ഫീൽ  ഗുഡ്  ഡ്രാമ  ചിത്രങ്ങൾ  ഇഷ്ടപ്പെടുന്നവരാണ്  നിങ്ങൾ  എങ്കിൽ  ഈ  ചിത്രം  നിങ്ങൾക്കുള്ളതാണ് ..

Monday, 9 July 2018

151.Be With You

Be With You (2018) : Enjoyable tale with a twist.


Language: Korean
Gnere: Fantasy, Romance
Director: Jang-Hoon Lee
Writers: Su-jin Kang, Jang-Hoon Lee, Takuji Ichikawa (novel)
Stars: Ji-seob So, Ye-jin Son, Yoo-ram Bae

മരണപ്പെട്ട വ്യക്തി  നമ്മളെ  കാണുവാനായി  ഒരു  ദിവസം  ആകാശത്തു  നിന്നും  നമുക്കരികിലേക്ക്  വന്നാൽ  എങ്ങനെയുണ്ടാവും  ?  വിചിത്രമായി  തോന്നാം..  എന്നാൽ  അങ്ങനെയൊരു  കഥയാണ്  Lee Jang-hoonന്റെ  സംവിധാനത്തിൽ , So Ji-sub, Son Ye-jin എന്നിവർ  പ്രധാനവേഷത്തിൽ  എത്തി  ഈ  വർഷം  പുറത്തിറങ്ങിയ  Be with You എന്ന കൊറിയൻ  ചിത്രം  പറയുന്നത് ..

മരണം  തന്നെ  തന്റെ  പ്രിയപ്പെട്ട  ഭർത്താവ്  Woo-jin ൽ  നിന്നും  മകൻ  Ji Ho യിൽ നിന്നും അകറ്റി കൊണ്ട്  പോകുന്നതിനു  മുൻപ്  Soo-ah തികച്ചും  അവിശ്വസിനീയമായൊരു  വാക്ക് അവർക്ക്  നൽകുന്നു , താൻ  മരിച്ചു  ഒരു വര്ഷം  കഴിഞ്ഞു  മഴയുള്ളൊരു  ദിവസം അവരിലേക്ക്‌ തിരിച്ചെത്തും... പറഞ്ഞത്  പോലെ  തന്നെ
 തൻ്റെ വാക്ക്  അവൾ  പാലിച്ചു  മഴയുള്ളൊരു  ദിവസം  അവൾ  അവര്കാരികിലേക്കു വീണ്ടും  എത്തി .. എന്നാൽ  കഴിഞ്ഞതൊന്നും  തന്നെ  അവൾക്ക്  ഓർമയില്ലായിരുന്നു ...

എങ്ങനെയാണു  മരണത്തെ  അതിജീവിച്ചു  Soo-ah തിരിച്ചുവന്നത്  ? എങ്ങനെയാണു  അവളുടെ  ഓർമ്മകൾ  എല്ലാം  നഷ്ടമായത്  ? ഇതിനെല്ലാമുള്ള  ഉത്തരങ്ങളാണ്  മുന്പോട്ടുള്ള  ചിത്രം  പറയുന്നത്

 അവതരണത്തിലെ  വ്യത്യസ്ഥത  കൊണ്ട് കൊറിയൻ   ത്രില്ലർ  ചിത്രങ്ങൾ  എത്രമാത്രം  ലോക ശ്രദ്ധ  നേടിയിട്ടുണ്ടോ   അത്രയും  തന്നെ  ലോക ശ്രദ്ധ  കൊറിയൻ  റൊമാന്റിക്  കോമഡി  ശ്രേണിയിൽ  വരുന്ന
 ചിത്രങ്ങളും  നേടിയെടുത്തിട്ടുണ്ട് .. വളരെ  ചെറിയൊരു  കഥ  അതീവ  രസകരമായി  അവതരിപ്പിക്കാനുള്ള  ഇവരുടെ  കഴിവ്  തന്നെയാണ്  അതിനു കാരണം.. ഈ  ശ്രേണിയിൽ  ഉൾപെടുത്താൻ കഴിയുന്ന  മികച്ചൊരു  ചിത്രമാണ്  Be with You. ഇതേ  പേരിൽ  തന്നെ 2004 ൽ  പുറത്തിറങ്ങിയ  ജാപ്പനീസ്  ചിത്രത്തിന്റെ  റീമേ ക്ക്  ആയിരുന്നു  ഈ  ചിത്രം.

തുടക്കം  മുതൽ  അവസാനം  വരെ  ഒട്ടും  തന്നെ ബോറടിക്കാതെ  കാണാൻ  കഴിയുന്ന  ചിത്രം  അതിൻ്റെ  ക്ലൈമാക്സ് എത്തുമ്പോൾ  അത്  വരെ  പ്രേക്ഷനിൽ  ബാക്കി  വെച്ച  എല്ലാ  ചോദ്യങ്ങൾക്കും  ഉത്തരം  നല്കുന്നതിനോടൊപ്പം വളരെ  നല്ലൊരു  ചിത്രം  കണ്ടു  തീർത്ത  സംതൃപ്തിയും  നമ്മളിൽ  ഉണ്ടാക്കുന്നു ..

കൂടുതൽ  വലിച്ചു  നീട്ടുന്നില്ല , റൊമാന്റിക്  ചിത്രങ്ങളുടെ  ആസ്വാദകർക്ക്  ഒരു  വിരുന്ന്  തന്നെയാണ്  ഈ  ചിത്രം...